ഓഹരിവിപണിയില്‍ നേട്ടം തുടരുമോ? ഈ സാഹചര്യത്തില്‍ ഏത് ഓഹരികളില്‍ നിക്ഷേപിക്കണം?

ഇന്ത്യന്‍ ഓഹരി വിപണി ഡിസംബര്‍ മാസത്തിലും നേട്ടം തുടര്‍ന്നേക്കുമെന്ന അനുമാനമാണ് വിപണി നിരീക്ഷകര്‍ക്കുള്ളത്. ഓഹരി വിദഗ്ധര്‍ ശുഭപ്രതീക്ഷ പുലര്‍ത്താന്‍ കാരണങ്ങള്‍ പലതുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ പണം ഒഴുക്കുകയാണ്. നവംബറില്‍ വിദേശ നിക്ഷേപമായി 60,358 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് വിപണിയിലേക്ക് വന്നത്. കടപ്പത്ര വിപണിയിലേക്ക് 2593 കോടി രൂപയും എത്തി. ആകെ 62,951 കോടി രൂപ നവംബര്‍ മാസത്തില്‍ മൊത്തം വിദേശ നിക്ഷേപമായി വന്നിട്ടുണ്ട് റിക്കാര്‍ഡ് തുകയാണിത്.

ഡിസംബറിലും വിദേശ നിക്ഷേപം ഇതുപോലെ വന്‍തോതില്‍ വരാന്‍ തന്നെ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് എമര്‍ജിംഗ് വിപണികളിലാണ്. ഇത് ഇന്ത്യയ്ക്ക് മെച്ചമാകും. വികസിത രാജ്യങ്ങളിലെ വിപണികളേക്കാള്‍ നേട്ടസാധ്യത വികസ്വര രാജ്യങ്ങളിലേതിനാണെന്നാണ് കണക്കുകൂട്ടല്‍. ഇതുമൂലം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍ നേട്ടത്തിനായി ഇന്ത്യന്‍ വിപണിയിലേക്ക് പണം ഒഴുക്കാന്‍ തന്നെയാണ് സാധ്യത.

കോവിഡ് വാക്സിന്‍ ഗവേഷണ രംഗത്ത് അതിവേഗ മുന്നേറ്റം പ്രകടമാകുന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ട്. അധികം വൈകാതെ ജിഡിപി നെഗറ്റീവ് ടെറിട്ടറിയില്‍ നിന്ന് പോസിറ്റീവ് വളര്‍ച്ചയിലേക്ക് വരുമെന്ന അനുമാനം ചില റേറ്റിംഗ് ഏജന്‍സികള്‍ നടത്തുന്നുണ്ട്്. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച് യഥാര്‍ത്ഥമായ ചിത്രമല്ല പുറത്തുവരുന്നതെന്ന വാദം ഇതിനിടെ ഉയരുന്നുണ്ടെങ്കില്‍ പോലും ചില മേഖലകളില്‍ ഉണര്‍വിന്റെ സൂചനകളുണ്ട്.

റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം

കോവിഡ് മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മറ്റൊരു നല്ലകാര്യം കൂടി സംഭവിച്ചിട്ടുണ്ട്. ഓഹരി നിക്ഷേപത്തെ കാര്യമായി ഗൗനിക്കാതിരുന്നവര്‍ പോലും സജീവമായി ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങി. മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നുള്ള നേട്ടം കുറഞ്ഞതും കൈയിലെ സ്മാര്‍ട്ട് ഫോണ്‍ വഴി വളരെ ലളിതമായി നിക്ഷേപിക്കാന്‍ സാധിക്കുന്നതുമെല്ലാം യുവസമൂഹത്തെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചു. ഇത്തരത്തില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ വര്‍ധിച്ച പങ്കാളിത്തം വിപണിയുടെ മുന്നേറ്റത്തിന് ഇടയാക്കുമെന്ന പ്രതീക്ഷയുണ്ട്. കര്‍ഷക പ്രക്ഷോഭം രാജ്യത്തെ വിറപ്പിക്കുന്നുണ്ടെങ്കിലും വിപണി അത് ഗൗനിക്കുന്നില്ല.

അതേ സമയം ഇന്ത്യയിലെ അതിര്‍ത്തി തര്‍ക്കങ്ങളാണെങ്കില്‍ വിപണിയെ സ്വാധീനിച്ചേനെ. ചൈനയുമായുള്ള സംഘര്‍ഷത്തിന് ഇളവ് വന്നത് നിക്ഷേപകര്‍ക്കും ആശ്വാസമാണ്. കുതിച്ചുയര്‍ന്ന സ്വര്‍ണ വില താഴേക്ക് പോകുന്നതും അസ്ഥിരമാകുന്നതും ഓഹരി വിപണിയിലേക്ക് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കും. നിരവധി കമ്പനികളുടെ ഓഹരികളുടെ ആദ്യ പൊതുവില്‍പ്പനയും ഡിസംബറിലും അടുത്ത വര്‍ഷം ആദ്യത്തിലുമായി നടക്കാനിടയുണ്ട്. ഇത് വിപണിയില്‍ ഉത്സാഹമുണ്ടാക്കുന്ന ഘടകമാണ്. യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ വന്നതും ഇന്ത്യന്‍ ഓഹരി വിപണിക്ക് ഗുണമാകും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡ്

സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മികച്ച റിസള്‍ട്ടാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ്, മോഡേണ്‍ ആപ്ലിക്കേഷന്‍സ്, ഡാറ്റ & അനലിറ്റിക്സ് ബിസിനസ് എന്നിവയില്‍ കമ്പനി മികവ് കൂട്ടികൊണ്ടിരിക്കുകയാണ്. നിലവിലുള്ള പല ബിസിനസുകളും ഡിജിറ്റൈസ് ചെയ്യുന്നത് ക്ലൗഡ് മൈഗ്രേഷന്‍, സൈബര്‍ സെക്യൂരിറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചാ സാധ്യതയാണ് ഉറപ്പാക്കുന്നത്. DWS നെ ഏറ്റെടുത്തത് ക്ലയന്റ് ബേസും സര്‍വീസ്/ പ്രൊഡക്റ്റ് പോര്‍ട്ട്ഫോളിയോ മിക്സും വിശാലമാകാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്

സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ മൊത്തം AUM, YoY അടിസ്ഥാനത്തില്‍ 18.9 ശതമാനവും ഝീഝ അടിസ്ഥാനത്തില്‍ 6.1 ശതമാനവുമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഏതാണ്ടെല്ലാ ബിസിനസ് രംഗത്തുമുള്ള കളക്ഷന്‍ കോവിഡ് കാലത്തിന് മുമ്പുണ്ടായതിന്റെ സമീപത്ത് എത്തിയിട്ടുണ്ടെങ്കിലും സ്വര്‍ണ്ണപ്പണയ വായ്പ ഒഴികെയുള്ള മേഖലകളില്‍ ആസ്തി ഗുണമേന്മ ഭാവിയില്‍ നിര്‍ണായക ഘടകമാകും. അതുകൊണ്ട്് കമ്പനി പുലര്‍ത്തുന്ന ശ്രദ്ധാപൂര്‍വ്വമായ സമീപനം ദീര്‍ഘകാലത്തില്‍ നല്ലതാണ്.

ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ്

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 10.9 ശതമാനം QoQ വരുമാന വളര്‍ച്ചയാണ് കമ്പനി കാഴ്ചവെച്ചത്. ഗ്ലോബല്‍ ജനറിക് സെഗ്്മെന്റിലുണ്ടായ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇത് സാധ്യമായതും. പ്രമുഖ വിപണികളിലെ സുസ്ഥിരമായ വളര്‍ച്ചയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന് നല്‍കുന്ന മുന്‍തൂക്കവും മീഡിയം ടേമില്‍ കമ്പനിയുടെ വളര്‍ച്ചാ സാധ്യത മികച്ചതാക്കുന്നു. ഗ്ലോബല്‍ ജനറിക് രംഗത്തെ ആര്‍ ആന്‍ഡ് ഡിയും ആഭ്യന്തര വിപണിയിലെ സാധ്യതകളും കമ്പനിയുടെ മികച്ച പ്രകടനത്തിന് പിന്തുണ പകരും.

Related Articles
Next Story
Videos
Share it