Begin typing your search above and press return to search.
ഈ ഫാദേഴ്‌സ് ഡേയില്‍ നല്‍കാന്‍, നാല് സാമ്പത്തിക സമ്മാനങ്ങള്‍

ഇന്ന് ഫാദേഴ്‌സ് ഡേ. പതിവു പോലെ പിതാവിന് ഒരു വാച്ചോ ഷര്‍ട്ടോ കൊടുത്ത് സന്തോഷിപ്പിക്കുന്നതിനു പകരം മുന്നോട്ടുള്ള ജീവിതത്തില്‍ ഉപകരിക്കുന്നൊരു സര്‍പ്രൈസ് സമ്മാനം തന്നെയാവട്ടെ ഇത്തവണ. അദ്ദേഹത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതികള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയൊക്കെയാകാം സമ്മാനം.
മാതാപിതാക്കളുടെ ഭാവി ജീവിതത്തില്‍ ഉപകരിക്കുന്ന നാല് ഉല്‍പ്പന്നങ്ങളിതാ..
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി
അദ്ദേഹത്തിന്റെ പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ആരംഭിക്കാം. ഇതുകൊണ്ട് ഏറെ ഗുണങ്ങളുണ്ട്. പ്രതിമാസ, അര്‍ധവാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തില്‍ അച്ചടക്കമുള്ള നിക്ഷേപം സാധ്യമാകും. മാത്രമല്ല, നേരിട്ട് ഓഹരികളെടുക്കുന്നതിന് വേണ്ടി വരുന്നതു പോലെ വലിയൊരു തുക ഒരുമിച്ച് മുടക്കേണ്ടതില്ല. എന്നാല്‍ കൂട്ടുപലിശയുടെ ശക്തിയില്‍ മികച്ച നേട്ടം ഉണ്ടാക്കാനാകുകയും ചെയ്യും.
മികച്ച ഡിവിഡന്റ് നല്‍കുന്ന ബ്ലുചിപ്പ് ഓഹരികള്‍
സ്‌മോള്‍ കാപ്, മിഡ്കാപ് ഓഹരികളെ അപേക്ഷിച്ച് ബ്ലൂചിപ്പ് ഓഹരികള്‍ക്ക് വില കൂടും. എന്നാല്‍ ചുരുങ്ങിയ ഓഹരികള്‍ തന്നെ ഡിവിഡന്റുകളിലൂടെ മികച്ച നേട്ടം നല്‍കും. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മികച്ച ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങുക. ഇന്‍ഫോസിസ്, ഡ്രൈവര്‍മാര്‍ അടക്കം പല ജീവനക്കാരെയും ലക്ഷപ്രഭുക്കളാക്കിയ കഥ കേട്ടിട്ടില്ലേ.
മികച്ച നിലയില്‍ ഡിവിഡന്റ് നല്‍കുന്ന ബ്ലൂചിപ് കമ്പനികളെ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇത്തരം ഓഹരികള്‍ കൈയില്‍ വെക്കുന്നതും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വിറ്റഴിക്കുന്നതും മറ്റ് ഓഹരികളേക്കാള്‍ ലാഭം നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിരനിക്ഷേപം
സ്ഥിര നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ 0.50 ശതമാനം പലിശ കൂടുതല്‍ നല്‍കുന്നുണ്ടെന്നത് അതിലൊന്നാണ്. റിട്ടയര്‍മെന്റിന് ശേഷം ഈ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് മുടങ്ങാതെ ലഭിക്കുന്ന പലിശ വരുമാനം ഒരാശ്വാസം തന്നെയായിരിക്കും. അഞ്ചു വര്‍ഷത്തേക്കുള്ള ടാക്‌സ് സേവര്‍ എഫ്ഡി തെരഞ്ഞെടുത്താല്‍ നികുതി ലാഭിക്കാനും കൂടുതല്‍ പലിശ വരുമാനം നേടാനും സഹായിക്കും. അത്യാവശ്യമെങ്കില്‍ എഫ്ഡി ഈടാക്കി വായ്പയും ലഭിക്കും. മാത്രമല്ല, സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവും ലഭിക്കും.
പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍
സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പ്രായമായ ആളുകളുടെ ആരോഗ്യപരമായ ചെലവുകള്‍ക്ക് വലിയൊരു ആശ്വാസമാണ്. നിലവിലുള്ള രോഗങ്ങള്‍ക്കും കോവിഡ് 19 ന് പോലും ആനുകൂല്യം ലഭിക്കും. കാഷ്‌ലസ് സൗകര്യം ലഭിക്കുന്നതും വലിയ ആശ്വാസമാകും. ആശുപത്രി വാസത്തിനൊപ്പം സര്‍ജറി, മാരകമായ രോഗങ്ങള്‍, അപകടത്തെ തുടര്‍ന്നുള്ള ചികിത്സ, നിലവിലുള്ള മറ്റു രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം സംരക്ഷണം ലഭിക്കും. കാലാവധി കഴിയുന്നതിന് മുമ്പു തന്നെ പുതുക്കിയാല്‍ 80 വയസ്സ് വരെയോ ചിലപ്പോള്‍ ആജീവാനന്തമോ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുകയും ചെയ്യും.
Next Story