ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒ നവംബര്‍ 22ന്, വിലയും വിശദാംശങ്ങളും അറിയാം
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (Fedfina/ഫെഡ്ഫിന) പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. 133-140 രൂപയാണ് ഓഹരിക്ക് വില (പ്രൈസ് ബാന്‍ഡ്) നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വില പ്രകാരം 1,092.6 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ടിയര്‍-1 മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിന് വിനിയോഗിക്കും.
പുതു ഓഹരികള്‍ കൂടാതെ ഫെഡറല്‍ ബാങ്കിന്റെയും മറ്റൊരു നിക്ഷേപകരായ ട്രൂ നോര്‍ത്ത് ഫണ്ടിന്റേയും ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമുണ്ടാകും (OFS). പുതു ഓഹരികള്‍ വഴി 600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക. ഒ.എഫ്.എസ് വഴി 3.5 കോടി ഓഹരികളും വിറ്റഴിക്കും. ഒ.എഫ്.എസില്‍ ഫെഡറല്‍ ബാങ്ക് 54.74 ലക്ഷം ഓഹരികളാണ് വിറ്റഴിക്കുക. ബാക്കി ഓഹരികള്‍ ട്രൂ നോര്‍ത്തും.
ജീവനക്കാര്‍ക്കായി 10 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ഫെഡ്ഫിന നീക്കിവച്ചിട്ടുണ്ട്. ഐ.പി.ഒ കാലയളവില്‍ ജീവനക്കാര്‍ക്ക് ഓഹരിവിലയില്‍ 10 ശതമാനം കിഴിവ് ലഭിക്കും. മൊത്തം ഓഹരികളുടെ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (qualified institutional buyers /QIBs) 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
നവംബര്‍ 30ന് ഓഹരികള്‍ അലോട്ട് ചെയ്യും. ഡിസംബര്‍ 4ന് യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ വരവ് വയ്ക്കും. ഡിസംബര്‍ 5ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെഡ്ഫിന