ഫെഡറല്‍ ബാങ്കിന് ഒന്നാം പാദത്തില്‍ ₹1,010 കോടിയുടെ റെക്കോഡ് ലാഭം, ഓഹരി വിലയും പുതിയ നാഴികക്കല്ല് പിന്നിട്ടു
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 18 ശതമാനം വളര്‍ച്ചയോടെ 1,009.53 കോടി രൂപ ലാഭം നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന പാദ ലാഭമാണിത്. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 853.74 കോടി രൂപയായിരുന്നു ലാഭം. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ലാഭം 906.30 കോടി രൂപയായിരുന്നു . പ്രവര്‍ത്തന ലാഭത്തിലും റെക്കോഡാണ് ഫെഡറല്‍ ബാങ്ക് കുറിച്ചത്. പ്രവര്‍ത്തന ലാഭം 1,302 കോടി രൂപയില്‍ നിന്ന് 1,501 കോടി രൂപയായി.
റെക്കോഡ് ലാഭത്തോടെ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങാന്‍ സാധിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നും ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും ഡിജിറ്റലായും നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യമെമ്പാടും എത്താന്‍ സഹായിക്കുന്നുണ്ടെന്നും ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
വിവിധ ഡെറ്റ് സെക്യൂരിറ്റികള്‍ വഴി 6,000 കോടി രൂപ സമാഹരിക്കാനും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
വായ്പയും നിക്ഷേപങ്ങളും
ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25.87 ശതമാനം ഉയര്‍ന്ന് 7,246.06 കോടിയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 4.05 ലക്ഷം കോടി രൂപയില്‍ നിന്ന് 19.92 ശതമാനം വര്‍ധിച്ച് 4.86 ലക്ഷം കോടിയായി.
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 2.22 ലക്ഷം കോടി രൂപയില്‍ നിന്ന് 2.66 ലക്ഷം കോടി രൂപയുമായി. വായ്പകള്‍ 1.83 ലക്ഷം കോടി രൂപയില്‍ നിന്ന് 2.20 ലക്ഷം കോടി രൂപയുമായി. റീറ്റെയില്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70,020.08 കോടിയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 12.20 ശതമാനം വളര്‍ച്ചയോടെ 76,588.62 കോടിയുമാണ്.
അറ്റ പലിശ വരുമാനവും നിഷ്‌ക്രിയ ആസ്തിയും
കാസ റേഷ്യോയും അറ്റ പലിശ മാർജിനും ഇടിഞ്ഞു
ബാങ്കിന്റെ കറന്റ് സേവിംഗ്‌സ് അക്കൗണ്ട് (CASA) റേഷ്യോയില്‍ നേരിയ കുറവുണ്ടായി. 2024 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ 31.85 ശതമാനത്തില്‍ നിന്ന് 29.27 ശതമാനമായാണ് കുറഞ്ഞത്. കാസാ നിക്ഷേപങ്ങളാണ് ബാങ്കുകളുടെ ഏറ്റവും ചെലവു കുറഞ്ഞ ഫണ്ടിംഗ് മാര്‍ഗം. അതിനാല്‍ കാസ റേഷ്യോ കുറഞ്ഞാല്‍ മാര്‍ജിനും കുറയും. ബാങ്കിനെ സംബന്ധിച്ച് എല്ലാം അത്ര പോസിറ്റീവ് അല്ല, അറ്റ പലിശ മാര്‍ജിനും കാസയും കുറയുന്നത് ചെറിയ ആശങ്കയാണ്.
ഓഹരിക്ക് പുതിയ ഉയരം
ഫലപ്രഖ്യാപനത്തിനു ശേഷം ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് പുതിയ റെക്കോഡ് തൊട്ടു. ഓഹരി വില ആദ്യമായി 200 രൂപയെന്ന നാഴികക്കല്ല് കടന്ന് 204 രൂപ വരെ ഉയര്‍ന്നു. നിലവില്‍ 1.29 ശതമാനം ഉയര്‍ന്ന് 200 രൂപയിലാണ് വ്യാപാരം. ഈ വര്‍ഷം ഇതുവരെ 30 ശതമാനത്തോളം നേട്ടമാണ് ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നേട്ടം 50 ശതമാനത്തിലധികവും. ജൂണ്‍ 30വരെ ബാങ്കിന് 1,518 ശാഖകളും 2041 എ.ടി.എമ്മുകളുമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 100 പുതിയ ശാഖകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഫെഡറല്‍ ബാങ്ക് ഉദ്ദേശിക്കുന്നതെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ആദ്യ പകുതിയില്‍ 35-40 ശാഖകളും ബാക്കി രണ്ടാം പകുതിയിലുമായാകും.