ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിനയ്ക്ക് ഐ.പി.ഒ അനുമതി

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (FedFina/ഫെഡ്ഫിന) പ്രാരംഭ ഓഹരി വില്‍പനയ്ക്കായി സെബിയില്‍ (SEBI) നിന്ന് അനുമതി സ്വന്തമാക്കി. കഴിഞ്ഞ ജൂലൈ അവസാനവാരമായിരുന്നു ഐ.പി.ഒയ്ക്കുള്ള അപേക്ഷ (DRHP) സെബിക്ക് ഫെഡ്ഫിന സമര്‍പ്പിച്ചിരുന്നത്.

ഫെഡ്ഫിനയുടെ ഐ.പി.ഒയില്‍ പുതിയ ഓഹരികളുണ്ടാകും. പുറമേ ഫെഡറല്‍ ബാങ്കും മറ്റൊരു നിക്ഷേപകരായ ട്രൂനോര്‍ത്ത് ഫണ്ടും (True North Fund) ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി ഓഹരികള്‍ വിറ്റഴിക്കും.
പുതു ഓഹരികളും ഒ.എഫ്.എസും
പുതിയ ഓഹരികളിറക്കി (Fresh issue) 750 കോടി രൂപയാകും ഫെഡ്ഫിന സമാഹരിക്കുക. പുറമേ, നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 7.03 കോടി ഓഹരികളും ഒ.എഫ്.എസ് വഴി വിറ്റഴിക്കും.
ഫെഡറല്‍ ബാങ്ക് 1.65 കോടി ഓഹരികളും ട്രൂനോര്‍ത്ത് 5.38 കോടി ഓഹരികളുമാണ് വിറ്റഴിക്കുക. പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള മൂലധന സമാഹരണമാണ് ഐ.പി.ഒയുടെ ലക്ഷ്യമെന്ന് ഫെഡറല്‍ ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. ഐ.പി.ഒയ്ക്ക് മുന്നോടിയായി, ഒ.എഫ്.എസിലെ ഓഹരികളില്‍ 20 ശതമാനം വരെ ഐ.പി.ഒയ്ക്ക് പുറത്ത് വിറ്റഴിച്ച് (Private placement) 150 കോടി രൂപവരെ സമാഹരിക്കാനും കമ്പനി ശ്രമിച്ചേക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it