വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഒരേപോലെ വാങ്ങുന്ന രണ്ട് കുഞ്ഞൻ ഓഹരികൾ

ഒരു കമ്പനിയിൽ ഇൻസ്റ്റിട്യൂഷണൽ ഇൻവെ​സ്റ്റേഴ്സിന്റെ ഓഹരി വിഹിതം വർധിക്കുന്നതിനെ പോസിറ്റീവായും മറിച്ചാണെങ്കിൽ നെ​ഗറ്റീവായും കണക്കാക്കാറുണ്ട്.
Stock market trading via mobile
Demat account Image : Canva
Published on

ഇന്ത്യൻ ഓഹരി വിപണിയുടെ നെടുംതൂണുകളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളും (എഫ്ഐഐ) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (ഡിഐഐ). കൈകാര്യം ചെയ്യുന്നത് ശതകോടികളാണ്. അതിനാൽ തികച്ചും ശാസ്ത്രീയ സമീപനം പുലർത്തിയും കമ്പനിയേയും സെക്ടറിനേയും കുറിച്ചുമൊക്കെ ആഴത്തിൽ പഠിച്ചതിനും ശേഷമാകും ഇക്കൂട്ടർ നിക്ഷേപം നടത്തുക. മാത്രവുമല്ല മാറ്റത്തിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ നിന്നും ഭാവിയിൽ ട്രെൻഡിങ്ങായി ഉയർന്നുവരാൻ സാധ്യതയുള്ളവയെ മുൻകൂട്ടി തിരിച്ചറിയാൻ ഇത്തരം ഇൻ​സ്റ്റിട്യൂഷണൽ ഇൻവെ​സ്റ്റേഴ്സിന് മിടുക്കുണ്ട്.

അതിനാൽ കമ്പനിയേയും സെക്ടറിനേയും സംബന്ധിക്കുന്ന ആഴത്തിൽ മറഞ്ഞുകിടക്കുന്ന വിവരങ്ങളും വിശകലനങ്ങളുമൊക്കെ എത്തിപ്പിടിക്കാൻ പൊതുവേ കഴിയാത്ത റീട്ടെയിൽ നിക്ഷേപകരെ സംബന്ധിച്ച് എഫ്ഐഐ, ഡിഐഐ തുടങ്ങിയ ഇൻസ്റ്റിട്യൂഷണൽ ഇൻവെ​സ്റ്റേഴ്സിന്റെ ഓഹരി വിഹിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിൽ നിന്നും ചില സൂചനകൾ വായിച്ചെടുക്കാനാകും. ഈയൊരു പശ്ചാത്തലത്തിൽ, സമീപകാലത്ത് എഫ്ഐഐ, ഡിഐഐ നിക്ഷേപം വർധിച്ച രണ്ട് കുഞ്ഞൻ ഓഹരികളുടെ വിശദാംശം നോക്കാം.

എൻബിസിസി (ഇന്ത്യ)

പ്രോജക്ട് മാനേജ്മെന്റ് കൺസൾ‌ട്ടൻസി, ഇപിസി സേവനങ്ങൾ, റിയൽ എ​സ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നീയ നവരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനമാണ് എൻബിസി (ഇന്ത്യ) ലിമിറ്റഡ് (BSE: 534309, NSE: NBCC). കമ്പനിക്ക് പറയത്തക്ക കടബാധ്യതകളില്ല എന്നത് ശ്രദ്ധേയം. ഏകദേശം 27,400 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തിൽ 18 ശതമാനവും ലാഭത്തിൽ 30 ശതമാനം വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 100 രൂപ നിലവാരത്തിലാണ് എൻബിസിസി (ഇന്ത്യ) ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) നാല് പാദങ്ങളിലുമായി ഈ കമ്പനിയിൽ എഫ്ഐഐയുടെ ശരാശരി ഓഹരി വിഹിതം 4.22 ശതമാനമായിരുന്നത് നടപ്പ് സാമ്പത്തിക വർഷം മൂന്ന് പാദം പിന്നിടുമ്പോഴേക്കും 5.18 ശതമാനമായി ഉയർന്നിട്ടുണ്ട്. സമാനമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാല് പാദങ്ങളിലുമായി എൻബിസിസി ഇന്ത്യയിൽ ഡിഐഐയുടെ ശരാശരി ഓഹരി വിഹിതം 9.11 ശതമാനമായിരുന്നത് നടപ്പ് സാമ്പത്തിക വർഷം മൂന്ന് പാദം പിന്നിടുമ്പോഴേക്കും 11.48 ശതമാനമായി ഉയർന്നിട്ടുണ്ട്.

ദോലത് അൽ​ഗോടെക്

സെക്യൂരിറ്റീസ് ബ്രോക്കിങ്, ട്രേഡിങ് മേഖലയിൽ രാജ്യത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളിലൊന്നാണ് ദോലത് അൽ​ഗോടെക് ലിമിറ്റഡ് (BSE: 505526, NSE: DOLATALGO). ഏകദേശം 1,400 കോടി രൂപയാണ് ഈ കമ്പനിയുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിനിടെ കമ്പനിയുടെ വരുമാനം 18 ശതമാനവും ലാഭം 9 ശതമാനം വീതവും സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 79 രൂപ നിലവാരത്തിലാണ് ദോലത് അൽ​ഗോടെക് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) നാല് പാദങ്ങളിലുമായി ഈ കമ്പനിയിൽ വിദേശ നിക്ഷേപകരുടെ ശരാശരി ഓഹരി വിഹിതം 0.30 ശതമാനമായിരുന്നത്, നടപ്പ് സാമ്പത്തിക വർഷം മൂന്ന് പാദം കഴിയുമ്പോഴേക്കും 0.36 ശതമാനമായി ഉയർന്നു. അതുപോലെ കഴിഞ്ഞ സാമ്പത്തിക വർഷം ദോലത് അൽ​ഗോടെക്കിന്റെ ഓഹരികൾ ഡിഐഐ വാങ്ങിയിരുന്നില്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷം മൂന്ന് പാദം പിന്നിടുമ്പോൾ ശരാശരി ഓഹരി വിഹിതം 0.01 ശതമാനമായിട്ടുണ്ട്.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com