വില 50 രൂപയിൽ താഴെ; കഴിഞ്ഞ ഒന്നേകാൽ വർഷമായി വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടുന്ന കുഞ്ഞൻ ബാങ്ക് ഓഹരി

2025 മാർച്ച് പാദത്തിനൊടുവിൽ ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 11.96 ശതമാനമായിരുന്നത്, 2026 മാർച്ചിനൊടുവിൽ 24.21 ശതമാനമായി കുത്തനെ വർധിച്ചു
FIIs Investing Trends In Indian Stock Market
Canva
Published on

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 2.2 ലക്ഷം കോടി രൂപയിലേറെയാണ് 2026-ൽ ഇതുവരെയായി വിദേശ നിക്ഷേപകർ (FII) പിൻവലിച്ചിട്ടുള്ളത്. രൂപയുടെ മൂല്യശോഷണം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ രാജ്യം പിന്നോക്കം പോയതുവരെയുള്ള വിവിധ പ്രതികൂല ഘടകങ്ങളാണ് വിദേശ നിക്ഷേപകരുടെ ശക്തമായ വിൽപ്പനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ മറുവശത്ത് വിദേശ നിക്ഷേപകർ കഴിഞ്ഞ 5 സാമ്പത്തിക പാ​ദങ്ങളിലായി തുടർച്ചയായി വാങ്ങിക്കൂട്ടുന്ന ഒരു കുഞ്ഞൻ ബാങ്ക് ഓഹരിയുണ്ട്. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുൻനിര സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലാണ് (BSE: 532218, NSE: SOUTHBANK) വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കഴിഞ്ഞ 15 മാസത്തിനിടെ ഇരട്ടിയിലേറെയായി വർധിച്ചത്.

2025 മാർച്ച് പാദത്തിനൊടുവിൽ ബാങ്കിലെ വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതം 11.96 ശതമാനമായിരുന്നത്, 2026 മാർച്ചിനൊടുവിൽ 24.21 ശതമാനമായി കുത്തനെ വർധിച്ചു. ബാങ്കിന്റെ ദീർഘകാല വളർച്ച സാധ്യതകളിലുള്ള സ്ഥാപന നിക്ഷേപകരുടെ ആത്മവിശ്വാസമായും ഇതിനെ വായിച്ചെടുക്കാവുന്നതാണെന്ന് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. നിലവിൽ 44 രൂപ നിലവാരത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

എന്തുകൊണ്ടാണ് തുടർച്ചയായ നിക്ഷേപം?

ആകർഷകമായ വാല്യൂവേഷൻ: ഇടത്തരം സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനങ്ങളുടെ കൂട്ടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ വാല്യൂവേഷൻ ആകർഷകമായ നിലവാരത്തിലാണുള്ളത്. പ്രൈസ്-ടു-ഏണിങ് (PE Ratio) അനുപാതം 8 മടങ്ങിലും പ്രൈസ്-ടു-ബുക്ക് (PB Ratio) അനുപാതം 1.1 മടങ്ങ് നിലവാരത്തിലുമാണ് ഇപ്പോഴുള്ളത്. സി.എസ്.ബി ബാങ്ക് ഓഹരിയുടെ പി.ഇ/പി.ബി എന്നിവ യഥാക്രമം 9.9/1.3 നിലവാരത്തിലും തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന് 8.9/1.2 നിലവാരത്തിലും ഫെഡറൽ ബാങ്കിന്റേത് 16.5/1.9 നിലവാരത്തിലുമാണ്. അതായത് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ നിലവിലെ വിപണി വില മൂല്യമതിപ്പിന്റെ (വാല്യൂവേഷൻ) അടിസ്ഥാനത്തിൽ നീതികരിക്കാനാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ശക്തമായ സാമ്പത്തിക പ്രകടനം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം (Net Profit) 203 ശതമാനം വർധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ അറ്റലാഭം 775 കോടി രൂപയായിരുന്നത് 2025-26 സാമ്പത്തിക വർഷത്തിൽ 1,455 കോടിയായി വളർന്നു. ബാങ്കിന്റെ ചരിത്രത്തിൽ കൈവരിക്കുന്ന ഏറ്റവും വലിയ വാർഷിക അറ്റാദായമാണിത്. അതുപോലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം ബിസിനസും 15 ശതമാനം വർധനയോടെ 2,23,620 കോടിയായും വർധിച്ചിട്ടുണ്ട്. ബാങ്കിലെ മൊത്തം നിക്ഷേപം 1,23,346 കോടിയാണ്.

അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടു: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിട്ടാക്കടം ​ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) അനുപാതം 1.77% താഴ്ന്ന് 1.43 ശതമാനത്തിലേക്ക് എത്തിച്ചേർന്നു. അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 0.29 ശതമാനത്തിലേക്കും ചുരുങ്ങി.

പ്രവർത്തനങ്ങളിലെ ഉണർവ്: സേവിങ്സ് അക്കൗണ്ടും കറന്റ് അക്കൗണ്ടും തമ്മിലുള്ള കാസ (CASA) ബാലൻസ് ​ഗണ്യമായി വളർന്നിട്ടുണ്ട്. ബാങ്ക് ശാഖകളുടെ പ്രവർത്തനക്ഷമതയും വർധിച്ചു. റീട്ടെയിൽ, എം.എസ്.എം.ഇ വിഭാ​ഗങ്ങളിലെ ബിസിനസ് സാന്നിധ്യം ശക്തമാക്കുന്നുണ്ട്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കാര്യക്ഷമത ആർജിക്കുന്നതിനായി ഡിജിറ്റിൽവത്കരണത്തിനും ഊന്നൽ നൽകുന്നുണ്ട്. കേരളത്തിലും ദക്ഷിണേന്ത്യയിലും ശക്തമായ സാന്നിധ്യം അറിയിക്കാനായിട്ടുണ്ട്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com