വൻകിട നിക്ഷേപകരുടെ ശ്രദ്ധ ഗ്രീൻ എനർജി സെക്ടറിൽ; ഈ 4 ഓഹരികൾ അടുത്ത മൾട്ടിബാ​ഗറാകുമോ?

സോളാർ മുതൽ ഗ്രീൻ ഹൈഡ്രജൻ വരെ നീളുന്ന പുനരുപയോ​ഗ ഊർജ്ജ മേഖലയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുപോലെ ഓഹരി വിഹിതം വർധിപ്പിക്കുന്ന നാല് കമ്പനികളുണ്ട്.
Green Energy Shares
Canva
Published on

ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഓഹരി വിപണിയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. 2030-ഓടെ രാജ്യത്ത് നിന്നും 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ വലിയ വളർച്ചാ സാധ്യതകൾ കണ്ട് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ, തങ്ങളുടെ നിക്ഷേപവിഹിതം വർധിപ്പിക്കുകയാണ്. സോളാർ മുതൽ ഗ്രീൻ ഹൈഡ്രജൻ വരെ നീളുന്ന ഈ മേഖലയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളും (FII) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (DII) ഒരുപോലെ ഓഹരി വിഹിതം വർധിപ്പിക്കുന്ന നാല് കമ്പനികളുടെ വിശദാംശങ്ങൾ നോക്കാം.

വാരി എനർജീസ്

ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ഫോട്ടോവോൾട്ടിക് മൊഡ്യൂൾ അഥവാ സോളാർ പാനൽ നിർമ്മാതാക്കളാണ് വാരി എനർജീസ് ലിമിറ്റഡ് (BSE: 544277, NSE: WAAREEENER). രാജ്യത്ത് 5 നിർമാണ കേന്ദ്രങ്ങളുള്ള ഈ കമ്പനിക്ക് വിദേശ വിപണികളിലും ശക്തമായ ബിസിനസ് സാന്നി​ധ്യമുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലായി വാരി എനർജീസിൽ വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഒരുപോലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നുണ്ട്. നിലവിൽ വിദേശ നിക്ഷേപകർക്ക് 7.06 ശതമാവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് 4.32 ശതമാനം വീതവും ഓഹരി വിഹിതം സ്വന്തമായുണ്ട്.

അതേസമയം 53,000 കോടി രൂപയുടെ കരാറുകളാണ് (ഓർ‍ഡർ ബുക്ക്) വാരി എനർജീസ് ഇതിനകം കരസ്ഥമാക്കിയിട്ടുള്ളത്. ഇത് കമ്പനിയുടെ ഭാവി വരുമാന സാധ്യത ഉറപ്പാക്കുന്നു. സോളാർ പി.വി മൊഡ്യൂളുകൾക്ക് ആഗോളതലത്തിൽ ഡിമാൻഡ് വർധിക്കുന്നത് കമ്പനിയുടെ കയറ്റുമതി സാധ്യതകളെയും മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 3,209 ​രൂപ നിലവാരത്തിലാണ് വാരി എനർജീസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ഐനോക്സ് വിൻഡ്

കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള യന്ത്രങ്ങളുടെ (വിൻഡ് ടർബൈൻ ജനറേറ്റർ) നിർമ്മാണത്തിലും പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ഐനോക്സ് വിൻഡ് ലിമിറ്റഡ് (BSE: 539083, NSE: INOXWIND). നിലവിൽ 3.2 ജിഗാവാട്ട് ശേഷിയുള്ള പദ്ധതികളുടെ ഓർഡർ കൈവശമുള്ള ഈ മിഡ് ക്യാപ് കമ്പനിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ തുടർച്ചയായി വിഹിതം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക പാദങ്ങളിലും വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഐനോക്സ് വിൻഡിലുള്ള ഓഹരി പങ്കാളിത്തം ക്രമാനു​ഗതമായി ഉയർത്തി. നിലവിൽ വിദേശ നിക്ഷേപകർക്ക് 14.60 ശതമാനവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് 10.96 ശതമാനം വീതവുമാണ് ഓഹരി വിഹിതമുള്ളത്.

കടബാധ്യതകൾ കുറയ്ക്കാനുള്ള കമ്പനിയുടെ സമീപകാല ശ്രമങ്ങൾ, ബാലൻസ് ഷീറ്റിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതാണ് വൻകിട നിക്ഷേപകരെ ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ 100 ​രൂപ നിലവാരത്തിലാണ് ഐനോക്സ് വിൻഡ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

പ്രീമിയർ എനർജീസ്

സോളാർ സെൽ, സോളാർ മൊഡ്യൂൾ നിർമ്മാണ രംഗത്തെ മുൻനിര കമ്പനികളിലൊന്നാണ് പ്രീമിയർ എനർജീസ് ലിമിറ്റഡ് (BSE: 544238, NSE: PREMIERENE). സമീപകാലത്തായി ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ താത്പര്യം ഈ മിഡ് ക്യാപ് ഓഹരിയിൽ ഗണ്യമായി വർധിച്ചതായി കാണാം. നിലവിൽ വിദേശ നിക്ഷേപകർക്ക് 5.72 ശതമാനവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് 13.60 ശതമാനം വീതവുമാണ് ഓഹരി വിഹിതം സ്വന്തമായുള്ളത്.

ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായുള്ള കമ്പനിയുടെ പുതിയ പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചയ്ക്ക് സഹായകരമാകുമെന്ന പ്രതീക്ഷയാണ് വൻകിട നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കുന്നത്. നിലവിൽ 1,000 ​രൂപ നിലവാരത്തിലാണ് പ്രീമിയർ എനർജീസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ടാറ്റ പവർ

പുനരുപയോഗ ഊർജ്ജ ഉത്പാദനം മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വരെ നീളുന്ന വൈവിധ്യമാർന്ന ബിസിനസ് മോഡലാണ് ടാറ്റ പവർ കമ്പനിക്കുള്ളത് (BSE: 500400, NSE: TATAPOWER). ക്ലീൻ എനർജി ഇക്കോസിസ്റ്റത്തിൽ കമ്പനി പുലർത്തുന്ന സമഗ്രമായ സമീപനം ഭാവിയിൽ വൻ വളർച്ച സാധ്യതകൾ മുന്നോട്ടുവെക്കുന്നു. അതേസമയം ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് ടാറ്റ പവർ കമ്പനിയിൽ ​ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ട്. നിലവിൽ വിദേശ നിക്ഷേപകർക്ക് 10.04 ശതമാനവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് 17.98 ശതമാനം വീതവുമാണ് ഓഹരി വിഹിതം കരസ്ഥമാക്കിയിട്ടുള്ളത്. നിലവിൽ 433 ​രൂപ നിലവാരത്തിലാണ് ടാറ്റ പവർ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

ഗ്രീൻ എനർജി സെക്ടറിലെ ഓഹരികൾ വലിയ വളർച്ചാ സാധ്യതകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചില സാങ്കേതിക വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്:

  • മൂല്യമതിപ്പ് (Valuation): ഈ മേഖലയിലെ പല ഓഹരികളും ഉയർന്ന പി.ഇ (P/E) അനുപാതത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇത് ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിലെ തിരുത്തലുകൾക്കുള്ള സാധ്യത തുറന്നിടുന്നു.

  • നയപരമായ സ്വാധീനം: ഗവൺമെന്റ് സബ്‌സിഡികൾ, ഇറക്കുമതി തീരുവകൾ, പി.എൽ.ഐ സ്കീമുകൾ എന്നിവയിലെ മാറ്റങ്ങൾ ഈ സെക്ടറിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലാഭക്ഷമതയെ നേരിട്ട് ബാധിക്കുന്നതാണ്.

  • കടബാധ്യത: അടിസ്ഥാന സൗകര്യ വികസനത്തിന് വൻതോതിൽ മൂലധനം ആവശ്യമായതിനാൽ, കമ്പനികളുടെ കടബാധ്യത (ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം) കൃത്യമായി വിശകലനം ചെയ്യേണ്ടതാണ്.

ചുരുക്കത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നതിനെ ഒരു പോസിറ്റീവ് ട്രെൻഡ് സൂചനയായി എടുക്കാമെങ്കിലും, ഓരോ കമ്പനിയുടെയും സാമ്പത്തിക ഭദ്രതയും മാനേജ്മെന്റ് കാര്യക്ഷമതയും വിലയിരുത്തിക്കൊണ്ടുള്ള ദീർഘകാല നിക്ഷേപമാണ് ​ഗ്രീൻ എനർജി സെക്ടറിൽ അഭികാമ്യം എന്നാണ് അനലി​സ്റ്റുകളുടെ പൊതുവായ അഭിപ്രായം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com