ഇതിൽ നിന്നുള്ള സൂചനയെന്ത്? വിദേശ നിക്ഷേപകർ പിന്മാറുന്ന 10 ലാർജ് ക്യാപ് ഓഹരികൾ

എഫ്ഐഐ വിഹിതം താഴ്ന്നിട്ടുള്ളതിലെ 38 ഓഹരികളുടെ വിപണി വിലയിൽ ഇടിവ് നേരിട്ടു. ഇതിലെ 23 ഓഹരികളിൽ 10 മുതൽ 35 ശതമാനം വരെ നഷ്ടമാണ് കഴിഞ്ഞ 12 മാസത്തിനിടെ കുറിച്ചത്.
stocks caused highest investor losses
Image courtesy: Canva
Published on

ഇക്കഴിഞ്ഞ ഡിസംബർ പാദത്തിനിടെയുള്ള ലി​സ്റ്റഡ് കമ്പനികളുടെ ഷെയർ​ഹോൾഡിങ്സ് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായതോടെ, ഒരു വ്യക്തമായ ട്രെൻഡ് പ്രകടമായിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ 74 ലാർജ് ക്യാപ് കമ്പനികളിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്ഐഐ) ഓഹരി വിഹിതം താഴ്ന്നിട്ടുള്ളതായി കാണാം.

ഇത്തരത്തിൽ എഫ്ഐഐ വിഹിതം താഴ്ന്നിട്ടുള്ളതിലെ 38 ഓഹരികളുടെ വിപണി വിലയിൽ ഇടിവ് നേരിട്ടു. ഇതിലെ 23 ഓഹരികളിൽ 10 മുതൽ 35 ശതമാനം വരെ നഷ്ടമാണ് കഴിഞ്ഞ 12 മാസത്തിനിടെ കുറിച്ചത്. ഈയൊരു പശ്ചാത്തലത്തിൽ വി​ദേശ നിക്ഷേപകരുടെ വിഹിതം താഴ്ന്നതും 20 ശതമാനത്തിലേറെ ഇടിവ് നേരിട്ടതുമായ 10 ലാർജ് ക്യാപ് ഓഹരികളുടെ വിശദാംശം നോക്കാം. കൂടാതെ എഫ്ഐഐ ഓ​ഹരി വിഹിതം താഴുന്ന ഓഹരികളുടെ ട്രെൻഡിൽ നിന്നും റീട്ടെയിൽ നിക്ഷേപകർ എന്ത് മനസ്സിലാക്കണെന്നും അറിയാം.

എന്തുകൊണ്ട് പ്രാധാന്യം?

സാധാരണ​ഗതിയിൽ ഒരു കമ്പനിയിൽ വമ്പൻ നിക്ഷേപം നടത്തുന്നവരാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ. കൂടാതെ നിക്ഷേപത്തിൽ ശാസ്ത്രീയ സമീപനം പുലർത്തുന്നവരായതിനാൽ ആ കമ്പനികൾ പ്രവർത്തിക്കുന്ന സെക്ടറിനെ കുറിച്ചുള്ള ചില സൂചനകളും എഫ്ഐഐ ഓഹരി വി​ഹിതത്തിലുണ്ടാകുന്ന മാറ്റത്തിൽ നിന്നും വായിച്ചെടുക്കാനാകും. ഈ രണ്ട് ഘടകങ്ങളും കൊണ്ട് തന്നെ വിദേശ നിക്ഷേപകർ ഒരു ഓഹരിയിൽ ഉയർത്തുന്ന വിൽപ്പന സമ്മർദത്തിന് അതിന്റെ വിപണി വിലയേയും പ്രതികൂലമായി സ്വാധീനിക്കാൻ ഒരുപരിധി വരെ കഴിയുന്നതാണ്. ഇത് ഓഹരിയിൽ താത്കാലിക ചാഞ്ചാട്ടത്തിനും വഴിതെളിക്കുന്നു.

അതേസമയം വിദേശ നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ കുറവുണ്ടാകുന്നു എന്നതുകൊണ്ട് മാത്രം കമ്പനിയുടെ ഫണ്ടമെന്റൽ ഘടകങ്ങൾ മോശമായെന്ന് വിലയിരുത്തുന്നത് ഉചിതമല്ല. ചിലപ്പോഴൊക്കെ ​ആ​ഗോള നിക്ഷേപക തന്ത്രത്തിന്റെ ഭാ​ഗമായുള്ള പോർട്ട്ഫോളിയോ റീബാലൻസിങ്ങിന്റെ ഭാ​ഗമായും എഫ്ഐഐ ഓഹരി വിഹിതം താഴ്ത്താറുണ്ടെന്നതും വിസ്മരിക്കരുത്.

എഫ്ഐഐ വിഹിതം താഴ്ന്ന 10 ലാർജ് ക്യാപ് ഓഹരികൾ

ട്രെന്റ് - ഡിസംബർ പാദത്തിനിടെ എഫ്ഐഐ വിഹിതം 16.81 ശതമാനത്തിൽ നിന്നും 15.62 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഈ കൺസ്യൂമർ സർവീസസ് ഓഹരി വിലയിൽ 35% ഇടിവ് നേരിട്ടു. നിലവിൽ 3,790 രൂപ നിലവാരത്തിലാണ് ട്രെന്റ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

ഐടിസി - ഡിസംബർ പാദത്തിൽ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 37.4 ശതമാനത്തിൽ നിന്നും 36.1 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ എഫ്എംസിജി ഓഹരി വിലയിൽ 27% നഷ്ടം കുറിച്ചു. നിലവിൽ 319 രൂപ നിലവാരത്തിലാണ് ഐടിസി ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

എബിബി ഇന്ത്യ - ഇക്കഴിഞ്ഞ ഡിസംബർ പാദത്തിനിടെ എഫ്ഐഐ വിഹിതം 8.3 ശതമാനത്തിൽ നിന്നും 7.6 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഈ ക്യാപിറ്റൽ ​ഗുഡ്സ് ഓഹരി വിലയിൽ 26% ഇടിവ് നേരിട്ടു. നിലവിൽ 4,750 രൂപ നിലവാരത്തിലാണ് എബിബി ഇന്ത്യ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

വിപ്രോ - ഡിസംബർ പാദത്തിൽ വിദേശ നിക്ഷേപകർക്ക് കമ്പനിയിലുള്ള ഓഹരി വിഹിതം 8.4 ശതമാനത്തിൽ നിന്നും 8.2 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ഐടി ഓഹരി വിലയിൽ 22% നഷ്ടം കുറിച്ചു. നിലവിൽ 235 രൂപ നിലവാരത്തിലാണ് വിപ്രോ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്

കൂടുതൽ ഇടിവ് നേരിട്ട മറ്റ് പ്രധാന ഓഹരികൾ

  • ആർഇസി

  • അദാനി ടോട്ടൽ ​ഗ്യാസ്

  • എൻപിടി ​ഗ്രീൻ എനർജി

  • മാൻകൈൻഡ് ഫാർമ

  • അദാനി എന്റർപ്രൈസസ്

  • ഹാവെൽസ് ഇന്ത്യ

  • ഡിഎൽഎഫ്

എഫ്ഐഐ വിഹിതം താഴ്ന്നപ്പോൾ ഈ 7 ലാർജ് ക്യാപ് ഓഹരികളിൽ 18 ശതമാനം മുതൽ 22 ശതമാനം വരെ ഇടിവാണ് കഴിഞ്ഞ 12 മാസത്തിനിടെ രേഖപ്പെടുത്തിയത്.

Disclaimer:

മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com