

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2026ലെ ആദ്യ നാല് മാസത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2 ലക്ഷം കോടി രൂപ. ഈ വര്‍ഷം അവസാനിക്കാന്‍ എട്ടു മാസം കൂടി ബാക്കിനില്‍ക്കേ ഇത്തരത്തില്‍ വലിയൊരു വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയുന്നത് വിപണിക്ക് വലിയ ക്ഷീണമാണ്. ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യയെക്കാള്‍ വളര്‍ച്ചാ സാധ്യതയുള്ള മറ്റ് ഏഷ്യന്‍ വിപണികളിലേക്കുള്ള പുനര്‍വിന്യാസവുമാണ് വിദേശ നിക്ഷേപക മാറ്റത്തിനുള്ള പ്രധാന കാരണം.
നാഷ്ണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (NSDL) കണക്കനുസരിച്ച് ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത് 1.98 ലക്ഷം കോടി രൂപയാണ്. 2025ല്‍ മൊത്തമായി പിന്‍വലിച്ചത് 2.4 ലക്ഷം കോടി രൂപ മാത്രമായിരുന്നു. 2024ല്‍ ഇത് 1.29 ലക്ഷം കോടി രൂപയുമായിരുന്നു.
2024 പകുതിയോടെ വിദേശ നിക്ഷേപകരുടെ വില്പനയില്‍ പ്രകടമായ മാറ്റങ്ങള്‍ തുടങ്ങിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഹരിവിലകള്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ മുന്നോട്ട് പോയത്, കമ്പനികളുടെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ച പ്രകടമാക്കാത്തത്, ഭൗമരാഷ്ട്രീയ രംഗത്തെ പ്രതിസന്ധികള്‍ എന്നിവയെല്ലാം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ സ്വാധീനിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) മുന്നേറ്റം ഐടി, ബാങ്കിംഗ് മേഖലകളില്‍ ചൈന, ദക്ഷിണകൊറിയ, തായ് വാന്‍ തുടങ്ങിയ വിപണികളേക്കാള്‍ പരിമിതമായ തോതിലായിരിക്കുമെന്ന വിലയിരുത്തലുകള്‍ ഈ സ്റ്റോക്കുകളുടെ ഇടിവിന് കാരണമായി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ്ഓയില്‍ വിലയില്‍ വലിയ കയറ്റത്തിന് വഴിയൊരുക്കിയതും ഇതുമൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ സമ്മര്‍ദത്തിലേക്ക് എത്തപ്പെട്ടതും നിക്ഷേപം വഴിതിരിഞ്ഞു പോകാന്‍ ഇടയാക്കി. യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഘാതമായി മാറി.
യുഎസ് ബോണ്ടുകളില്‍ നിന്നുള്ള നിക്ഷേപനേട്ടം കുത്തനെ വര്‍ധിച്ചതും വിദേശ നിക്ഷേപകര്‍ ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് പിന്മാറാനുള്ള കാരണമായി. 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം കുത്തനെ കൂടിയത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മനോഭാവത്തില്‍ പ്രതിഫലിച്ചു.
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ വിദേശ നിക്ഷേപക സാന്നിധ്യം 15 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് 15 വര്‍ഷത്തെ കുറഞ്ഞ നിരക്കാണ്. ഇന്ത്യയേക്കാള്‍ വിപണി സാധ്യത കൂടി നില്‍ക്കുന്ന മാര്‍ക്കറ്റുകളിലേക്കാണ് വിദേശ നിക്ഷേപകര്‍ നീങ്ങുന്നത്. ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് വര്‍ധിച്ചു. സെമികണ്ടക്ടര്‍, എഐ രംഗത്ത് കൂടുതല്‍ മേധാവിത്വമുള്ളത് ദക്ഷിണകൊറിയ, തായ്‌വാന്‍ വിപണികളെ കൂടുതല്‍ ആകര്‍ഷകമാക്കി.
തായ് വാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 2026ല്‍ 40 ശതമാനത്തിന് മുകളിലാണ് വളര്‍ന്നത്. ദക്ഷിണകൊറിയയുടെ kospi 62 ശതമാനവും ജപ്പാനീസ് Nikkei 18 ശതമാനം നേട്ടവും രേഖപ്പെടുത്തി.
അതേസമയം, സെക്കന്‍ഡറി വിപണിയില്‍ നിന്ന് വിറ്റൊഴിവാകുമ്പോഴും പ്രാഥമിക വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്പര്യം നഷ്ടപ്പെട്ടിട്ടില്ല. 2024ല്‍ 1.21 ലക്ഷം കോടി രൂപയും 2025ല്‍ 73,910 കോടി രൂപയും 2026ല്‍ ഇതുവരെ 12,156 കോടി രൂപയും വിദേശ നിക്ഷേപകരുടെ നിക്ഷേപമായെത്തി. ഐപിഒകള്‍ കൂടുതല്‍ ഉയര്‍ന്ന സാധ്യത നല്കുന്നതാണ് ട്രെന്റ് മാറാന്‍ കാരണം.
മിഡില്‍ഈസ്റ്റ് യുദ്ധം ലോകരാജ്യങ്ങളെ ബാധിച്ചെങ്കിലും ഇന്ത്യയുടെ 2026-27 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം വലിയതോതില്‍ താഴ്ത്താന്‍ ഐഎംഎഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തയാറായിട്ടില്ല. ഇത് ഭാവി ശോഭനമാണെന്ന വിലയിരുത്തലായി വിദഗ്ധര്‍ കരുതുന്നു. പശ്ചിമേഷ്യയില്‍ സമാധാനം കൈവരികയും എണ്ണവില കുത്തനെ കുറയുകയും ചെയ്യുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ കുതിപ്പുണ്ടാകുമെന്നാണ് കരുതുന്നത്.
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടാനായത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. സാമ്പത്തികരംഗത്ത് പരിഷ്‌കാരങ്ങള്‍ക്ക് വേഗത കൂട്ടാന്‍ മോദിക്ക് ഈ ജനവിധി ഊര്‍ജ്ജം പകരും.
ജിഎസ്ടി പരിഷ്‌കാരം വാഹനവിപണി മുതല്‍ എഫ്എംസിജി സെക്ടര്‍ വരെ പോസിറ്റീവ് വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്നും സാമ്പത്തികരംഗത്ത് ഇതേ ഊര്‍ജ്ജത്തില്‍ മുന്നോട്ടുപോകുമെന്ന ആത്മവിശ്വാസവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് വൈകിപ്പിച്ചേക്കില്ല.
Read DhanamOnline in English
Subscribe to Dhanam Magazine