വിദേശ നിക്ഷേപകര്‍ ചതിച്ചാശാനേ! ഓഹരി വിപണിക്ക് ഇന്നും നഷ്ടക്കച്ചവടം, എന്താണ് സംഭവിക്കുന്നത്?

നിഫ്റ്റി ബാങ്ക് സൂചിക ഇന്നത്തെ വ്യാപാരത്തിനിടെ കാര്യമായി ഇടിഞ്ഞു
വിദേശ നിക്ഷേപകര്‍ ചതിച്ചാശാനേ! ഓഹരി വിപണിക്ക് ഇന്നും നഷ്ടക്കച്ചവടം, എന്താണ് സംഭവിക്കുന്നത്?
Published on

ആഗോള വിപണികളിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തുന്നു. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലും സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്സ് 120 പോയിന്റ് ഇടിഞ്ഞ് 84,559 ലും എന്‍എസ്ഇ നിഫ്റ്റി 42 പോയിന്റ് നഷ്ടത്തില്‍ 25,818 ലുമാണ് ക്ലോസ് ചെയ്തത്.

വലിയ കമ്പനികളേക്കാള്‍ വിപണിയിലെ ഇടത്തരം, ചെറുകിട ഓഹരികളിലാണ് (Mid-cap & Small-cap) ഇന്ന് വന്‍ വില്‍പന സമ്മര്‍ദ്ദം പ്രകടമായത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.54 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.78 ശതമാനവും ഇടിഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ 91.08 ല്‍ എത്തിയിരിക്കുകയാണ് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു.

കൂടാതെ ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനം വരാനിരിക്കുന്നതും നിക്ഷേപകരെ മുന്‍കരുതല്‍ എടുക്കാന്‍ പ്രേരിപ്പിച്ചു.

അതേസമയം, യുഎസിലെ തൊഴില്‍ വിപണിയില്‍ നിന്നുള്ള ദുര്‍ബലമായ കണക്കുകള്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള (Recession) ആശങ്കകള്‍ വര്‍ധിപ്പിക്കുകയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയേക്കുമെന്ന പ്രതീക്ഷകള്‍ക്ക് ബലം നല്‍കുകയും ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളില്‍ യുഎസ് ഫെഡ് പലിശ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങളായിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുകയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ ചൂണ്ടിക്കാട്ടി.

Performance of Nifty Indices
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

വിവിധ സൂചികകളെടുത്താല്‍ ഐടി, പ്രൈവറ്റ് ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ വിപണിയെ താഴേക്ക് വലിച്ചു. അതേസമയം മെറ്റല്‍, എനര്‍ജി ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.

ഇന്നത്തെ തകര്‍ച്ചയ്ക്ക് പ്രധാനമായും വഴിതെളിച്ചത് ബാങ്കിംഗ് മേഖലയിലെ വലിയ കമ്പനികളാണ്. നിഫ്റ്റി ബാങ്ക് സൂചിക ഇന്നത്തെ വ്യാപാരത്തിനിടെ കാര്യമായി ഇടിഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് , ആക്‌സിസ് ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ കാര്യമായ കുറവുണ്ടായി. പ്രധാന ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായതാണ് ബാങ്ക് സൂചികയെ ബാധിച്ചത്.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയ പ്രമുഖ ഓഹരികള്‍. അതേസമയം, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഐ.ടി.സി എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

Nifty 200 Losers

ഇടിവില്‍ ഇവര്‍

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (IOB) 3 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഓഹരി വില 6 ശതമാനത്തിലധികം ഇടിഞ്ഞു.

അക്‌സോ നോബല്‍ ഇന്ത്യ ബ്ലോക്ക് ഡീലിലൂടെ 5.19 ദശലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഏകദേശം 14 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പ്രൊമോട്ടര്‍ വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 26 ദശലക്ഷം ഓഹരികള്‍ 34.99 രൂപ നിരക്കില്‍ വിറ്റഴിച്ചതോടെ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ (Ola Electric) ഓഹരി വില 5 ശതമാനത്തിനടുത്ത് താഴ്ന്നു.

മുന്‍ പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് പുതിയ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതോടെ സമ്മാന്‍ ക്യാപിറ്റല്‍ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും 5 ശതമാനം ഇടിഞ്ഞു.

Nifty 200 Gainers
നേട്ടത്തില്‍ ഇവര്‍

മുന്നേറ്റത്തില്‍ ഈ ഓഹരികള്‍

യുബിഎസ് 'ബൈ' (Buy) റേറ്റിംഗ് നല്‍കിയതിനെത്തുടര്‍ന്ന് വന്‍തോതില്‍ വ്യാപാരം നടന്ന മീഷോ ഓഹരികള്‍ 20 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 2025ലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഐ.പി.ഒ ആയി ഇതോടെ മീഷോ മാറി. ലിസ്റ്റിംഗിനു ശേഷം 95 ശതമാനത്തിനടുത്താണ് ഓഹരി വിലയുടെ കയറ്റം.

വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ഹിന്ദുസ്ഥാന്‍ സിങ്ക് ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി. ഡിസംബര്‍ 19-ന് ഫണ്ട് സമാഹരണ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ബോര്‍ഡ് അറിയിച്ചതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരിയും 2 ശതമാനം ഉയര്‍ന്നു.

പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (PNGRB) 'വണ്‍ നേഷന്‍, വണ്‍ താരിഫ്' (One Nation, One Tariff) നടപ്പിലാക്കുമെന്ന് അറിയിച്ചതോടെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് (Indraprastha Gas) 5 ശതമാനത്തിലധികം കുതിച്ചു.

മൊത്തത്തിലുള്ള വിപണി തളര്‍ച്ചയ്ക്കിടയിലും പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കരുത്ത് കാട്ടി. കാനറ ബാങ്ക് രണ്ട് ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. മാനേജിംഗ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തിവാരിയുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയതിനു പിന്നാലെ എസ്.ബി.ഐ ഓഹരി രണ്ട് ശതമാനത്തിനടുത്ത് നേട്ടത്തിലായി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരിയും ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ച്ചയിലാണ്.

മങ്ങി മങ്ങി കേരള ഓഹരികള്‍

മുഖ്യ സൂചികകള്‍ക്ക് തുല്യമായ പ്രകടനമാണ് കേരള കമ്പനികളും കാഴ്ചവച്ചത്. മിക്ക ഓഹരികളും ഇടിവ് രേഖപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് നിഫ്റ്റി 200ലെ നഷ്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ എത്തി. അബേറ്റ് ഇന്‍ഡസ്ട്രീസ്, പാറ്റ്‌സിന്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നിവ നാല് ശതമാനത്തിനു മുകളില്‍ നഷ്ടം രേഖപ്പെടുത്തി.

Performance of Kerala based stocks
കേരള ഓഹരികളുടെ പ്രകടനം

സെല്ല സ്‌പേസ് ഒഴികെ കേരള കമ്പനികളില്‍ ഒന്നു പോലും ഇന്ന് രണ്ട് ശതമാനത്തിനു മുകളില്‍ നേട്ടം സ്വന്തമാക്കിയില്ല.

കേരളം ആസ്ഥാനമായുള്ള ബാങ്ക് ഓഹരികളെല്ലാം തന്നെ ഇന്ന് പച്ചപ്പില്‍ തുടര്‍ന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സും മൈക്രോഫിന്നും ഒഴികെയുള്ളവയും നേട്ടത്തിലായി.

Foreign investors pull out funds, leading to continued losses in Indian stock markets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com