

ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ (2026 മാർച്ച് 13) വ്യാപാരത്തിൽ 10,716 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റഴിച്ചത്. 2025 ഒക്ടോബർ 28-ന് ശേഷം വിദേശ നിക്ഷേപകർ നടത്തുന്ന ഏറ്റവും വലിയ പ്രതിദിന വിൽപ്പനയാണിത്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ മാത്രം വിദേശ നിക്ഷേപകരുടെ അറ്റ വിൽപ്പന (Net Selling) 35,053 കോടി രൂപയാണ്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ പ്രധാന അടിസ്ഥാന സൂചികകളായ നിഫ്റ്റിയും സെൻസെക്സും 5 ശതമാനം ഇടിവാണ് നേരിട്ടത്. ഈ വർഷം ഇതുവരെയായി 1,07,575 കോടിയുടെ വിൽപ്പന എഫ്ഐഐ നടത്തിക്കഴിഞ്ഞു.
2024 സെപ്റ്റംബറിന് ശേഷമാണ് ഇന്ത്യൻ വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായി തുടങ്ങിയത്. പ്രധാന സൂചികയായ എൻഎസ്ഇ നിഫ്റ്റി 26,200 നിലവാരം ആദ്യമായി മറികടന്നതും ആ മാസമായിരുന്നു. തുടർന്നിങ്ങോട്ട് ഒന്നര വർഷത്തിനിടെ കാര്യമായ മുന്നേറ്റം കരസ്ഥമാക്കാൻ നിഫ്റ്റി സൂചികയ്ക്ക് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വിദേശ നിക്ഷേപകരുടെ മടങ്ങിവരവ് എന്നുണ്ടാകുമെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറട്ടതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ നിരക്ക് കുതിച്ചുയർന്നതോടെയാണ് വിദേശ നിക്ഷേപകർ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ വിൽപ്പന സമ്മർദം ശക്തമാക്കിയത്. രാജ്യത്തിന്റെ ആവശ്യകതയുടെ 85 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡോയിൽ വില ഉയരുന്നത് ബഹുവിധത്തിൽ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇറക്കുമതി ചെലവ് ഉയരുന്നത് രൂപയെ ദുർബലമാക്കുന്നു, പണപ്പെരുപ്പ ഭീഷണി കാരണം കോർപറേറ്റ് കമ്പനികളുടെ വളർച്ച ഇടിവിനുള്ള സാധ്യത എന്നിങ്ങനെ ആഭ്യന്തരമായ നെഗറ്റീവ് ഘടകങ്ങൾ ഒരു വശത്തുണ്ട്.
അതുപോലെ യു.എസ് ഡോളർ ശക്തമായി തുടരുന്നതും യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് താരതമ്യേന ഉയർന്നു നിൽക്കാനുള്ള സാധ്യതയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സെക്ടറിലേക്ക് കൂടുതൽ വിഹിതം നീക്കിവെച്ചതും ഇതിൽ ഇന്ത്യയ്ക്ക് കാര്യമായ പ്രാതിനിധ്യം ഇല്ലാത്തതും ഒക്കെയാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഇടയാക്കുന്നത്.
ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) രജിസ്ട്രേഷൻ ലളിതമാക്കിയും ഡിസ്ക്ലോഷർ നിബന്ധനകൾ ലഘൂകരിച്ചും സെറ്റിൽമെന്റ് സംവിധാനം മെച്ചപ്പെടുത്തിയും ഒക്കെ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ഔദ്യോഗിക തലത്തിൽ അടുത്തിടെയായി സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും വിദേഷ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിവരുന്നതിന് മാർക്കറ്റ് അനലിസ്റ്റുകൾ
പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട 5 ഘടകങ്ങൾ ചുവടെ ചേർക്കുന്നു.
1. ക്രൂഡോയിൽ വില താഴണം: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 85-90 ഡോളറിന് താഴേക്ക് വന്ന് സ്ഥിരതയാർജിച്ചാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, പണപ്പെരുപ്പ ഭീഷണി എന്നിവ സംബന്ധിച്ച ആശങ്കയും കുറയും. ക്രൂഡോയിൽ നിരക്ക് 100 ഡോളറിന് മുകളിൽ ഏറെക്കാലം തുടർന്നാൽ അത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാണ്.
2. യു.എസിൽ പലിശ നിരക്ക് താഴണം. (പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ മാർച്ച് 17-18ന് ചേരുന്ന ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് മാറ്റം പൊതുവേ പ്രതീക്ഷിക്കപ്പെടുന്നില്ല.)
3. ഇന്ത്യയുടെ വിശാല സമ്പദ്ഘടന സ്ഥിരതയാർജിക്കണം (Macro Stability). ശക്തമായ സാമ്പത്തിക വളർച്ച, താഴ്ന്നു നിൽക്കുന്ന പണപ്പെരുപ്പം, നില മെച്ചപ്പെടുത്തിയ രൂപ എന്നിങ്ങനെ മാക്രോ ഇക്കോണമിക് ഘടകങ്ങൾ കൂടുതൽ സ്ഥിരതയാർജിച്ചാൽ വിദേശ നിക്ഷേപകർ മടങ്ങിയെത്താം.
4. ഭരണനയങ്ങളില സ്ഥിരതയും നിയന്ത്രണ നിബന്ധനകളിലെ വ്യക്തതയും പാലിക്കണം. മൂലധന വിപണിയുമായി ബന്ധപ്പെട്ട നികുതി, നിയന്ത്രണം എന്നിങ്ങനെയുള്ള ഘടകങ്ങളിൽ സർക്കാർ അടിക്കടി പരിഷ്കാരം വരുത്തുന്നത് വിദേശ നിക്ഷേപകരെ അകറ്റി നിർത്തും.
5. കോർപറേറ്റ് കമ്പനികളുടെ വരുമാന വളർച്ചയും ഓഹരികൾക്ക് നീതികരിക്കാവുന്ന വാല്യൂവേഷൻ നിലവാരവും. ഇത് വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ബാങ്കിംഗ്, ഇൻഫ്രാസ്ട്രക്ചർ, ക്യാപിറ്റൽ ഗുഡ്സ്, മാനുഫാക്ചറിങ് തുടങ്ങിയ സെക്ടറിലെ കോർപറേറ്റ് വരുമാന വളർച്ചയാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine