

ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകർ (FIIs) മടങ്ങിയെത്തുന്നതിന്റെ ചില സൂചനകൾ അടുത്തിടെയായി ലഭിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ നേരിട്ട ശക്തമായ വിൽപ്പന സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ, ദീർഘകാല മൂലധന നേട്ട നികുതി (LTCG) കുറയ്ക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീണ്ടും ശക്തമാകുന്നു. 2024 സെപ്റ്റംബറിനുശേഷം ആയിരക്കണക്കിന് കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞിട്ടുള്ളത്.
എന്നിരുന്നാലും വിപണിയിൽ നേരിട്ട ശക്തമായ തിരുത്തലിനുള്ള കാരണം, ദീർഘകാല മൂലധന നേട്ട നികുതി മാത്രമാണെന്ന തരത്തിലുള്ള വാദം യാഥാർഥ്യത്തെ ലളിതവത്കരിക്കുന്നതിന് സമമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. നികുതിയുടെ നിരക്കിനേക്കാൾ നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുന്നത് നികുതി നിയമങ്ങളിൽ ഇടയ്ക്കിടെയുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ്.
ഇന്ത്യൻ ഓഹരി വിപണിയിലെ മൂലധന നേട്ട നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും പലപ്പോഴായി മാറ്റം വരുത്തിയിട്ടുണ്ട്. 2004-ൽ സെക്ഷൻ 10(38) പ്രകാരം ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കിക്കൊണ്ട് സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT) പകരമായി ഏർപ്പെടുത്തി. 2018-ൽ സെക്ഷൻ 112-A മുഖേന ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി തിരികെ കൊണ്ടുവന്നു. അപ്പോഴും എസ്ടിടിയും നിലനിർത്തി. തുടർന്ന് 2024-ലെ ബജറ്റിൽ നികുതി നിരക്ക് 12.5 ശതമാനമാക്കി ഉയർത്തുകയും നികുതിയിളവ് ലഭിക്കുന്നതിനുള്ള പരിധി 1.25 ലക്ഷം രൂപയായും ഉയർത്തി.
2018-ന് മുമ്പുള്ള നിക്ഷേപ നേട്ടങ്ങൾക്ക് 'ഗ്രാൻഡ്‌ഫാദറിങ്' വ്യവസ്ഥ സംരക്ഷണം നൽകുന്നുണ്ടെങ്കിലും അതിനുശേഷമുള്ള പുതിയ നിക്ഷേപങ്ങളിൽ നിന്നുള്ള മൂലധന നേട്ടത്തിന് പുതിയ നിരക്കിലുള്ള ഉയർന്ന നികുതി ബാധ്യതയുണ്ട്. നിക്ഷേപ കാലയളവിനിടെ നികുതി വ്യവസ്ഥ പലവട്ടം മാറിമറിയുന്നത് ദീർഘകാല നിക്ഷേപകരുടെ വരുമാന കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
ഏതാനും മാസങ്ങൾ മാത്രം ഓഹരികൾ കൈവശം വയ്ക്കുന്ന ഹ്രസ്വകാല-ട്രേഡർമാർക്ക് പ്രധാനമായും ഹ്രസ്വകാല മൂലധന നേട്ട (STCG) നികുതിയാണ് ബാധകമാകുന്നത്. എന്നാൽ വർഷങ്ങളോളം നിക്ഷേപം നിലനിർത്തുന്ന പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ, അച്ചടക്കത്തോടെ എസ്‌ഐപി നടത്തുന്നവർ എന്നിവരാണ് ദീർഘകാല മൂലധന നേട്ട നികുതിയുടെ പ്രത്യാഘാതം കൂടുതൽ അനുഭവിക്കുന്നത്. നിക്ഷേപം തുടരുന്നതിനിടെ നികുതി നിയമങ്ങൾ മാറിമറിയുമ്പോൾ, ഇവരുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളും പ്രതീക്ഷിച്ച വരുമാനവും തകിടംമറിക്കുന്നു.
എഐ സാങ്കേതിക വിപ്ലവം, മഹാമാരിയുടെ പ്രത്യാഘാതങ്ങൾ, യുദ്ധങ്ങൾ, അസ്ഥിരമായ വ്യാപാരനയങ്ങൾ തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇന്ത്യ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നത്. ഇതിനിടയിൽ നികുതി നിയമങ്ങളിലുണ്ടാകുന്ന അസ്ഥിരത, നിക്ഷേപകരുടെ റിസ്ക് വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ദീർഘകാല മൂലധന നേട്ട (എൽടിസിജി) നികുതി കുറയ്ക്കുന്നത് താൽക്കാലിക ആശ്വാസം നൽകാമെങ്കിലും ദീർഘകാല നയസ്ഥിരത ഉറപ്പാക്കുന്നതാണ് ഓഹരി വിപണിക്ക് യഥാർഥ കരുത്താവുക.
റിസർവ് ബാങ്കിന്റെ (ആർബിഐ) പണപ്പെരുപ്പ നിയന്ത്രണ നയവും സർക്കാരിന്റെ ധനക്കമ്മി ലക്ഷ്യങ്ങളും പോലെ, മൂലധന വിപണി നികുതികൾക്കും മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ വേണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന നിർദേശം. വിപണി മൂല്യം, ജിഡിപി അനുപാതം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കി ദീർഘകാല മൂലധന നേട്ട നികുതിക്കുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്താം. നികുതി എത്രയെന്നതിലുപരി, അത് ഇടയ്ക്കിടെ മാറില്ലെന്ന ഉറപ്പാണ് നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ പ്രധാനം.
The article argues that predictable and stable capital gains tax rules may matter more to long-term investors than a reduction in India’s LTCG tax rate.
Read DhanamOnline in English
Subscribe to Dhanam Magazine