അത്രയ്ക്കും വിശ്വാസമാണോ? വിൽപ്പനയ്ക്കിടയിലും കഴിഞ്ഞ ഒരു വർഷമായി വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടുന്ന 4 ഓഹരികൾ

വിശാല വിപണിയിൽ പ്രതിരോധാത്മക നിലപാട് സ്വീകരിക്കുമ്പോഴും, ഘടനാപരമായ വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപനേട്ടം ഉറപ്പിക്കാനാണ് വിദേശ നിക്ഷേപകർ ശ്രമിക്കുന്നത്.
FII Investing Stocks
Canva
Published on

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (FII) ഇന്ത്യൻ വിപണിയിൽ നിന്നും ഏകദേശം 1.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിവാക്കിയത്. എന്നാൽ, വിശാല വിപണിയിലെ ഈ പൊതുവായ വിൽപനയ്ക്കിടയിലും, തന്ത്രപ്രധാനമായ ചില മേഖലകളിൽ വിദേശ നിക്ഷേപകർ തങ്ങളുടെ ഓഹരി വിഹിതം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക പാദങ്ങളിലും (Quarter) തുടർച്ചയായി വിദേശ നിക്ഷേപകർ വാങ്ങിക്കൂട്ടിയ നാല് ഓഹരികളുടെ വിശദാശം താഴെ ചേർക്കുന്നു.

നോളജ് മറൈൻ & എഞ്ചിനീയറിംഗ് വർക്ക്സ്

മറൈൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്മോൾ ക്യാപ് കമ്പനിയിൽ വിദേശ നിക്ഷേപകരുടെ വിഹിതം 0.4 ശതമാനത്തിൽ നിന്ന് 11.7 ശതമാനമായാണ് കുതിച്ചുയർന്നത്. കേന്ദ്ര സർക്കാർ ‘ഗ്രീൻ ഷിപ്പിംഗ്’ നയങ്ങൾ ത്വരിതപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, മറൈൻ അടിസ്ഥാന സൗകര്യ വികസന കരാറുകൾ വൻതോതിൽ ലഭ്യമാകുമെന്ന വിലയിരുത്തലാണ് വിദേശ നിക്ഷേപകരുടെ താത്പര്യം വർധിക്കുന്നതിന് പിന്നിൽ. നോളജ് മറൈൻ (BSE: 543273, NSE: KMEW) കമ്പനിയുടെ ശക്തമായ ഓർഡർ ബുക്കും പ്രവർത്തനക്ഷമതയുമാണ് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങൾ എന്നാണ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. നിലവിൽ 2,190 രൂപ നിലവാരത്തിലാണ് നോളജ് മറൈൻ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

വിശാൽ മെഗാ മാർട്ട്

ദേശീയതലത്തിൽ പടർന്നുപന്തലിച്ച ഹൈപ്പർ-മാർക്കറ്റ് ശൃംഖലയായ വിശാൽ മെഗാ മാർട്ടിൽ (BSE: 544307, NSE: VMM) വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 7 ശതമാനത്തിൽ നിന്ന് 22 ശതമാനമായി വർധിച്ചു. നിലവിൽ 700-ലധികം സ്റ്റോറുകളുള്ള ഈ മിഡ് ക്യാപ് കമ്പനിയുടെ ദക്ഷിണേന്ത്യൻ വിപണിയിലേക്കുള്ള വിപുലീകരണ പദ്ധതികളും ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനവുമാണ് ദീർഘകാല വളർച്ചാ സാധ്യതയായി നിക്ഷേപകർ കാണുന്നതെന്ന് അനലി​സ്റ്റുകൾ വിലയിരുത്തുന്നു. നിലവിൽ 122 രൂപ നിലവാരത്തിലാണ് വിശാൽ മെ​ഗാ മാർട്ട് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

നാഷണൽ അലുമിനിയം കമ്പനി

ആഗോള വിപണിയിൽ അലുമിനിയം ഡിമാൻഡ് വർധിക്കുന്നത് മുൻനിർത്തി, ഈ നവരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ വിദേശ നിക്ഷേപകർ തങ്ങളുടെ വിഹിതം 15 ശതമാനത്തിൽ നിന്ന് 22 ശതമാനത്തിന് മുകളിലേക്ക് ഉയർത്തി. താരതമ്യേന കുറഞ്ഞ ഉത്പാദനച്ചെലവും കമ്പനി വിഭാവനം ചെയ്യുന്ന ഉത്പാദന ശേഷി വിപുലീകരണവും നാൽകോയ്ക്ക് (BSE: 532234, NSE: NATIONALUM) വിപണിയിൽ മുൻതൂക്കം നൽകുന്നു. നിലവിൽ 393 രൂപ നിലവാരത്തിലാണ് നാൽകോ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

യു.പി.എൽ ലിമിറ്റഡ്

ആഗോള അഗ്രോകെമിക്കൽ രംഗത്തെ പ്രമുഖരായ യു.പി.എല്ലിൽ (BSE: 512070, NSE: UPL) വിദേശ നിക്ഷേപ വിഹിതം 34 ശതമാനത്തിൽ നിന്ന് 42 ശതമാനത്തോളമായി വർധിച്ചു. 140-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ ബഹുരാഷ്ട്ര കമ്പനി, ആഗോള ഭക്ഷ്യ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിൽ അഗ്രോകെമിക്കൽ മേഖലയിൽ വലിയ വളർച്ച കൈവരിക്കുമെന്ന് വിദേശ നിക്ഷേപകർ വിലയിരുത്തുന്നതായാണ് അനലി​സ്റ്റുകളുടെ നി​ഗമനം. നിലവിൽ 699 രൂപ നിലവാരത്തിലാണ് നാൽകോ യു.പി.എൽ വ്യാപാരം ചെയ്യപ്പെടുന്നത്.

നൽകുന്ന സൂചനയെന്ത്?

മേൽസൂചിപ്പിച്ച നാല് ഓഹരികളിലെ നിക്ഷേപ വർധനവ് പരിശോധിക്കുമ്പോൾ, വിദേശ നിക്ഷേപകർ പ്രധാനമായും നാല് തന്ത്രപ്രധാന ഘടകങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

  • ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ: സുസ്ഥിര വികസന പദ്ധതികൾ.

  • ആഭ്യന്തര ഉപഭോഗം: വിപുലമാകുന്ന റീട്ടെയിൽ വിപണി.

  • കമ്മോഡിറ്റീസ്: വ്യാവസായിക ആവശ്യകതയിലുള്ള വർധനവ്.

  • ആ​ഗോള അഗ്രോകെമിക്കൽ: കാർഷിക ഉല്പാദനക്ഷമത വർധിപ്പിക്കാനുള്ള നയങ്ങൾ.

വിശാല വിപണിയിൽ പ്രതിരോധാത്മക നിലപാട് (Defensive stance) സ്വീകരിക്കുമ്പോഴും, ഘടനാപരമായ വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപനേട്ടം ഉറപ്പിക്കാനാണ് വിദേശ നിക്ഷേപകർ ശ്രമിക്കുന്നത്.

നിക്ഷേപകർ ശ്രദ്ധിക്കാൻ

വിദേശ നിക്ഷേപകർ ഒരു ഓഹരിയിൽ വിഹിതം വർധിപ്പിച്ചു എന്നത് കൊണ്ടുമാത്രം അത് നിക്ഷേപത്തിന് അനുയോജ്യമാണെന്ന് കരുതരുത്. കമ്പനിയുടെ വരുമാന വളർച്ചാ നിരക്ക്, ലാഭ മാർജിൻ, വാല്യുവേഷൻ നിലവാരം (Valuation Multiples) തുടങ്ങിയ ഓഹരിയുടെ അന്തർലീന മൂല്യം വെളിവാക്കുന്ന അടിസ്ഥാന ഘടകങ്ങൾ സ്വതന്ത്രമായും ആഴത്തിലും വിശകലനം ചെയ്തശേഷം മാത്രം അന്തിമ നിക്ഷേപ തീരുമാനിക്കുന്നതാണ് ഉചിതം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com