Begin typing your search above and press return to search.
വീണ്ടും കൈയൊഴിഞ്ഞ് വിദേശ നിക്ഷേപകര്‍; ഏഷ്യയില്‍ ഏറ്റവുമധികം പണം പിന്‍വലിച്ചത് ഇന്ത്യയില്‍ നിന്ന്
നവംബറിലും ഡിസംബറിലും വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) പുതുവര്‍ഷം പിറന്നതോടെ വീണ്ടും ഇന്ത്യയില്‍ നിന്ന് കൂടൊഴിയാന്‍ തുടങ്ങി. ഏഷ്യയില്‍ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്.
261.81 കോടി ഡോളറാണ് (ഏകദേശം 22,000 കോടി രൂപ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഈ മാസം ഇതിനകം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യയെ കൂടാതെ വിദേശ നിക്ഷേപം നഷ്ടപ്പെട്ട പ്രമുഖ രാജ്യം ശ്രീലങ്കയാണ്. 58 ലക്ഷം ഡോളറാണ് (4,800 കോടി രൂപ) ശ്രീലങ്കയുടെ നഷ്ടം.
ജാപ്പനീസ് തിളക്കം
പുതുവര്‍ഷത്തില്‍ ഇതിനകം വിദേശ നിക്ഷേപകരുടെ പ്രിയം ഏറ്റവുമധികം ഏറ്റുവാങ്ങിയത് ജാപ്പനീസ് ഓഹരികളാണ്. 1,228.49 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇതിനകം ജപ്പാന്‍ നേടി. 223.4 കോടി ഡോളര്‍ നേടി ദക്ഷിണ കൊറിയയും 171.91 കോടി ഡോളര്‍ സ്വന്തമാക്കി തായ്‌വാനും തിളങ്ങി.
തായ്‌ലന്‍ഡ് (80.34 കോടി ഡോളര്‍), ഇന്‍ഡോനേഷ്യ (40.70 കോടി ഡോളര്‍) എന്നിവയും ഭേദപ്പെട്ട നിക്ഷേപം നേടി. മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നിവയും വിദേശ നിക്ഷേപത്തില്‍ വളര്‍ച്ചയാണ് ജനുവരിയില്‍ ഇതിനകം കുറിച്ചത്.
ഇന്ത്യയുടെ ക്ഷീണം
കോര്‍പ്പറേറ്റ് കമ്പനികളുടെ മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലം, മദ്ധ്യേഷ്യയിലെയും ചെങ്കടലിലെയും യുദ്ധാന്തരീക്ഷം, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ധന തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വഴിവച്ചത്.
ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണം വിദേശ നിക്ഷേപകരുടെ കൈവശമെത്താതിരിക്കാനായി സെബി (SEBI) അടുത്തിടെ പുറത്തിറക്കിയ കര്‍ശന മാനദണ്ഡങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കംകൂട്ടി. ഇന്ത്യന്‍ ഓഹരികള്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരികളെ അപേക്ഷിച്ച് വിലയേറിയതാണെന്ന (elevated valuations) വിലയിരുത്തലുകളും വിദേശ നിക്ഷേപകരെ അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ 14,768 കോടി രൂപയും ഒക്ടോബറിൽ 24,548 കോടി രൂപയും ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് നവംബറിൽ 9,001 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി അവര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തി. ഡിസംബറിലെ വിദേശ നിക്ഷേപമാകട്ടെ 2023ലെ തന്നെ ഏറ്റവും ഉയരമായ 66,135 കോടി രൂപയിലുമെത്തിയിരുന്നു. തുടര്‍ന്നാണ്, ഈ മാസം വീണ്ടും അവര്‍ വിറ്റൊഴിയലിലേക്ക് കടന്നത്.
Next Story
Videos