ഫിന്‍ഫ്‌ളുവന്‍സര്‍മാരില്‍ പിടിമുറുക്കി സെബി; യൂട്യൂബര്‍ക്ക് 12 കോടി പിഴ

25 ശതമാനം മുതല്‍ 1,000 ശതമാനം വരെ റിട്ടേണ്‍ വാഗ്ദാനം ചെയ്തതായി കണ്ടെത്തി
ഫിന്‍ഫ്‌ളുവന്‍സര്‍മാരില്‍ പിടിമുറുക്കി സെബി; യൂട്യൂബര്‍ക്ക് 12 കോടി പിഴ
Published on

പ്രമുഖ ഫിന്‍ഫ്‌ളുവന്‍സറായ രവീന്ദ്ര ബാലു ഭാരതിക്ക് 12 കോടി രൂപ പിഴ ചുമത്തി സെബി. ഇടപാടുകാര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് 1,000 ശതമാനം വരെ റിട്ടേണ്‍ വാഗ്ദാനം ചെയ്ത് നേട്ടമുണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, രണ്ട് മില്യണിലധികം ഫോളോവേഴ്‌സുള്ള രവീന്ദ്രയെ ഓഹരി വിപണിയില്‍ നിന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിലക്കുകയും ചെയ്തു. പിഴത്തുക പലിശ ലഭിക്കുന്ന ഒരു താത്കാലിക എക്‌സ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി നിര്‍ദേശിച്ചു.

രവീന്ദ്രയുടെ ഭാര്യ ശുഭാംഗിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരി വിപണിയില്‍ പരിശീലനം നല്‍കുന്ന രവീന്ദ്ര ഭാരതി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രെയിനിംഗ് സെന്റര്‍ നടത്തി വരികയായിരുന്നു ഇരുവരും. ഇത് വഴി രജിസ്റ്റർ ചെയ്യാതെ അഡ്വൈസറി സേവനങ്ങള്‍ നല്‍കിയിരുന്നതായി സെബി കണ്ടെത്തി. 10.8ലക്ഷം ഫോളോവേഴ്‌സുള്ള ഭാരതി ഷെയര്‍മാര്‍ക്കറ്റ് മറാത്തി, 8.22 ലക്ഷം സസ്‌ക്രൈബേഴ്‌സുള്ള ഭാരതി ഷെയര്‍മാര്‍ക്കറ്റ്-ഹിന്ദി എന്നിങ്ങനെ രണ്ട് യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഇതുവഴി സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കിയതിനെ കുറിച്ചും സെബി അന്വേഷിക്കുന്നുണ്ട്.

രജിസ്റ്റര്‍ ചെയ്യാതെ ഉപദേശം

25 ശതമാനം മുതല്‍ 1,000 ശതമാനം വരെ റിട്ടേണ്‍ നേടാമെന്നായിരുന്നു ഇത്തരം സാമ്പത്തിക നിര്‍ദേശങ്ങളിലൂടെ വാഗ്ദാനം ചെയ്തത്. അഡ്വൈസറി സേവനങ്ങള്‍ നല്‍കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുകയും വ്യവസ്ഥകളും മാനദണ്ഡങ്ങളും അടങ്ങുന്ന കരാര്‍ ഒപ്പു വയ്ക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി ഫീസും അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ വലിയ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നത് സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ വിശ്വാസം ഇല്ലാതാക്കുമെന്ന് സെബി വിലയിരുത്തി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സെബിയുടെ നടപടി. രവീന്ദ്ര ഭാരതിയുടെ സ്ഥാപനവുമായി ബന്ധമുള്ള വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും നടപടി വ്യാപിപ്പിച്ചേക്കാം.

ഓഹരി വിപണിയില്‍ നിക്ഷേപകവിശ്വാസം ഉറപ്പാക്കുന്നതിനായി ധനകാര്യ ഉപദേശങ്ങള്‍ നല്‍കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെബി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com