ഓഹരിവിപണിയിലെ തുടക്കക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

സ്വന്തമായി വരുമാനമുണ്ടാകുന്ന കാലത്ത് തന്നെ ഓഹരിവിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന നിരവധി പേരുണ്ട്, ഇത്തരക്കാര്‍ സദാ വിജയികളായവര്‍ നിക്ഷേപിക്കുന്ന സ്റ്റോക്കുകളും അവര്‍ പിന്തുടരുന്ന രീതിയും അനുകരിക്കാറാണ് പതിവ്. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കും. പകരം തുടക്കക്കാര്‍ എപ്പോഴും ഓഹരിയെ പഠിച്ച് മാത്രം വിപണിയിലേക്കിറങ്ങുന്നതാണ് ബുദ്ധി. പുതു നിക്ഷേപകര്‍ ചെയ്ത് കൂടാത്ത അഞ്ച് കാര്യങ്ങള്‍ നോക്കാം.

അറിയാത്ത ബിസിനസില്‍ നിക്ഷേപിക്കരുത്
വളരെക്കാലം കേട്ട് പരിചയിച്ച, സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ സാധ്യതയുണ്ടെന്ന്് തോന്നുന്ന ബിസിനസുകളില്‍ നിക്ഷേപം നടത്തുന്നതാകും നല്ലത്. അതോടൊപ്പം കമ്പനിയുടെ മാനേജ്മെന്റ്, അവരുടെ പശ്ചാത്തലം, കമ്പനിയുടെ കഴിഞ്ഞ കാല പ്രകടനം, ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍, ഭാവി സാധ്യതകള്‍ തുടങ്ങിയവയെല്ലാം ഒന്നുമനസ്സ് വെച്ചാല്‍ അറിയാവുന്നതേയുള്ളൂ. കമ്പനികളെ പഠിച്ച് തുടങ്ങുക.
ട്രേഡിംഗ്, ഡെറിവേറ്റീവുകള്‍ എന്നിവയോട് നോ നോ...
പലരും ഇപ്പോള്‍ ജുന്‍ജുന്‍വാലയെയും മറ്റും പിന്തുടര്‍ന്ന് ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്റെ പിന്നാലെയാണ്. എന്നാല്‍ ആദ്യം തന്നെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം കണ്ട് മയങ്ങി ഡെറിവേറ്റീവുകളെ പിന്നാലെ പോയാല്‍ കൈ പൊള്ളും. ഊഹാപോഹങ്ങളുടെയും പാതി വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ പണം നഷ്ടമായേക്കും. ഇത് തിരിച്ചറിയാതെ പോകരുത്.
സ്ഥിരം നിക്ഷേപകരുടെ ഈ തത്വം അനുകരിക്കരുത്...
ഓഹരി വിപണിയിലെ പ്രാഥമിക പാഠങ്ങളില്‍ തന്നെ എല്ലാ മുട്ടയും ഒരു കുട്ടയില്‍ സൂക്ഷിക്കരുതെന്ന് പറയാറുണ്ട് പലരും. എങ്കിലും പുതിയ നിക്ഷേപകര്‍ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. നല്ല കുറച്ച് കമ്പനികളെ തെരഞ്ഞെടുത്ത്, ആ കമ്പനിയുടെ ഓഹരി വിലകളുടെ കയറ്റിറക്കങ്ങളില്‍ നിക്ഷേപം നടത്തണം. ഒരു പാട് കമ്പനികളില്‍ നിക്ഷേപം പരന്നുകിടന്നാല്‍ വേണ്ട വിധം ശ്രദ്ധകൊടുക്കാന്‍ സാധിച്ചെന്നിരിക്കില്ല. പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയുമരുത്.
വാര്‍ത്തകള്‍ക്ക് പിന്നാലെ പോകരുത്
വാര്‍ത്തകള്‍ കണ്ട് നിക്ഷേപം നടത്താന്‍ ശ്രമിക്കരുത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നിങ്ങള്‍ക്കും വേണം നിങ്ങളുടേതായ ഒന്ന്. ഏറ്റവും താഴ്ന്ന വിലയില്‍ വാങ്ങി ഏറ്റവും ഉയര്‍ന്ന വിലയില്‍ വിറ്റ് നേട്ടമുണ്ടാക്കാനൊന്നും എല്ലാവര്‍ക്കും സാധിക്കില്ല. ന്യായമായ നേട്ടം, നിക്ഷേപ ലക്ഷ്യം, കാലയളവ്, കമ്പനികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്നിവയിലെല്ലാം വ്യക്തത വേണം. ഓഹരി വിപണിയില്‍ വില്‍പ്പന മേളവും വാങ്ങല്‍ ഉത്സവമൊക്കെ നടക്കും. നിങ്ങള്‍ നിക്ഷേപിച്ച കമ്പനിയില്‍ വിശ്വാസമുണ്ടെങ്കില്‍ ആ നിക്ഷേപം തുടരുക.
വിലക്കുറവിന്റെ വിപണിയല്ലിത്...
പുതു നിക്ഷേപകരില്‍ പലരും അഞ്ചും പത്തും രൂപയുള്ള ഓഹരികള്‍ പ്രത്യേകിച്ചൊരു പഠനമൊന്നുമില്ലാതെ വാങ്ങുന്നത് കാണാറുണ്ട്. നഷ്ടം വന്നാല്‍ ചെറിയ തുകയല്ലേ പോവുക എന്നതാണ് ന്യായം. പത്തുരൂപയുടെ ഓഹരി വാങ്ങി അത് നാലോ അഞ്ചോ രൂപയിലേക്ക് താണ് മരവിച്ച് കിടന്നാല്‍ ഉണ്ടാകുന്ന നഷ്ടം ചിന്തിച്ചിട്ടുണ്ടോ? മികച്ച അടിത്തറയുള്ള കമ്പനികളുടെ ഓഹരി വിലകള്‍ അവരുടെ വരുതിയില്‍ അല്ലാത്ത കാര്യങ്ങള്‍ കൊണ്ട് താഴേക്ക് പോയിട്ടുണ്ടാകും. അത്തരം കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് നേട്ടത്തിലേക്കുള്ള വഴിയാണ്. അല്ലാതെ കുറഞ്ഞ വിലയില്‍ പരമാവധി വാങ്ങാനിറങ്ങിത്തിരിക്കുന്നത് ഓഹരി വിപണിയില്‍ വര്‍ക്കൗട്ട് ആകണമെന്നില്ലെന്ന് മറക്കരുതേ.


Related Articles
Next Story
Videos
Share it