നിക്ഷേപം ലക്ഷ്യമിടുന്നവരേ; വാരന്‍ ബഫറ്റിന്റെ ഈ 5 വാക്യങ്ങള്‍ പിന്തുടരാം

പ്രചോദനാത്മകമായ വാക്യങ്ങളോ ഉദാഹരണങ്ങളോ ഒക്കെ പലരും ജീവിതത്തിലും ജോലിയിലും പകര്‍ത്താറുണ്ട്. എന്നാല്‍ ധന സമ്പാദനത്തിലും പ്രശസ്തമായ ചില വാക്യങ്ങള്‍ പ്രചോദനമാകാറുണ്ട്. 'ഒറാക്ള്‍ ഓഫ് ഒമാഹ' എന്നറിയപ്പെടുന്ന വാരന്‍ ബഫറ്റ് ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ നിക്ഷേപകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്ന അഞ്ച് വാക്യങ്ങള്‍ ആണ് ഇവിടെ അവതരിപ്പിക്കുന്നത്.

1. യുക്തിസഹമായിരിക്കുക
ഒന്നാമത്തെ തത്വം പണം കളയരുത് എന്നാണ്, രണ്ടാമത്തേത് ആദ്യത്തെ തത്വത്തെ മുറുകെ പിടിക്കുക എന്നതും. ഓഹരി വിപണി സദാ ചാഞ്ചാട്ടത്തിന് വിധേയമായിക്കൊണ്ടേ ഇരിക്കും. യുക്തിസഹമായി പ്രവര്‍ത്തിക്കുക എന്നതാണ് മനസ്സില്‍ വയ്‌ക്കേണ്ടത്. നിങ്ങളുടെ പണം വിപണിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഏതൊരു നിക്ഷേപകനും മൂലധന സംരക്ഷണമാണ് പ്രധാന മുന്‍ഗണന.
2. വിലയും മൂല്യവും ഒരുപോലെയല്ല
'നിങ്ങള്‍ നല്‍കുന്നതാണ് വില, നിങ്ങള്‍ക്ക് ലഭിക്കുന്നത് മൂല്യവും' ഇതാണ് വാരന്‍ ബഫറ്റ് സദാ നിക്ഷേപകരെ ഓര്‍മിപ്പിക്കുന്നത്.
2008 -ല്‍ ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ ഓഹരിയുടമകള്‍ക്കുള്ള കത്തില്‍ വാരന്‍ ബഫറ്റ് എഴുതി, ''വളരെക്കാലം മുമ്പ്, ബെന്‍ ഗ്രഹാം എന്നെ പഠിപ്പിച്ചത് ഇതാണ് - വിലയാണ് നിങ്ങള്‍ നല്‍കേണ്ടത്; നിങ്ങള്‍ക്ക് ലഭിക്കുന്നതാണ് മൂല്യം. നമ്മള്‍ സംസാരിക്കുന്നത് സോക്‌സുകളെക്കുറിച്ചോ സ്റ്റോക്കുകളെക്കുറിച്ചോ ആണെന്നിരിക്കട്ടെ, ഗുണനിലവാരമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക എന്നത് പ്രധാനം.
3. മാര്‍ജിന്‍ ഓഫ് സേഫ്റ്റി തിരിച്ചറിയുക
നിക്ഷേപത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വാക്കുകള്‍ സുരക്ഷയുടെ മാര്‍ജിന്‍ അഥവാ മാര്‍ജിന്‍ ഓഫ് സേഫ്റ്റി എന്നതാണ്'.
ലളിതമായി പറഞ്ഞാല്‍, 'മാര്‍ജിന്‍ ഓഫ് സേഫ്റ്റി' എന്നത് ഒരു സ്റ്റോക്കിന്റെ വിലയും അതിന്റെ ആന്തരിക മൂല്യവും മൂല്യവും തമ്മിലുള്ള വ്യത്യാസമാണ്. വാരന്‍ ബഫറ്റ് ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഉദാഹരിക്കുന്നത് ഇങ്ങനെയാണ്,
ഒരു പാലം നിര്‍മ്മിക്കുമ്പോള്‍, എന്‍ജിനീയര്‍മാര്‍ എല്ലായ്‌പ്പോഴും സുരക്ഷയുടെ വിവിധ ഘടകങ്ങള്‍ പരിഗണിക്കും. 10 ടണ്‍ ട്രക്കുകള്‍ മാത്രമേ ഓടുകയുള്ളൂവെന്ന് അവര്‍ക്കറിയാമെങ്കിലും 30 ടണ്‍ ഭാരമുള്ള ഒരു ട്രക്കിന്റെ ഭാരം വഹിക്കാന്‍ ശക്തമായിരിക്കണം പാലം എന്നവര്‍ ഉറപ്പിച്ചിട്ടാകും അത് പണിയുക.
നിക്ഷേപ പ്രക്രിയയില്‍ വിവിധ അപകടസാധ്യതകളുള്ളതിനാല്‍ തന്നെ സുരക്ഷയുടെ ഉയര്‍ന്ന മാര്‍ജിന്‍ എപ്പോഴും നിങ്ങളുടെ നിക്ഷേപ റിസ്‌ക് കുറയ്ക്കും. എന്നാല്‍ അപകടസാധ്യത എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നു. ഈ വിടവ് കൈകാര്യം ചെയ്യുക എന്നതാണ് സ്മാര്‍ട്ട് നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടത്.
4. നിങ്ങള്‍ക്ക് വിശ്വാസമുള്ള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക
'It's far better to buy a wonderful company at a fair price than a fair company at a wonderful price'. വിലക്കുറവ്, ധാരാളം ആളുകള്‍ വാങ്ങുന്ന ഷെയര്‍, എളുപ്പത്തില്‍ നിക്ഷേപസാധ്യതയുള്ളത്, പെട്ടെന്ന് ഇന്‍സ്റ്റന്റ് നേട്ടങ്ങള്‍ നല്‍കിയത് എന്നിങ്ങനെ വിവിധ മോഹിപ്പിക്കലുകള്‍ നിക്ഷേപത്തിലും നിങ്ങളെ പിന്തുടരും. എന്നാല്‍ നന്നായറിയാവുന്ന, മികച്ച ചരിത്രമുള്ള, ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുള്ള, നിങ്ങള്‍ വിശ്വസിക്കുന്ന ബ്രാന്‍ഡ് അഥവാ കമ്പനി ആയിരിക്കണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്.
5. ഭാവി എന്തെന്ന് ഊഹിക്കുകയല്ല, തയ്യാറാകുകയാണ് വേണ്ടത്
Don't try to predict the future, prepare for it- എന്നതാണ് ബഫറ്റ് നിക്ഷേപകരോട് പറയുന്നത്. അനിശ്ചിതത്വങ്ങളോട് കരുതിയിരിക്കുകയെന്നതാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ഇതിനര്‍ത്ഥം ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങള്‍ അനുകൂലമായി ഉപയോഗിക്കണം എന്നാണ്. ശക്തമായ ബിസിനസും നല്ല അടിസ്ഥാനങ്ങളുമുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രയോജനപ്പെടുത്തുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it