ഒരു വര്‍ഷത്തിനിടെ 4,260 ശതമാനം നേട്ടം; വിപണിയില്‍ ഉയര്‍ന്നുയര്‍ന്ന് ഈ എഫ്എംസിജി കമ്പനി

ഒരുവര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ കിടിലന്‍ നേട്ടവുമായി എഫ്എംസിജി കമ്പനിയായ അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (Ambar Protein Industries Ltd). എഫ്എംസിജി രംഗത്തെ സ്മാള്‍ ക്യാപ് കമ്പനി ഒരു വര്‍ഷത്തിനിടെ 4,260 ശതമാനത്തിന്റെ വളര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരുവര്‍ഷം മുമ്പ് 13 രൂപയായിരുന്നു ഓഹരിവിലയെങ്കില്‍ ഇന്ന് അത് 572.05 രൂപയിലാണ് എത്തിനില്‍ക്കുന്നത്. അതായത്, ഒരുവര്‍ഷം മുമ്പ് ഒരുലക്ഷം രൂപ ഈ കമ്പനി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 43 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. കുറേയധികം ദിവസമായി അപ്പര്‍സര്‍ക്യൂട്ടില്‍ തുടരുന്ന ഈ ഓഹരി ഒരുമാസത്തിനിടെ 178 ശതമാനത്തിന്റെയും ആറ് മാസങ്ങള്‍ക്കിടെ 1,829 ശതമാനത്തിന്റെ ഉയര്‍ച്ചയും കണ്ടു.

അങ്കുര്‍ എന്ന പേരില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഭക്ഷ്യ എണ്ണ വില്‍ക്കുന്ന അംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 1992-ല്‍ അഹമ്മദാബാദിലാണ് സ്ഥാപിതമായത്. അങ്കുര്‍ റിഫൈന്‍ഡ് കോട്ടണ്‍സീഡ് ഓയില്‍, അങ്കുര്‍ റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയില്‍, അങ്കുര്‍ റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍, അങ്കൂര്‍ റിഫൈന്‍ഡ് കോണ്‍ ഓയില്‍ എന്നിവയാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍. അഹമ്മദാബാദിലെ ചങ്ങോടരില്‍ പ്രതിദിനം 110 ടണ്‍ ശേഷിയുള്ള ശുദ്ധീകരണ ഫാക്ടറിയും കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

2022 ജൂണില്‍ അവസാനിച്ച പാദത്തില്‍, മുന്‍കാലയളവിലെ 81.90 കോടിയെ അപേക്ഷിച്ച് 84.38 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് കമ്പനി നേടിയത്. 1.63 കോടി രൂപയാണ് ഇക്കാലയളവിലെ നികുതിക്ക് ശേഷമുള്ള ലാഭം.


ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ join Dhanam Telegram


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it