ഐ.ടിയും എഫ്.എം.സി.ജിയും കൈവിട്ട വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യയിലേക്ക്; 2026 ൽ ശ്രദ്ധാകേന്ദ്രം ഈ നാല് സെക്ടറുകൾ

ജിഎസ്ടി കുറഞ്ഞതും പുതിയ മോഡലുകളുടെ വരവും ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപ്പര്യവും ഓട്ടോ സെക്ടറിനെ മുൻനിരയിലേക്ക് എത്തിക്കും
stock market
Image courtesy: Canva
Published on

2025 ൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ സ്ഥാപക നിക്ഷേപകർ (FIIs) ആകെ 1.66 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരികളുടെ ഉയർന്ന മൂല്യം (Stretched valuations), കമ്പനികളുടെ കുറഞ്ഞ വരുമാന വളർച്ച, ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കയറ്റുമതി തീരുവയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയാണ് ഈ വലിയ പിൻവാങ്ങലിന് കാരണമായത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കൽ നടന്ന മേഖലകൾ

വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിറ്റഴിക്കൽ നടത്തിയത് ഐ.ടി മേഖലയിലാണ്. ആകെ പിന്‍വലിച്ച തുകയുടെ 45 ശതമാനത്തിലധികം (74,700 കോടി രൂപ) ഐടി ഓഹരികളിൽ നിന്നാണ്. നിര്‍മ്മിത ബുദ്ധിയുടെ (AI) ദ്രുതഗതിയിലുള്ള വളർച്ച ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാന വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായതാണ് ഇതിന് കാരണം.

രണ്ടാമതായി കൂടുതൽ വിറ്റഴിക്കൽ നടന്നത് എഫ്എംസിജി മേഖലയിലാണ്. 36,800 കോടി രൂപയുടെ ഓഹരികളാണ് ഈ വിഭാഗത്തിൽ നിന്ന് വിറ്റഴിച്ചത്. ഉയർന്ന പണപ്പെരുപ്പം, ഗ്രാമീണ മേഖലയിലെ കുറഞ്ഞ ആവശ്യം, പ്രാദേശിക ബ്രാൻഡുകളിൽ നിന്നും ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള കടുത്ത മത്സരം എന്നിവ ഈ മേഖലയെ ബാധിച്ചു. പവർ സെക്ടറിൽ നിന്ന് 26,500 കോടി രൂപയും പിൻവലിക്കപ്പെട്ടു.

തിരിച്ചുവരവ്

അതേസമയം 2026 ൽ ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI/FII) ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പ്രധാനമായും നാല് മേഖലകളായിരിക്കും വിപണിയെ നയിക്കുക.

മൂലധന ചെലവ് (Capex): സർക്കാർ നയങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സ്വകാര്യ മേഖലയുടെ നിക്ഷേപങ്ങളും ഈ മേഖലയ്ക്ക് കരുത്തേകും. ക്യാപിറ്റല്‍ ഗുഡ്സ്, പ്രതിരോധം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

ബാങ്കിംഗ് & ഫിനാൻഷ്യൽസ്: വായ്പാ വളർച്ചയിലുണ്ടായ വർധനവും പലിശ നിരക്കുകളിൽ വരാനിരിക്കുന്ന ക്രമീകരണങ്ങളും ബാങ്കിംഗ് ഓഹരികൾക്ക് ഗുണകരമാകും.

ഉപഭോഗം (Consumption): കുറഞ്ഞ പണപ്പെരുപ്പവും ജിഎസ്ടി ഇളവുകളും നഗര-ഗ്രാമ മേഖലകളിലെ ഉപഭോഗം വർധിപ്പിക്കും. ഇത് എഫ്.എം.സി.ജി, റീട്ടെയിൽ മേഖലകൾക്ക് ഉണർവേകും.

ഓട്ടോമൊബൈൽ: ജിഎസ്ടി കുറഞ്ഞതും പുതിയ മോഡലുകളുടെ വരവും ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപ്പര്യവും ഓട്ടോ സെക്ടറിനെ മുൻനിരയിലേക്ക് എത്തിക്കും.

സ്ഥിരതയാർന്ന വരുമാന വളർച്ചയും മാക്രോ ഇക്കണോമിക് സുരക്ഷിതത്വവുമാണ് എഫ്.ഐ.ഐകളെ വീണ്ടും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. നിക്ഷേപകർ ദീർഘകാലാടിസ്ഥാനത്തിൽ ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലാഭകരമായിരിക്കും.

These four sectors will be the focus of attention in 2026 for Foreign investors.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com