Begin typing your search above and press return to search.
ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ റെയ്മണ്ടിന്റെ ഓഹരി വില വര്‍ധിച്ചു
വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് റെയ്മണ്ട്. 1925 ല്‍ സ്ഥാപിതമായ കമ്പനി നിലവില്‍ ടെക്‌സ്‌റ്റൈല്‍, വസ്ത്ര, റിയല്‍റ്റി മേഖലയിലാണ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഭാവി പദ്ധതികളിലേക്കുള്ള വളര്‍ച്ചാ മൂലധനം സമാഹരിക്കുന്നതിന് പ്രൊഫഷണല്‍ ബോര്‍ഡുകളെ വിന്യസിച്ച് അഞ്ച് പ്രധാന സ്ട്രീമുകളായി അതിന്റെ ബിസിനസുകളെ പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി.
കാലത്തിനൊപ്പം വന്‍ മാറ്റങ്ങള്‍ക്കുള്ള പദ്ധതികളാണ് റെയ്മണ്ട് ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുള്ളത്. വരും നാളുകളില്‍ ടെക്‌സ്‌റ്റൈല്‍, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി), റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ് എന്നിവയുള്‍പ്പെടെ അഞ്ച് കേന്ദ്രീകൃത ബിസിനസ് മേഖലകള്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി സാരഥികള്‍ പറയുന്നത്.
'അടുത്ത 12 മാസത്തിനുള്ളില്‍ ഞങ്ങളുടെ എല്ലാ ബോര്‍ഡുകളും പൂര്‍ണമായും പ്രൊഫഷണലാക്കുകയാണ്, ഞങ്ങളുടെ എഫ് എം സി ജിയും നിര്‍മ്മാണ കമ്പനികളിലും ഇതിനോടകം തന്നെ അത് ചെയ്ത് കഴിഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തോട് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം ഹരി സിംഘാനിയ പ്രതികരിച്ചു.
'പ്രൊഫഷണല്‍ ബോര്‍ഡുള്ള ഒരു കമ്പനിക്ക് സ്വകാര്യ ഇക്വിറ്റി ആകര്‍ഷിക്കാനും ലിസ്റ്റിംഗ് വഴി പൊതുജനങ്ങളിലേക്ക് പോകാനുമെല്ലാം കഴിയും. അതിനായിട്ടാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.' അദ്ദേഹം പറഞ്ഞു. അതിവേഗം വികസിക്കുന്ന ബിസിനസിലേക്ക് ഗ്രൂപ്പ് കടക്കുന്നതോടെ വരും നാളുകളില്‍ മൂല്യവര്‍ധനവോടെ മുന്നേറാനും വിപണി പിടിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഒരു ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് റിയല്‍റ്റി ബിസിനസാണ് കമ്പനിയുടെ റിയല്‍എസ്റ്റേറ്റ് വിഭാഗം ലക്ഷ്യമിട്ടിട്ടുള്ളത്. 2350 ഓളം ലോഞ്ച് കഴിഞ്ഞ ഇന്‍വെന്ററികള്‍ അതായത് ആകെ ഉള്ളതിന്റെ 70 ശതമാനത്തോളം ഗ്രൂപ്പ് വിറ്റു കഴിഞ്ഞു. 7800 ഓളം വിദ്യാര്‍ത്ഥികളുള്ള സ്‌കൂള്‍ ക്യാമ്പസ് 11500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന നിലയിലേക്ക് വികസിപ്പിക്കുകയാണ്.
പുതിയ പ്രഖ്യാപനം റെയ്മണ്ടിന്റെ ഓഹരി വിലയിലും ഉണര്‍വ് പ്രകടമാണ്. നവംബര്‍ രണ്ടാം വാരം 512 രൂപയായിരുന്ന ഓഹരികള്‍ ഇന്ന് (നവംബര്‍ 23) 79 രൂപയോളം വര്‍ധിച്ച് 591.25 രൂപ വരെയായി. ദുബായ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ക്വെസ്റ്റ് പ്ലസിലൂടെ വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം ശക്തമാക്കാനും കമ്പനി പദ്ധതി ഇട്ടിരിക്കുന്നു.
Next Story
Videos