
വളരെ അധികം ചാഞ്ചാട്ടം ഉണ്ടായ ഓഹരി വിപണിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഏറ്റവും അധികം വാങ്ങി കൂട്ടിയത് വേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളുടെ (എഫ്.എം.സി. ജി) ഓഹരികള്‍. പ്രമുഖ എഫ്.എം.സി. ജി ഓഹരികളില്‍ അറ്റ നിക്ഷേപം 15,561 കോടി രൂപയായിരുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, കോള്‍ഗേറ്റ് പാമോലിവ്, നെസ്ലെ എന്നി ഓഹരികളാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ കൂടുതലും വാങ്ങിയത്. ബിഎസ്ഇ എഫ്.എം.സി. ജി സൂചിക 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ 23.64 ശതമാനം ഉയര്‍ന്നു. രണ്ടുലക്ഷം കോടി രൂപയുടെ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകരുടെ പോര്‍ട്ട് ഫോളിയോയില്‍ ചേര്‍ക്കപ്പെട്ടത്.
എഫ്.എം.സി. ജി കഴിഞ്ഞാല്‍ വിദേശ നിക്ഷേപകര്‍ ഏറ്റവും അധികം വാങ്ങിയ ഓഹരികള്‍ ധനകാര്യ സ്ഥാപനങ്ങളുടേതായിരുന്നു. 1.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ നടന്നു. ബാങ്കിംഗ് ഓഹരികളാണ് ഇതില്‍ മികച്ച നേട്ടം നല്‍കിയത്. ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ 69,695 കോടി രൂപയുടെ അറ്റ നിക്ഷേപവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തി.
ഐടി, റിയല്‍ എസ്റ്റേറ്റ് പിന്നില്‍
വിദേശ നിക്ഷേപകര്‍ ഏറ്റവും അധികം തഴഞ്ഞത് ഐടി ഓഹരികളെയാണ്. ഇക്കാലയളവില്‍ 1.23 ലക്ഷം കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റഴിച്ചു. എണ്ണ, പ്രകൃതി വാതക കമ്പനികളുടെ 82,566 കോടി രൂപയുടെ ഓഹരികളും 51,177 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഓഹരികളും വിറ്റഴിച്ചു.
മൊത്തം അഞ്ച് ശതകോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. വിവിധ രാജ്യങ്ങളില്‍ പലിശ നിരക്ക് കുറച്ചതും യുക്രയ്ന്‍ യുദ്ധവും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. ചൈന വിപണി വീണ്ടും സജീവമായത് നിക്ഷേപങ്ങള്‍ പുറത്തേക്ക് പോകാന്‍ കാരണമായി.
കാലവര്‍ഷം മെച്ചപ്പെടുന്നത് അനുസരിച്ചാകും എഫ്.എം.സി. ജി ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത്. ബാങ്കിംഗ് ഓഹരികള്‍ തുടര്‍ന്നും മികച്ച നേട്ടം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ വിപണികളിലെ മാന്ദ്യം തുടര്‍ന്നാല്‍ ഐടി കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനെ ബാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine