വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടര്‍ക്കഥ! ആറു ദിവസത്തില്‍ ₹45,000 കോടി പിന്‍വലിച്ചു; 2026ലെ ഒഴുക്ക് ₹3.6 ലക്ഷം കോടി

മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ സക്രിയ ഇടപെടല്‍ വിദേശ വില്‍പനയുടെ ഒരു ഭാഗം ഏറ്റെടുത്തു
Businessman in suit holding head in front of red world map and falling stock market graphs, symbolizing global financial crisis and stock market crash
canva
Published on: 

വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള പിന്‍മാറ്റം തുടരുന്നു. ഈ മാസം ഇതുവരെയുള്ള ആദ്യ ആറു വ്യാപാര ദിനങ്ങളില്‍ മാത്രം ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 45,125.67 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ 2026ല്‍ ഇതുവരെ ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ മൊത്തം പിന്‍വലിക്കല്‍ 3.6 ലക്ഷം കോടി രൂപയായി.

തുടര്‍ച്ചയായ വിദേശ വില്‍പന ആഭ്യന്തര വിപണിയിലും സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. നിഫ്റ്റി 50 ഈ വര്‍ഷം ഇതുവരെ ഏകദേശം 14 ശതമാനം താഴെയാണ്. മുന്‍നിര ഓഹരികളിലെല്ലാം ഇടിവ് പ്രകടമാണ്.

സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 45,536.89 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ആ മാസം 1.22 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഏപ്രിലില്‍ 63,167 കോടി രൂപയുടെ വില്‍പനയും വിദേശ നിക്ഷേപകര്‍ നടത്തി.

ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ തുണ

വിദേശ നിക്ഷേപകര്‍ വില്‍പന തുടരുമ്പോഴും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ Domestic Institutional Investors (DIIs) വാങ്ങലിലൂടെ വിപണിക്ക് ഒരു പരിധിവരെ പിന്തുണ നല്‍കുന്നുണ്ട്. ആഭ്യന്തര ചെറുകിട നിക്ഷേപകരും ഇക്കാലയളവില്‍ വിപണിയില്‍ സജീവമായിരുന്നു. എന്നിരുന്നാലും വിദേശ നിക്ഷേപകരുടെ വലിയ പിന്‍മാറ്റം വിപണിക്ക് തിരിച്ചടിയാണെന്നാണ് വിദഗ്ധ വിലയിരുത്തല്‍.

മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ സക്രിയ ഇടപെടല്‍ വിദേശ വില്‍പനയുടെ ഒരു ഭാഗം ഏറ്റെടുത്തു. വിപണിയെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത് ഈ ഇടപെടലാണ്.

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും യുഎസ് ബോണ്ട് യീല്‍ഡും ഇന്ത്യന്‍ വിപണിക്ക് പ്രധാന പ്രതികൂല ഘടകങ്ങളാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി വിപണി ക്രമേണ താഴേക്ക് നീങ്ങുകയാണ്. ഉയര്‍ന്ന ക്രൂഡ് വിലയും ഉയര്‍ന്ന യു.എസ് ബോണ്ട് യീല്‍ഡും നിലവില്‍ വിപണിക്ക് ശക്തമായ രണ്ട് പ്രതികൂല ഘടകങ്ങളാണ്. ഇവ തുടരുന്നിടത്തോളം വിപണിയില്‍ സമ്മര്‍ദ്ദവും തുടരുമെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com