വിദേശികള്‍ ഓരോ മണിക്കൂറിലും വിറ്റഴിച്ചത് ₹152 കോടിയുടെ ഓഹരികള്‍; എന്നിട്ടും ഇന്ത്യന്‍ വിപണിക്ക് ഒന്നും സംഭവിച്ചില്ല!

ഓരോ വ്യാപാര ദിനത്തിലും വിദേശ നിക്ഷേപകരുടെ വില്പന ഏകദേശം 900 കോടി രൂപ വരും. 2.23 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ 2025ല്‍ വിറ്റൊഴിവാക്കിയത്
indian stock market positive vibe
chatgpt and canva
Published on

തിരിച്ചടിയും തിരിച്ചുവരവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു ഇന്ത്യന്‍ ഓഹരി വിപണിക്ക് 2025. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡൊണള്‍ഡ് ട്രംപിന്റെ അധികാരമേറ്റെടുക്കലിന് പിന്നാലെയുണ്ടായ സമ്മര്‍ദങ്ങള്‍. പിന്നീടൊരു തിരിച്ചുവരവ്. ഇതിനിടയിലും വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള വിറ്റൊഴിക്കലിനും വിപണി സാക്ഷ്യം വഹിക്കേണ്ടി വന്നു. എന്നിട്ടും ഇന്ത്യന്‍ വിപണിക്ക് ഭയന്നതു പോലൈാരു തിരിച്ചടി നേരിടേണ്ടി വന്നില്ല. അതിനു നന്ദി പറയേണ്ടത് ആഭ്യന്തര നിക്ഷേപകര്‍ക്കാണ്.

വിദേശീയര്‍ വിറ്റൊഴിവാക്കിയ ശൂന്യതയിലേക്ക് മ്യൂച്ചല്‍ ഫണ്ടുകളിലൂടെയും അല്ലാതെയും ഒഴുകിയ ഇന്ത്യക്കാരുടെ പണം വിപണിക്ക് താങ്ങായി. 2025ലെ വിദേശ നിക്ഷേപകരുടെ വിറ്റൊഴിവാക്കലിന്റെ ശരിയായ ചിത്രം ലഭിക്കാനൊരു കണക്ക് പറയാം. ഈ വര്‍ഷം വ്യാപാരം നടന്ന ഓരോ മണിക്കൂറിലും 152 കോടി രൂപയുടെ വീതം ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു.

ഓരോ വ്യാപാര ദിനത്തിലും വിദേശ നിക്ഷേപകരുടെ വില്പന ഏകദേശം 900 കോടി രൂപ വരും. 2.23 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ 2025ല്‍ വിറ്റൊഴിവാക്കിയത്.

ഇന്ത്യന്‍ നിക്ഷേപകരുടെ വിപണിയിലെ ഇടപെടല്‍ കൂടിയതോടെ വിദേശ നിക്ഷേപകരുടെ പോക്കിന്റെ ക്ഷീണം വിപണിക്ക് കാര്യമായി അനുഭവപ്പെട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ നിക്ഷേപകര്‍ അത്രത്തോളം വളര്‍ന്നുവെന്ന് പറഞ്ഞാലും തെറ്റില്ല.

മുമ്പൊക്കെ വിദേശ നിക്ഷേപകര്‍ പിന്മാറുമ്പോള്‍ വിപണി കൂപ്പുകുത്തുന്നതായിരുന്നു രീതി. എന്നാലിപ്പോള്‍ കഥമാറി. എസ്.ഐ.പി കൂടുതല്‍ ജനകീയമായതും മ്യൂച്വല്‍ ഫണ്ടുകള്‍ സാധാരണക്കാരായ നിക്ഷേപകരുടെ വരെ ജീവിതത്തിന്റെ ഭാഗമായതും വിപണിക്ക് കരുത്തായി.

വിദേശികള്‍ പോയാലും തകരില്ല

പ്രാഥമിക ഓഹരി വില്പന (ഐപിഒ) സജീവമാണെങ്കിലും വിദേശ നിക്ഷേപകര്‍ ഡിസംബറിലും വില്പന മൂഡിലാണ്. ഈ മാസം ഇതുവരെ 15,959 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. ഈ കുറവ് പരിഹരിച്ചത് ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ്. ഇതുവരെ 39,965 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യന്‍ നിക്ഷേപകര്‍ ഈ മാസം വാങ്ങിക്കൂട്ടിയത്.

സെക്കന്‍ഡറി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാകുന്ന പ്രവണത തുടരുമ്പോഴും ഇന്ത്യന്‍ വിപണിയെക്കുറിച്ച് വിദേശികള്‍ക്കിടയില്‍ നെഗറ്റീവ് മനോഭാവമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. 2025ല്‍ ഇതുവരെ പ്രാഥമിക മാര്‍ക്കറ്റില്‍ (ഐപിഒ അടക്കം) അവര്‍ സക്രിയമാണ്.

ഈ വര്‍ഷം ഇതുവരെ പ്രൈമറി മാര്‍ക്കറ്റില്‍ 67,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ലോകത്ത് ഈ വര്‍ഷം കൂടുതല്‍ വില്പന സമ്മര്‍ദം രേഖപ്പെടുത്തിയ വിപണികളിലൊന്നാണ് ഇന്ത്യ. മുന്നില്‍ കാനഡയാണ്. ആഭ്യന്തര വിപണിയിലെ ഓഹരികളുടെ ഉയര്‍ന്ന വാല്യൂഷനും മറ്റ് നേട്ടമുള്ള മാര്‍ക്കറ്റുകളിലേക്കുള്ള മാറ്റവുമാണ് വിദേശികളെ പിന്നോട്ടടിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തെ പോലെ ഇന്ത്യന്‍ വിപണി കൂപ്പുകുത്താതെ പിടിച്ചു നിന്നതിന് കാരണം സാമ്പത്തിക മേഖലയിലെ രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രതിഫലമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

Despite record foreign sell-offs in 2025, strong domestic investments stabilized the Indian stock market

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com