കൊതിച്ചുപോകുന്ന വിജയം! ഒറ്റദിവസം കൊണ്ട് നൂറു കണക്കിന് ചെറുപ്പക്കാരെ കോടീശ്വരന്മാരാക്കി ഈ ഐടി കമ്പനി

സമ്പദ് വ്യവസ്ഥ കോവിഡ് പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വസന്തകാലമാണ്. ബൈജൂസ് യൂണികോണ്‍ കമ്പനിയായതും പേടിഎമ്മിന്റെ വളര്‍ച്ചയുമെല്ലാം ഇതിന് മികച്ച ഉദാഹരണം തന്നെ. ഇതാ ചെന്നൈയില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ നേതൃത്വം നല്‍കുന്ന ഈ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഐടി കമ്പനി ആരെയും കൊതിപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. അതും ഐപിഓയിലൂടെ.

ആഗോള എക്‌സ്‌ചേഞ്ചായ നാസ്ഡാക്കില്‍ ഫ്രഷ് വര്‍ക്ക് എന്ന കമ്പനി അരങ്ങേറ്റം കുറിച്ചതും വമ്പന്‍ നേട്ടം അവരെ കാത്തിരിക്കുകയായിരുന്നു, 32 ശതമാനമാണ് ബില്യണ്‍ ഡോളര്‍ ഐപിഒ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഇവരെ തേടിയെത്തിയത്. ഫ്രഷ് വര്‍ക്ക്‌സിന്റെ

ഓഹരികള്‍ 47.55 നിലവാരത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 500 ലേറെ ഇന്ത്യന്‍ ജീവനക്കാരെയാണ് ഒറ്റ ദിവസം കൊണ്ട് ഈ കമ്പനി കോടീശ്വരന്മാരാക്കിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ സ്ഥാപനം നാസ്ഡാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ്ചെയ്ത് ഈ ചരിത്ര വിജയം നേടുന്നത്. സെക്വേയ ക്യാപിറ്റല്‍, ക്യാപിറ്റല്‍ ജി എന്നീ സ്ഥാപനങ്ങളില്‍നിന്ന് 150 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു ഫ്രഷ് വര്‍ക്‌സ്.

തമിഴ്നാട്ടിലെ ത്രിച്ചിയില്‍ സ്റ്റാര്‍ട്ടപ്പായി 2010 ല്‍ പൊട്ടമുളച്ച സ്ഥാപനമാണ് 11 വര്‍ഷംകൊണ്ട് ഈനേട്ടം സ്വന്തമാക്കിയത്. ഇന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഇന്ത്യന്‍ കമ്പനിയുടെ വിപണി മൂല്യം 13 ബില്യണ്‍ ഡോളറിലധികമെത്തി നില്‍ക്കുന്നു. കമ്പനി ആസ്ഥാനം സിലിക്കന്‍ വാലിയിലേക്ക് പറിച്ചു നട്ടെങ്കിലും ഇന്ത്യയിലെ ജീവനക്കാരടക്കം ആഗോളതലത്തില്‍ കമ്പനിക്ക് 4,300 നിലവില്‍ ജീവനക്കാരുണ്ട്.

ജീവനക്കാരില്‍ 76 ശതമാനംപേരും കമ്പനിയുടെ ഓഹരികള്‍ കൈവശം വച്ചിരിക്കുന്നവരാണ്. ഓഹരി ഉടമസ്ഥതയിലൂടെ കോടിപതികളായ 500 ഓളം ജീവനക്കാരില്‍ 30 വയസ്സില്‍ താഴെയുള്ള 70 ഓളം ചെറുപ്പക്കാരുണ്ട്. ഫ്രഷ് വര്‍ക്സിന്റെ സിഇഒയും സ്ഥാപകനുമായ ഗിരീഷ് മാതൃഭൂതം നാസ്ദാക്കിലെ ഈ ചരിത്ര വിജയം ട്വിറ്ററിലൂടെ ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it