

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ/FPIs) ലോകത്ത് ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ഇന്ത്യന്‍ ഓഹരികള്‍. കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.5 ലക്ഷം കോടി രൂപയാണ്. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
തായ്‌വാനാണ് എഫ്.പി.ഐ നിക്ഷേപം നേടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഇന്ത്യയേക്കാള്‍ 600 കോടി ഡോളര്‍ (ഏകദേശം 49,000 കോടി രൂപ) കുറവാണ് തായ്‌വാനിലേക്ക് എത്തിയത്.
ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ (Major) സമ്പദ് വ്യവസ്ഥ, ആഗോള പ്രതിസന്ധികളില്‍ ഉലയാതെയുള്ള ഓഹരികളുടെ റെക്കോഡ് കുതിപ്പ്, ആഭ്യന്തര തലത്തില്‍ നിന്നുള്ള അനുകൂല ട്രെന്‍ഡ് തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യന്‍ ഓഹരികളിലേക്ക് വന്‍തോതില്‍ നിക്ഷേപമൊഴുക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.
ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെ നിഫ്റ്റി 50 ഇടിഞ്ഞത് ഏകദേശം 10 ശതമാനമാണ്. അതിനുശേഷം പക്ഷേ, വലിയ മുന്നേറ്റമാണ് സൂചിക നടത്തിയത്. വിദേശ നിക്ഷേപം കുതിച്ചെത്തിയതോടെ കഴിഞ്ഞവാരങ്ങളില്‍ റെക്കോഡുകള്‍ തിരുത്തി പുതിയ ഉയരവും കുറിച്ചു.
മാര്‍ച്ചിന് ശേഷം ഇതുവരെ നിഫ്റ്റി 50യുടെ മുന്നേറ്റം 17 ശതമാനമാണെങ്കില്‍ നിഫ്റ്റി സ്‌മോള്‍ക്യാപ്പ് സൂചിക കുതിച്ചത് 30 ശതമാനമാണ്. കഴിഞ്ഞമാസത്തെ (ജൂണ്‍) കണക്കെടുത്താല്‍ സ്‌മോള്‍ക്യാപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട്‌സ് നേടിയ നിക്ഷേപം മേയിലെ 3,300 കോടി രൂപയില്‍ നിന്ന് 5,500 കോടി രൂപയായി ഉയര്‍ന്നു. 2022ല്‍ ആകെ 20,000 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോള്‍ക്യാപ്പ് ഫണ്ടുകള്‍ നേടിയതെങ്കില്‍ 2023ന്റെ ആദ്യ ആറുമാസത്തില്‍ തന്നെ നിക്ഷേപം 18,000 കോടി രൂപയിലെത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine