വിദേശ നിക്ഷേപകർ തുടർച്ചയായി വാങ്ങിക്കൂട്ടിയ 83 ഓഹരികൾ; ഇതിൽ ഒളിഞ്ഞിരിക്കുന്ന വലിയ ലാഭരഹസ്യം എന്ത്?

2026-ലെ ആദ്യ ഒൻപത് മാസങ്ങളിലായി ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വലിയ തുക പിൻവലിച്ചെങ്കിലും 83 കമ്പനികളിൽ തുടർച്ചയായി ഓഹരി പങ്കാളിത്തം വർധിപ്പിച്ചു; ഈ പ്രവണതയുടെ അർഥമെന്ത്?
Foreign Investors Investing Stocks Trends
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI) വൻതോതിൽ പണം പിൻവലിക്കുമ്പോഴും തിരഞ്ഞെടുത്ത ഓഹരികളിൽ തുടർച്ചയായി നിക്ഷേപം വർധിപ്പിക്കുകയാണെന്ന് ലിസ്റ്റഡ് കമ്പനികളുടെ ഏറ്റവും പുതിയ ഷെയർഹോൾഡിം​ഗ്സ് ഡാറ്റ വ്യക്തമാക്കുന്നു. 2026-ലെ ആദ്യ ഒൻപതു മാസത്തിനിടെ ഇന്ത്യൻ വിപണിയിൽ നിന്ന് ഏകദേശം 2,800 കോടി ഡോളർ (ഏക​ദേശം 2.62 ലക്ഷം കോടി രൂപ) പിൻവലിച്ച വിദേശ നിക്ഷേപകർ, മറുവശത്ത് 83 കമ്പനികളിൽ തുടർച്ചയായ നാലു സാമ്പത്തിക പാദങ്ങളിലും ഓഹരി വിഹിതം ഉയർത്തി.

അതായത്, ഇന്ത്യയിൽ നിന്നുള്ള സമ്പൂർണ പിന്മാറ്റമല്ല വിദേശ നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കമെന്നും മറിച്ച്, വിപണിയിലെ പൊതുവായുള്ള നിക്ഷേപം കുറച്ച് കൂടുതൽ സാധ്യതയുള്ള ഓഹരികളിലേക്ക് പണം മാറ്റുന്ന തന്ത്രപരമായ പുനഃക്രമീകരണമാണിതെന്നും സാരം.

എന്നിരുന്നാലും ഈ 83 ഓഹരികളെയും വിദേശ നിക്ഷേപകർക്കുള്ള ഉയർന്ന വിശ്വാസത്തിന്റെ പ്രതിഫലനമായി കാണാനാകില്ല. നിക്ഷേപം ആരംഭിച്ചപ്പോഴുള്ള ഓഹരി വിഹിതത്തിന്റെ നിലവാരവും പിന്നീടുണ്ടായ വർധനയുടെ വലുപ്പവും പരിശോധിച്ചാലേ യഥാർഥ നിക്ഷേപ താൽപര്യവും ചെറിയ തോതിലുള്ള ഓഹരി പങ്കാളിത്ത വർധനയും വേർതിരിച്ചറിയാനാകൂ.

എവിടെയാണ് പുതിയ നിക്ഷേപ താൽപര്യം?

ചില ഓഹരികളിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം നേരത്തെയുണ്ടായിരുന്ന കുറഞ്ഞ തോതിൽനിന്നും ഇപ്പോൾ കുതിച്ചുയർന്നിട്ടുണ്ട്. അക്വിലോൺ നെക്സസിൽ (Aqylon Nexus Ltd) 2025 സെപ്റ്റംബറിൽ പൂജ്യം ശതമാനമായിരുന്ന എഫ്പിഐ പങ്കാളിത്തം 2026 സെപ്റ്റംബറോടെ 10 ശതമാനത്തിലേക്ക് കുത്തനെ വർധിച്ചു. എഎഎ ടെക്നോളജീസിൽ (AAA Technologies Ltd) മാർച്ച് പാദത്തോടെ ഓഹരി പങ്കാളിത്തം 7.8 ശതമാനത്തിൽ നിന്നും 35.2 ശതമാനത്തിലേക്കും തുടർന്ന് സെപ്റ്റംബറോടെ അത് 36.8 ശതമാനത്തിലേക്കും എത്തിച്ചേർന്നു.

ഗുജറാത്ത് എനർജിയിൽ (Gujarat Energy Ltd) 3.7 ശതമാനത്തിൽനിന്ന് 11.9 ശതമാനത്തിലേക്കും, വിർച്വൂസോ ഒപ്റ്റോഇലക്ട്രോണിക്സിൽ (Virtuoso Optoelectronics Ltd) 5 ശതമാനത്തിൽ നിന്ന് 17.5 ശതമാനത്തിലേക്കും വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ക്രമാനു​ഗതമായി ഉയർന്നു.

അതേസമയം കുറഞ്ഞ വിഹിതത്തിൽ നിന്നും പൊടുന്നനേയുണ്ടാകുന്ന ഇത്തരം വർധനകൾ, പുതിയ സെക്ടറുകളിലേക്കോ കമ്പനികളിലേക്കോ വിദേശ നിക്ഷേപകർ പ്രവേശിക്കുന്നതിന്റെ സൂചനയായേക്കാം. എന്നിരുന്നാലും ഓഹരി വിലയിൽ നേരിട്ട ഇടിവിനിടെ നിക്ഷേപം വർധിച്ചിട്ടുള്ളതു കൊണ്ട് മാത്രം ബിസിനസ്സിലുള്ള ശക്തമായ വിശ്വാസത്തിന്റെ തെളിവായും കണക്കിലെടുക്കരുത്.

ഉയർന്ന ഓഹരി പങ്കാളിത്തം; സൂചനയെന്ത്?

നേരത്തേ തന്നെ വിദേശ നിക്ഷേപകരുടെ വലിയ പങ്കാളിത്തമുള്ള കമ്പനികളിലെ ചെറിയ ഓഹരി വിഹിത വർധനയും ശ്രദ്ധിക്കേണ്ടതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ (South Indian Bank Ltd) എഫ്പിഐ പങ്കാളിത്തം 17.9 ശതമാനത്തിൽനിന്ന് 25.6 ശതമാനമായി ഉയർന്നു. ഡിസിബി ബാങ്കിൽ (DCB Bank Ltd) 10.5 ശതമാനത്തിൽനിന്ന് 15.5 ശതമാനത്തിലേക്കും ജിഎംആർ എയർപോർട്ട്സിൽ (GMR Airports Ltd) 17.1 ശതമാനത്തിൽനിന്ന് 22.9 ശതമാനത്തിലേക്കും വിദേശ നിക്ഷേപകരുടെ ഓഹരിക പങ്കാളിത്തം വർധിച്ചു.

അതേസമയം ലുപിൻ, സെയിൽ (SAIL), ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബയോകോൺ, അബോട്ട് ഇന്ത്യ പോലുള്ള വലിയ കമ്പനികളിലും തുടർച്ചയായ നാലു പാദങ്ങളിൽ വിദേശ നിക്ഷേപം വർധിച്ചിട്ടുണ്ട്. എൽഐസി, ഒഎൻജിസി, ബിഎച്ച്ഇഎൽ, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങിയവ നേരത്തെ തന്നെ വിദേശ നിക്ഷേപകരുട ​ഗണ്യമായ സാന്നിധ്യം ഉണ്ടായിരിന്നിട്ടും ഓഹരി പങ്കാളിത്തം വർധിപ്പിച്ച കമ്പനികളുടെ പട്ടികയിലുണ്ട്.

ഓഹരി വാങ്ങുന്നു, പക്ഷേ വില ഉയരണമെന്നില്ല

വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചതുകൊണ്ടുമാത്രം ഓഹരിക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് കരുതാനാവില്ല. അക്വിലോൺ നെക്സസിന്റെ വില വർഷാരംഭം മുതൽ 91.8 ശതമാനവും എഎഎ ടെക്നോളജീസിന്റേത് 5.6 ശതമാനവും ഇടിഞ്ഞു. ഗുജറാത്ത് എനർജിയും 36.4 ശതമാനം നഷ്ടത്തിലാണ്. മറുവശത്ത്, സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 188.7 ശതമാനവും എയറോഫ്ലെക്സ് ഇൻഡസ്ട്രീസ് 161.2 ശതമാനവും നേട്ടമുണ്ടാക്കി.

അതിനാൽ വിദേശ നിക്ഷേപകരുടെ വാങ്ങൽ ചിലപ്പോൾ വളർച്ചാ പ്രതീക്ഷയെയും മറ്റുചിലപ്പോൾ വിലയിടിവിനു ശേഷമുള്ള മൂല്യമതിപ്പ് (വാല്യുവേഷൻ) ആകർഷകമാണെന്ന സൂചനയേയുമാണ് പ്രതിഫലിപ്പിക്കുന്നത്. തുടക്കത്തിലെ ഓഹരി പങ്കാളിത്തം, വർധനയുടെ ശതമാനം, കമ്പനിയുടെ സാമ്പത്തിക അടിത്തറ, ഓഹരിയുടെ പ്രകടനം എന്നിവ ഒരുമിച്ച് പരിശോധിച്ചാലേ യഥാർഥ നിക്ഷേപത്തിന് തുനിഞ്ഞതാണോ എന്ന് തിരിച്ചറിയാനാകൂ.

കഴിഞ്ഞ 4 പാദങ്ങളിലും എഫ്പിഐ വിഹിതം ഉയർന്ന പ്രധാന ഓഹരികൾ

  • എഎഎ ടെക്നോളജീസ്

  • വിർച്യൂസോ ഒപ്റ്റോഇലക്ട്രോണിക്സ്

  • അഖിലോൺ നെക്സസ്

  • ഗുജറാത്ത് എനർജി

  • ഷൈലി എൻജിനീയറിങ് പ്ലാസ്റ്റിക്സ്

  • സൗത്ത് ഇന്ത്യൻ ബാങ്ക്

  • ഹസൂർ മൾട്ടി പ്രോജക്ട്സ്

  • മിഡ്‍വെസ്റ്റ് എനർജി

  • നൈബ് ലിമിറ്റഡ്

  • ജി.എം.ആർ എയർപോർട്ട്സ്

  • ഡി.സി.ബി ബാങ്ക്

  • ഡെക്കാൻ സിമന്റ്സ്

  • അബാൻസ് ഫിനാൻഷ്യൽ സർവീസസ്

  • വേദാന്ത

  • തൈറോകെയർ ടെക്നോളജീസ്

  • ആർ.ആർ കേബൽ

  • ആദിത്യ ബിർള ക്യാപിറ്റൽ

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര

  • സ്കൈ ഗോൾഡ് & ഡയമണ്ട്സ്

  • ശാന്തി എജ്യുക്കേഷണൽ -

  • ഈതർ ഇൻഡസ്ട്രീസ്

  • മാക്സ് ഫിനാൻഷ്യൽ സർവീസസ്

  • ജമ്മു ആൻഡ് കാശ്മീർ ബാങ്ക്

  • ആർ & ബി ഡെനിംസ്

  • ഭാരത് ഹെവി ഇലക്ട്രിക്കൽസ്

  • ഏറോഫ്ലെക്സ് ഇൻഡസ്ട്രീസ്

  • നുവാമ വെൽത്ത് മാനേജ്മെന്റ്

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Despite large net outflows from Indian equities in 2026, FPIs increased their shareholding in 83 companies over four consecutive quarters, highlighting selective investment interest.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```