Begin typing your search above and press return to search.
വിദേശികള്‍ ആവേശത്തില്‍; ഓഗസ്റ്റില്‍ നിക്ഷേപിച്ചത് 44,500 കോടി
റഷ്യ-യുക്രെയ്ന്‍ (Russia Ukraine) യുദ്ധത്തിന്റെയും ഇത് കാരണമുണ്ടായ പണപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് വിട്ടുനിന്ന വിദേശ നിക്ഷേപകര്‍ ആവേശത്തോടെ തിരിച്ചെത്തി. കഴിഞ്ഞ മാസങ്ങളില്‍ വില്‍പ്പനക്കാരായി തുടര്‍ന്ന വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ ഇതുവരെ 44,500 കോടി രൂപയോളമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ജൂലൈയിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (FPI) 5,000 കോടി രൂപയുടെ നിക്ഷേപത്തേക്കാള്‍ കൂടുതലാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ചകളില്‍ വിദേശികള്‍ ആവേശപൂര്‍വമാണ് ഓഹരികള്‍ വാങ്ങിച്ചത്. വ്യാഴാഴ്ച ഗണ്യമായ വില്‍പന നടത്തിയെങ്കിലും വെള്ളിയാഴ്ച അടക്കം കഴിഞ്ഞയാഴ്ച 276 കോടി ഡോളറിന്റെ നിക്ഷേപം അവരില്‍ നിന്നുണ്ടായി. വെള്ളിയാഴ്ച അവര്‍ 1110.9 കോടിയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ സ്വദേശി ഫണ്ടുകള്‍ 1633.21 കോടിയുടെ വില്‍പനക്കാരായി. വിദേശികള്‍ വിപണിയില്‍ നിന്നു പൊടുന്നനെ പിന്മാറില്ലെന്നും അവര്‍ നിക്ഷേപമേഖലകള്‍ മാറ്റുകയേ ഉള്ളുവെന്നും ആണു നിഗമനം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച തുടര്‍ച്ചയായ ഒമ്പത് മാസത്തെ വന്‍തോതിലുള്ള വില്‍പ്പനയ്ക്ക് ശേഷം ജൂലൈയിലാണ് വിദേശികള്‍ വാങ്ങുന്നവരായി മാറിയത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ വിദേശികള്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ (Equity Market) 2.46 ലക്ഷം കോടി രൂപ വിറ്റഴിച്ചു. അതേസമയം, വിദേശ നിക്ഷേപം വരും മാസങ്ങളിലും അസ്ഥിരമായി തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, മോണിറ്ററി പോളിസി നിയന്ത്രണങ്ങള്‍, ആദ്യ പാദത്തിലെ വരുമാനത്തിന്റെ പ്രകടനം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിയാല്‍ വിപണികളില്‍ നിക്ഷേപം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
Next Story
Videos