ഒനിഡ ഗ്രൂപ്പ് ചെയര്‍മാന്റെ ആദ്യകാല ഫണ്ടിംഗ്, ഇന്ത്യയിലെ ആദ്യ എ.ഐ ഐപിഒ; ഫ്രാക്ടല്‍ അനലിസ്റ്റിക്സ് നിക്ഷേപകര്‍ക്ക് നല്ലൊരു ഓപ്ഷന്‍ ആണോ?

മൈക്രോസോഫ്റ്റ്, ആപ്പിള്‍, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫാബെറ്റ്, മെറ്റ തുടങ്ങി ആഗോള വമ്പന്മാരാണ് കമ്പനിയുടെ സേവനങ്ങള്‍ കൈപ്പറ്റുന്നവര്‍
ഒനിഡ ഗ്രൂപ്പ് ചെയര്‍മാന്റെ ആദ്യകാല ഫണ്ടിംഗ്, ഇന്ത്യയിലെ ആദ്യ എ.ഐ ഐപിഒ; ഫ്രാക്ടല്‍ അനലിസ്റ്റിക്സ് നിക്ഷേപകര്‍ക്ക് നല്ലൊരു ഓപ്ഷന്‍ ആണോ?
Published on

ലോകമെമ്പാടുമുള്ള ടെക് കമ്പനികള്‍ക്കുമേല്‍ ആന്ത്രോപിക് (Anthropic) എന്ന എ.ഐ കമ്പനി തീകോരിയിട്ട സമയത്താണ് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ എഐ കമ്പനി പ്രാഥമിക ഓഹരി വില്പനയുമായി എത്തുന്നത്. ഒനിഡ ഗ്രൂപ്പിന്റെ (Onida Group) സ്ഥാപകനും ചെയര്‍മാനുമായ ഗുലു മിര്‍ചന്ദാനി (Gulu Mirchandani) തുടക്കകാലത്ത് നിക്ഷേപം നടത്തിയ ഫ്രാക്ടല്‍ അനലിസ്റ്റിക്‌സ് (Fractal Analytics) ഐപിഒയ്ക്ക് ഇന്നാണ് തുടക്കമായത്.

പരമ്പരാഗത ഐടി കമ്പനികള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന ഘട്ടത്തില്‍ ഫ്രാക്ടലിന്റെ വരവ് ഏതു രീതിയില്‍ നിക്ഷേപകര്‍ സ്വീകരിക്കുമെന്ന ആശങ്കയും ആകാംക്ഷയും വിപണിക്കുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ അനലിറ്റിക്സ്, ബിസിനസ് ഇന്റലിജന്‍സ് മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ളതാണ് ഈ കമ്പനി.

ഡേറ്റയില്‍ ഊന്നിയ ബിസിനസ് മോഡല്‍

ഫ്രാക്ടല്‍ അനലിസ്റ്റിക്സ് പ്രവര്‍ത്തിക്കുന്നത് വലിയ കമ്പനികള്‍ക്ക് ഡേറ്റ ഉപയോഗിച്ച് ബിസിനസ് തീരുമാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മേഖലയിലാണ്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളിലെ ആഗോള ക്ലയന്റുകള്‍ക്കാണ് ഇവര്‍ സേവനം നല്കുന്നത്. പരമ്പരാഗത ഐടി സര്‍വീസ് കമ്പനികളെക്കാള്‍ വ്യത്യസ്തമായി, ഉയര്‍ന്ന മൂല്യവര്‍ധിത സേവനങ്ങളിലാണ് ഫ്രാക്ടലിന്റെ ശ്രദ്ധ.

മൈക്രോസോഫ്റ്റ്, ആപ്പിള്‍, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫാബെറ്റ്, മെറ്റ തുടങ്ങി ആഗോള വമ്പന്മാരാണ് കമ്പനിയുടെ സേവനങ്ങള്‍ കൈപ്പറ്റുന്നവര്‍. വരുമാനത്തിന്റെ 65 ശതമാനവും യുഎസ് മാര്‍ക്കറ്റില്‍ നിന്നാണ്.

എഐ വിപണി 12.9 ലക്ഷം കോടി രൂപയുടേതാണെന്നും ഇതിന്റെ ചെറിയൊരു വിഹിതം പോലും നേടാന്‍ സാധിച്ചാല്‍ ഫ്രാക്ടല്‍ അനലിസ്റ്റിക്‌സിന്റെ ഭാവി ശോഭനമാണെന്ന് വിലയിരുത്തുന്നവരുണ്ട്. പരമ്പരാഗത സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നിന്ന് മാറി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വ്യത്യസ്തമായ അവസരമായിരിക്കുമെന്ന് അരിഹന്ത് ക്യാപിറ്റല്‍ റിസര്‍ച്ച് ഹെഡ് അഭിഷേക് ജെയിന്‍ പറയുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്

എഐയും ഡേറ്റ അനലിറ്റിക്സും ഭാവിയിലെ വലിയ വളര്‍ച്ചാ മേഖലകളാണെങ്കിലും, മൂല്യനിര്‍ണയം (valuation) പ്രധാന ആശങ്കയാണ്. ടെക് ഐപിഒകളില്‍ പലപ്പോഴും കാണുന്ന പോലെ ലിസ്റ്റിംഗിന് പിന്നാലെ തിരുത്തല്‍ (correction) സംഭവിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, ആഗോള ഐടി ചെലവുകളില്‍ ഇടിവുണ്ടായാല്‍ അത് വരുമാനത്തെയും ബാധിക്കാം.

ഫ്രാക്ടല്‍ അനലിസ്റ്റിക്സ് ഐപിഒ ദീര്‍ഘകാല കാഴ്ചപ്പാടുള്ള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായൊരു അവസരമായി മാറാന്‍ സാധ്യതയുണ്ട്. എങ്കിലും, ഇഷ്യൂ വില, ലാഭക്ഷമതയുടെ പ്രവണത, ഭാവി വളര്‍ച്ചാ പദ്ധതികള്‍ എന്നിവ വ്യക്തമായി വിലയിരുത്തിയ ശേഷമേ തീരുമാനം എടുക്കാവൂവെന്നാണ് പല വിദഗ്ധരും പറയുന്നത്. ടെക് മേഖലയിലെ ആവേശം മാത്രം നോക്കി നിക്ഷേപിക്കുന്നതിനു പകരം റിസ്‌കും റിട്ടേണും തുലനം ചെയ്യുന്ന സമീപനമാണ് ഉചിതം.

കമ്പനി വരുമാനം

കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ സമ്മിശ്ര പ്രകടനമാണ് കമ്പനി നടത്തുന്നത്. വരുമാനം തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. 2021 സാമ്പത്തികവര്‍ഷം വരുമാനം 873 കോടി രൂപയായിരുന്നു. ലാഭം 51 കോടി രൂപയും. തൊട്ടടുത്ത വര്‍ഷം ഇത് 1,295 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ചെലവും ആനുപാതികമായി ഉയര്‍ന്നതോടെ 84 കോടി രൂപ നഷ്ടം രേഖപ്പെടുത്തി.

2023 സാമ്പത്തികവര്‍ഷം വരുമാനവും ലാഭം ഉയര്‍ന്നു, യഥാക്രമം 1,985 കോടിയും 194 കോടി രൂപയുമായിട്ടായിരുന്നു വര്‍ധന. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 2,765 കോടി രൂപയും ലാഭം 221 കോടി രൂപയുമായും ഉയര്‍ന്നു.

Disclaimer:

മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Fractal Analytics launches India’s first full-scale AI IPO, backed by Onida Group—analysts weigh its long-term investment potential

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com