

പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും വാല്യു ഇന്‍വെസ്റ്ററുമായ പൊറിഞ്ചു വെളിയത്ത് പുതുതായി നിക്ഷേപത്തിന് തിരഞ്ഞെടുത്ത മൈക്രോ ക്യാപ് ഓഹരി മുന്നേറ്റം തുടരുന്നു. സെപ്റ്റംബര്‍ നാലിന് പൊറിഞ്ചുവെളിയത്ത് നിക്ഷേപം നടത്തിയ ശേഷം ഇതു വരെ 20 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്.
സെപ്റ്റംബര്‍ നാലിനാണ് ബള്‍ക്ക് ഡീലുകള്‍ വഴി ഫ്രാറ്റെല്ലി വൈന്‍യാര്‍ഡ്‌സ് (Fratelli Vineyards) എന്ന ഓഹരിയില്‍ പൊറുഞ്ചു വെളിയത്ത് നിക്ഷേപിച്ചത്. ഓഹരി ഒന്നിന് 109.70 രൂപ പ്രകാരം മൊത്തം 5.48 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. 25 ലക്ഷം ഓഹരികള്‍ വീതം രണ്ട് ബ്ലോക്ക് ഡീലുകള്‍ ആണ് നടത്തിയത്.
തൊട്ടു മുന്‍ദിവസം 104.05 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി തുടര്‍ന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ട് തൊട്ട് 109.70 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഓഹരി വില 126.90 രൂപയിലെത്തി. ഇന്നും ഇന്നലെയും ഓഹരി അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലായിരുന്നു. ഇന്നത്തെ ഓഹരി വില പ്രകാരം കമ്പനിയുടെ വിപണി മൂല്യം (Market cap) 549.20 കോടി രൂപയാണ്.
കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയാണിത്. ഗ്രീന്‍പീസ്, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ഇറ്റാലിയന്‍ ഭാഷയില്‍ സഹോദരങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന വാക്കാണ് ഫ്രാറ്റെല്ലി. ഇറ്റലിയിലെ സെക്കി സഹോദരങ്ങളും ഇന്ത്യയിലെ സെഖ്‌റി, മോഹിത് പാട്ടീല്‍ സഹോദരങ്ങളും ചേര്‍ന്ന് ആരംഭിച്ച കമ്പനിയാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 72 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയ ഓഹരിയാണിത്. ഈ വര്‍ഷം മാത്രം 67 ശതമാനവും ഓഹരി ഇടിഞ്ഞിരുന്നു. പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപത്തിന് പിന്നാലെയാണ് ഓഹരി തിരിച്ചു വരവ് നടത്തിയത്. അതേസമയം അഞ്ച് വര്‍ഷക്കാലയളവില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് 547 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്.
2025 ജൂണ്‍ പാദത്തില്‍ കമ്പനി 5.8 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കിയതാണ് ഓഹരിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണമാകുന്നതെന്ന് ചില അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. 2025 സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നിലവില്‍ വരിക.
ട്രെന്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പൊറിഞ്ചുവെളിയത്തിന് 11 ഓഹരികളിലായി 22.6 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്.
ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, ഓറിയന്റ് ബെല്‍, അപ്പോളോ സിന്ദൂരി ഹോട്ടല്‍സ്, സുന്ദരം ബ്രേക്ക് ലൈനിംഗ്, എം.എം. റബ്ബര്‍ കമ്പനി, കേരള ആയുര്‍വേദ, താല്‍ എന്റര്‍പ്രൈസസ് എന്നിവയാണ് അദ്ദേഹം നിക്ഷേപത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഓഹരികള്‍.
Fratelli Vineyards shares hit upper circuit after Porinju Veliyath's fresh investment boosts investor confidence.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Read DhanamOnline in English
Subscribe to Dhanam Magazine