ബോട്ട് മുതല്‍ അര്‍ബന്‍ കമ്പനി വരെ, വിപണിയില്‍ ലിസ്റ്റിംഗ് പൊടിപൂരം; വിശദാംശങ്ങള്‍ ഇങ്ങനെ

ഇത് രണ്ടാം തവണയാണ് ബോട്ട് ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2022ല്‍ വിപണിയിലെ അസ്ഥിരത മൂലം കമ്പനി ഓഹരി വില്പനയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു
ipo
Published on

യു.എസിന്റെ ഇരട്ട തീരുവയുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ വിപണിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എന്നാല്‍ വിപണി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. തുടര്‍ച്ചയായ സെഷനുകളില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരുംദിവസങ്ങളില്‍ കാലാവസ്ഥ മാറുമെന്നാണ് പ്രതീക്ഷ.

വിപണിയില്‍ കാറ്റ് അനുകൂലമല്ലെന്ന തിരിച്ചറിവില്‍ റിലയന്‍സ് ജിയോ അടക്കമുള്ള ചില കമ്പനികള്‍ പ്രാഥമിക ഓഹരി വില്പന (ഐപിഒ) വൈകിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ ഒരാഴ്ച്ചയ്ക്കിടെ 13 കമ്പനികളുടെ ഐപിഒയ്ക്കാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്കിയത്.

പ്രമുഖ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട് (boAt), ഹോം സര്‍വീസ് സേവനദാതാക്കളായ അര്‍ബന്‍ കമ്പനി (Urban Company), ജൂപിയര്‍ ഗ്രീന്‍ എനര്‍ജി (Juniper Green Energy) തുടങ്ങിയ കമ്പനികളും ഐപിഒ അനുമതി ലഭിച്ചവയില്‍ പെടുന്നു.

2,000 കോടി സമാഹരിക്കാന്‍ ബോട്ട്

ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയ ബ്രാന്‍ഡാണ് ബോട്ട്. ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് (Imagine Marketing Ltd) ആണ് മാതൃകമ്പനി. പ്രാഥമിക ഓഹരിവില്പന വഴി 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 1,100 കോടിയുടെ ഓഹരികളും വിറ്റഴിക്കാനാണ് പദ്ധതി. ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്‌സ്, നൊമുറ എന്നിവരാണ് ഐപിഒ മാനേജര്‍മാര്‍.

ഇത് രണ്ടാം തവണയാണ് ബോട്ട് ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്. 2022ല്‍ വിപണിയിലെ അസ്ഥിരത മൂലം കമ്പനി ഓഹരി വില്പനയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. നിലവിലുള്ള കടംവീട്ടുക, ബിസിനസ് വിപുലീകരണത്തിനായി ഫണ്ട് കണ്ടെത്തുക, റിസര്‍ച്ച്-വിപണി വിപുലീകരണം എന്നിവയ്ക്കായിട്ടാണ് ഓഹരി വില്പനയില്‍ നിന്നുള്ള വിഹിതം ഉപയോഗിക്കുക.

അര്‍ബന്‍ കമ്പനി

2014ല്‍ ഗുരുഗ്രാമില്‍ ആരംഭിച്ച കമ്പനിയാണ് അര്‍ബന്‍ കമ്പനി. തുടക്കത്തില്‍ ഇതിന്റെ പേര് അര്‍ബന്‍ക്ലാപ്പ് എന്നായിരുന്നു. വ്യത്യസ്തമാര്‍ന്ന ഹോംസര്‍വീസുകളാണ് കമ്പനി നല്കുന്നത്. 1,900 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിക്ഷേപകരായ എസല്‍ പാര്‍ട്‌ണേഴ്‌സ് (Accel Partners), എലവേഷന്‍ ക്യാപിറ്റല്‍ (Elevation Capital), ടൈഗര്‍ ഗ്ലോബല്‍, വി.വൈ ക്യാപിറ്റല്‍ എന്നിവര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും.

എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജൂപിയര്‍ ഗ്രീന്‍ എനര്‍ജി, രവി ഇന്‍ഫ്രാബില്‍ഡ്, കെഎസ്എച്ച് ഇന്റര്‍നാഷണല്‍, ഒമ്‌നിടെക് എന്‍ജിനിയറിംഗ്, ആല്‍കെം ലൈഫ്‌സയന്‍സസ്, കൊറോണ റെമഡീസ്, പേസ് ഡിജിടെക്, മൗറി ടെക് എന്നീ കമ്പനികള്‍ക്കും ഐപിഒ അനുമതി ലഭിച്ചിട്ടുണ്ട്.

SEBI approves IPOs of 13 companies including boAt and Urban Company amid market uncertainty

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com