ദീപാവലിയും മുഹൂര്‍ത്ത വ്യാപാരവും വരുന്നു, നിക്ഷേപിക്കാന്‍ പറ്റിയ ഒരു ഡസന്‍ ഓഹരികള്‍

ഒരു ഡസന്‍ ഓഹരികള്‍ നിര്‍ദേശിക്കുകയാണ് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. അതിനുള്ള ന്യായങ്ങളും വിവരിക്കുന്നു. ആവശ്യമായ പഠനം നടത്തി സ്വന്തം ഇഷ്ടപ്രകാരം വേണം നിക്ഷേപകന്‍ അന്തിമ തീരുമാനമെടുക്കാന്‍
ദീപാവലിയും മുഹൂര്‍ത്ത വ്യാപാരവും വരുന്നു, നിക്ഷേപിക്കാന്‍ പറ്റിയ ഒരു ഡസന്‍ ഓഹരികള്‍
Published on

ദീപാവലിക്കാലം നിക്ഷേപത്തിന് ഏറ്റവും പറ്റിയ സന്ദര്‍ഭമത്രേ. ഈ ചിന്താഗതി വടക്കേന്ത്യയില്‍ പ്രത്യേകിച്ചും, ശക്തമാണ്. ഓഹരി നിക്ഷേപകരും ദീപാവലിക്കാലം സമ്പാദ്യം വളര്‍ത്താനുള്ള മുഹൂര്‍ത്തമായി കാണുന്നു. സ്‌റ്റോക് എക്‌സ്‌ചേഞ്ചുകള്‍ മുഹൂര്‍ത്ത വ്യാപാരം തന്നെ സംഘടിപ്പിക്കുന്നു. ദീപാവലി ദിനത്തില്‍ ദീപം തെളിയിക്കുന്ന സന്ധ്യാസമയത്താണ് മുഹൂര്‍ത്ത വ്യാപാരം. ഈ സമയത്ത് വാങ്ങുന്ന ഓഹരി 'പൊലിക്കും' എന്ന വിശ്വാസത്തോടെ നിക്ഷേപകര്‍ പണമിറക്കുന്നു.

നല്ല മുഹൂര്‍ത്തത്തില്‍ നിക്ഷേപിക്കേണ്ട ഓഹരി ഏത്? ഇങ്ങനെ സംശയിച്ചു നില്‍ക്കുന്നവരെ സഹായിക്കുന്ന നിരവധി ഓഹരി ടിപ്‌സുകള്‍ ഇറങ്ങിത്തുടങ്ങി. വിപണിയില്‍ ഒന്നും പ്രവചിക്കുക സാധ്യമല്ല. എങ്കിലും വിപണി വലിയ ചാഞ്ചാട്ടങ്ങളില്ലാതെ മുന്നോട്ടു പോയാല്‍, ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തിയും നല്ല അടിത്തറയുമുള്ള ഓഹരികള്‍ ഏതെന്നു വഴികാട്ടുകയാണ് ഓഹരികളുടെ ശേഷി വിശകലനം ചെയ്യുന്നവര്‍. ബാക്കിയെല്ലാം ഭാഗ്യം. സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ആഗോള സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു നിന്നാല്‍ ഓഹരിക്കമ്പോളം ആവേശത്തിലാകും. മറിച്ചായാല്‍ കരടികള്‍ പിടിമുറുക്കും.

ഈ ദീപാവലിക്ക് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ പറ്റിയ ഒരു ഡസന്‍ ഓഹരികള്‍ നിര്‍ദേശിക്കുകയാണ് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. അതിനുള്ള ന്യായങ്ങളും വിവരിക്കുന്നു. ആവശ്യമായ പഠനം നടത്തി സ്വന്തം ഇഷ്ടപ്രകാരം വേണം നിക്ഷേപകന്‍ അന്തിമ തീരുമാനമെടുക്കാന്‍.

1. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഓരോ ബാങ്ക് ശാഖയുടെയും കാര്യശേഷിയും ലാഭക്ഷമതയും കൂട്ടാനുള്ള നിരവധി നടപടികളിലാണ് എസ്.ബി.ഐ. സേവനങ്ങളില്‍ നിന്നുള്ള വരുമാനം, പ്രവര്‍ത്തന ചെലവ് നിയന്ത്രണം, ജീവനക്കാരുടെ കാര്യശേഷി വര്‍ധന എന്നിവയില്‍ ശ്രദ്ധിക്കുന്നതിനൊപ്പം ഇന്ത്യയില്‍ ബാങ്കിന്റെ നേതൃപരമായ സ്ഥാനം ശക്തിപ്പെടുത്താനും നടപടി. ബാങ്ക് സംയോജന നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ അതും എസ്.ബി.ഐക്ക് ഗുണകരം.

2. ഇന്‍ഫോസിസ്

സേവനങ്ങള്‍ക്കായി മതിയായ ഓര്‍ഡര്‍ ബുക്ക് ഇന്‍ഫോസിസിനുണ്ട്. നിര്‍മിതശേഷി ബിസിനസ് കാര്യങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത കൂടി വരുന്നത് ഗുണകരം. ഓട്ടോമേഷനിലും എ.ഐയിലും വര്‍ധിച്ച നിക്ഷേപം.

3. മാരുതി സുസൂക്കി

ജി.എസ്.ടി ഇളവിന്റെ ഗുണഫലം ഏറ്റവും കൂടുതല്‍ കിട്ടുന്ന കമ്പനികളിലൊന്നാണ് മാരുതി സുസൂക്കി. വിപുലമായ ശൃംഖല, പുതിയ മോഡലുകള്‍. ഗ്രാമീണ മേഖലയില്‍ പ്രതീക്ഷിക്കുന്ന വരുമാന വര്‍ധനവ് വാഹന വില്‍പനക്കും ഗതിവേഗം കൂട്ടും.

4. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍

നേതൃതലത്തിലെ മാറ്റം പുതിയ പ്രതീക്ഷ നല്‍കുന്നു. പുതിയ ഉല്‍പന്നങ്ങള്‍ക്കും വൈവിധ്യത്തിനും വേണ്ടിയുള്ള ചുവടുവെയ്പുകള്‍. അനുകൂലമായ മണ്‍സൂണ്‍, ശമ്പള വര്‍ധന പ്രതീക്ഷ, നാണ്യപ്പെരുപ്പ നിയന്ത്രണം എന്നിവയെല്ലാം ഉപഭോഗം കൂടാന്‍ പ്രേരകം.

5. ആക്‌സിസ് ബാങ്ക്

വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനും പ്രവര്‍ത്തന വൈപുല്യം കൂട്ടാനുമുള്ള നിരന്തര ശ്രമത്തിലാണ് ആക്‌സിസ് ബാങ്ക്. മെച്ചപ്പെട്ട റിസ്‌ക്-റിവാര്‍ഡ് അനുപാതം. ആകര്‍ഷകമായ മൂല്യം.

6. അള്‍ട്രാടെക് സിമന്റ്

ശേഷി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ കരുതലാര്‍ന്ന നിക്ഷേപ പദ്ധതികളോടെ മുന്നോട്ടു നീങ്ങുകയാണ് കമ്പനി. ചില സിമന്റ് കമ്പനികളെ ഏറ്റെടുത്തത് ഉല്‍പാദന ക്ഷമത കൂട്ടാനും സഹായകം. ഇന്ത്യയില്‍ എവിടെയും സാന്നിധ്യവും വിശ്വാസ്യതയും.

7. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

ദീര്‍ഘകാല വളര്‍ച്ചക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്തുകയാണ് കമ്പനി. ഉയര്‍ന്ന മാര്‍ജിനുള്ള ആരോഗ്യ, ശരീര സംരക്ഷണ ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ. ഓര്‍ഗാനിക് ഇന്ത്യ, കാപിറ്റല്‍ ഫുഡ്‌സ് എന്നിവ വാങ്ങി.

8. ഹീറോ മോട്ടോകോര്‍പ്

വൈവിധ്യമാര്‍ന്ന വാഹന ശ്രേണി. ഉല്‍പന്ന മികവ് വര്‍ധിപ്പിക്കല്‍, ചെലവു ചുരുക്കല്‍ എന്നിവയെല്ലാം ഹീറോയുടെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്ത് നല്‍കുന്ന ഘടകങ്ങള്‍. ഇന്‍ഡസ്ട്രിയിലെ ശരാശരി വളര്‍ച്ചയെ കടത്തിവെട്ടുന്ന പ്രകടനം.

9. സുസ്‌ലോണ്‍ എനര്‍ജി

സുരക്ഷിതമായ ഓര്‍ഡര്‍ ബുക്ക്. അതുവഴി കുറഞ്ഞത് മൂന്നുവര്‍ഷത്തേക്ക് കൃത്യമായ വരുമാന സാധ്യത. ഓഹരിയുടെ നിലവിലെ മൂല്യം പുതിയ നിക്ഷേപത്തിന് ആകര്‍ഷകം.

10. ബ്രിഗേഡ് എന്റര്‍പ്രൈസസ്

പ്രമുഖ നഗരങ്ങളില്‍ ഒന്നേകാല്‍ കോടി ചതുരശ്രയടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കുറഞ്ഞ കാലത്തിനിടയില്‍ ബ്രിഗേഡിന് പൂര്‍ത്തിയാക്കാനുള്ളത്. അതുവഴി മികച്ച വരുമാന പ്രതീക്ഷ. 75 ശതമാനം ഓഹരിയും കൈവശമുള്ള ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സിന്റെ വിജയകരമായ ലിസ്റ്റിംഗും വൈവിധ്യവല്‍ക്കരണത്തിന് മുതല്‍ക്കൂട്ട്.

11. കാന്‍ഫിന്‍ ഹോംസ്

കാനറ ബാങ്കിന്റെ രക്ഷാകര്‍തൃത്വം വിശ്വാസ്യതക്ക് മുതല്‍ക്കൂട്ട്. മതിയായ ഫണ്ട് ലഭ്യതയും പ്രതീക്ഷിക്കാം. പാര്‍പ്പിടാവശ്യം വര്‍ധിക്കുന്നു. ഒപ്പം ഓഹരി മെച്ചപ്പെട്ട വാല്യുവേഷനില്‍.

12. എച്ച്ജി ഇന്‍ഫ്ര എഞ്ചിനീയറിംഗ്

നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വളര്‍ച്ചക്ക് കരുത്തുപകരുന്നു. റോഡ് നിര്‍മാണേതര ഓര്‍ഡര്‍ ബുക്ക് മികച്ചത്. ഇത് ഭാവി വളര്‍ച്ചക്ക് ഗുണകരം.

(മുന്നറിയിപ്പ്: ഈ വിവരങ്ങള്‍ പഠനത്തിനും വിശകലനത്തിനും വേണ്ടിയാണ്. ഇതിലെ ശിപാര്‍ശകള്‍ 'ധനം' നല്‍കുന്നതല്ല. അംഗീകൃത ഓഹരി വിപണി വിദഗ്ധരുമായി കൂടിയാലോചിച്ചു വേണം നിക്ഷേപകര്‍ തീരുമാനങ്ങള്‍ എടുക്കാന്‍. വിപണി സാഹചര്യം അതിവേഗ മാറ്റത്തിന് വിധേയമാണ്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com