ഐ.പി.ഒ വിപണിയില്‍ എസ്.എം.ഇകളുടെ അരങ്ങുവാഴ്ച, ലിസ്റ്റിംഗ് നേട്ടത്തില്‍ കുതിപ്പ്
അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന പ്രവചനങ്ങള്‍ക്കിടെ അതിശയകരമായ മുന്നേറ്റത്തില്‍ ആ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് എസ്.എം.ഇ ഐ.പി.ഒ സൂചിക (SME IPO Index). ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ (എസ്.എം.ഇ) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു തുടങ്ങിയതോടെ നിരവധി ചെറുകിട ഇടത്തരം കമ്പനികളാണ് വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ എസ്.എം.ഇ ഐ.പി.ഒ വിപണിയുടെ വളര്‍ച്ച 5,000 ശതമാനമാണ്. ഈ വര്‍ഷം മാത്രം 100 ശതമാനത്തിലധികം വളര്‍ന്നു. 2024ന്റെ ആദ്യ പകുതിയില്‍ എസ്.എം.ഇകള്‍ പ്രാരംഭ ഓഹരി വില്‍പ്പന വഴി സമാഹരിച്ചത് 3,000 കോടിയിലധികം രൂപയാണ്.
കൊവിഡ് കാലത്തിനു ശേഷം റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വലിയ തോതില്‍ ഉയര്‍ന്നതാണ് ചെറുകിട കമ്പനികളിലെ നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടാക്കിയത്. 2020 ഏപ്രില്‍ മുതല്‍ 500 ഓളം ചെറുകിട ഇടത്തരം കമ്പനികളാണ് ഐ.പി.ഒയുമായെത്തിയത്. ഏകദേശം 12,500 കോടി രൂപ ഇവ സമാഹരിച്ചു. ഈ വര്‍ഷം ഐ.പി.ഒയുമായി എത്തിയ 153 കമ്പനികളില്‍ 117 എണ്ണവും എസ്.എം.ഇ വിഭാഗത്തില്‍ നിന്നാണെന്ന് ട്രെന്‍ഡ്‌ലൈന്‍ കണക്കുകള്‍ കാണിക്കുന്നു.
ലിസ്റ്റിംഗില്‍ അസാധാരണ കുതിപ്പ്
സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ എസ്.എം.ഇ ഓഹരികളുടെ ലിസ്റ്റിംഗ് നേട്ടവും റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 110 കമ്പനികളാണ് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലുമായി ലിസ്റ്റ് ചെയ്തത്. ഇതില്‍ 43 എണ്ണത്തിന്റെയും ലിസ്റ്റിംഗ് നേട്ടം 100 ശതമാനത്തിലധികമാണ്. കഴിഞ്ഞ രണ്ട് മാസത്തില്‍ മാത്രം 10 ഓളം മള്‍ട്ടിബാഗര്‍ (100 ശതമാനത്തിലധികം നേട്ടം നല്‍കുന്ന ഓഹരികള്‍) ഐ.പി.ഒകളാണ് വിപണിയിലുണ്ടായത്. ഇതില്‍ 1500 ശതമാനം വരെ ലിസ്റ്റിംഗ് നേട്ടം നല്‍കിയ എസ്.എം.ഇ ഐ.പി.ഒകളുമുണ്ട്.
അടുത്തിടെ നടന്ന എസ്.എം.ഇ ഐ.പി.ഒകള്‍ പലതും വന്‍ നേട്ടം നല്‍കുന്നത് കണ്ട് ചെറുകിട നിക്ഷേപകര്‍ ഇതിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നുണ്ട്. എസ്.എം.ഇ സെഗ്മെന്റിനെയും മെയിന്‍സ്ട്രീം അസറ്റ് ക്ലാസായി നിക്ഷേപകര്‍ കണ്ടു തുടങ്ങിയതായാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
സുരക്ഷിതത്വ ആശങ്കയില്‍ നേട്ടത്തിന് പരിധി
എസ്.എം.ഇ ഐപി.ഒകളുടെ ലിസ്റ്റിംഗ് നേട്ടം കുതിച്ചുയരുന്നത് നിക്ഷേപകരുടെ സുരക്ഷിതത്വത്തെകുറിച്ചുള്ള ആശങ്കകള്‍ക്കും ഇടയാക്കിയിരുന്നു. ഇതിനായി എസ്.എം.ഇ ഐ.പി.ഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളു എന്ന നിബന്ധന എന്‍.എസ്.ഇ കൊണ്ടു വന്നു. പക്ഷെ ഈ നിബന്ധനയ്ക്കിടയിലും ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം കുതിച്ചുയരുന്നുണ്ട്. ഇന്ന് ലിസ്റ്റ് ചെയ്ത ഗണേഷ് ഗ്രീന്‍ ഭാരത്, എഫ്‌വ ഇന്‍ഫ്ര റിസര്‍ച്ച് എന്നീ എസ്.എം.ഇ ഐ.പി.ഒകളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 100 ശതമാനത്തിനു മുകളിലായിരുന്നു. ഗണേഷ് ഗ്രീന്‍ ഭാരത് 126 ശതമാനവും എഫ്‌വ ഇന്‍ഫ്ര 156 ശതമാനവും പ്രീമിയത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. ഇന്ന് ലിസ്റ്റ് ചെയതപ്പോള്‍ 90 ശതമാനത്തിലധികം ഉയരത്തിലാണ് ഇരു ഓഹരികളുടേയും വില. ഗണേഷ് ഗ്രീന്‍ ഭാരതിന്റെ ഇഷ്യു വില 190 രൂപയിരുന്നത് ലിസ്റ്റിംഗില്‍ 361 രൂപയായി. എഫ്‌വയാകട്ടെ 82 രൂപ ഇഷ്യു പ്രൈസില്‍ നിന്ന് 155.80 രൂപയിലെത്തി.
അടുത്തിടെ പല എസ്.എം.ഇ ഐ.പി.ഒകളും 200-300 ശതമാനം നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇഷ്യു വിലയുടെ 90 ശതമാനം മാത്രമേ പരമാവധി അധികമായി വരാവൂ എന്ന നിബന്ധന കഴിഞ്ഞാഴ്ച മുതല്‍ എന്‍.എസ്.ഇ ഏര്‍പ്പെടുത്തിയത്. ലിസ്റ്റിംഗ് നേട്ടത്തില്‍ പരിധിയുണ്ടെങ്കിലും ലിസ്റ്റ് ചെയ്ത ശേഷം ഓഹരിയുടെ വില ഉയരുന്നതിന് നിയന്ത്രണമില്ല. അതിനാല്‍ ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയത്തിന് അനുസരിച്ചുള്ള ഡിമാന്‍ഡ് അതിനു ശേഷവും ഉണ്ടായേക്കാം. പരിധി നിശ്ചയിച്ചതിനു ശേഷം ലിസ്റ്റ് ചെയ്ത നെഫ്‌റോ കെയര്‍ ഇന്ത്യയുടെ ലിസ്റ്റിംഗ് നേട്ടം 90 ശതമാനമായിരുന്നു. എന്നാല്‍ അതിനു ശേഷം തുടര്‍ച്ചയായി ഓഹരി അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ്.