എന്‍ എസ് ഡി എല്‍ നടപടി; അദാനിക്ക് നഷ്ടമായത് 56000 കോടി രൂപ

അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപമുള്ള മൂന്ന് വിദേശ എക്കൗണ്ടുകള്‍ നാഷണല്‍ സെക്യുരിറ്റീസ് ഡിപ്പോസിറ്ററി (എന്‍ എസ് ഡി എല്‍) മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഗൗതം അദാനിക്ക് നഷ്ടമായത് 7.6 ശതകോടി ഡോളര്‍ (ഏകദേശം 55692 കോടി രൂപ).

വാര്‍ത്തകള്‍ക്ക് പിന്നാലെ വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയതോടെയാണ് ഗൗതം അദാനിയുടെ ആസ്തിയില്‍ വന്‍ കുറവ് ഉണ്ടായത്. എന്നാല്‍ ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ ചെറിയൊരു തിരിച്ചു വരവ് നടത്താനും ഗ്രൂപ്പ് കമ്പനികള്‍ക്കായി. 4.1 ശതകോടി ഡോളറാണ് ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് നഷ്ടം. വെള്ളിയാഴ്ചയുണ്ടായിരുന്ന 74.9 ശതകോടി ഡോളര്‍ ആസ്തി ഇതോടെ 70.8 ശതകോടി ഡോളറായി.
നിലവില്‍ അദാനിയും കുടുംബവും ഫോര്‍ബ്‌സ് ബില്യണയര്‍ സൂചികയില്‍ 16ാം സ്ഥാനത്താണുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി പട്ടികയില്‍ 12 ാം സ്ഥാനത്താണ്. 87 ശതകോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ 25 ശതമാനത്തിലേറെയാണ് അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുടെ വില ഇടിഞ്ഞത്.
അദാനി എന്റര്‍പ്രൈസസിന്റെ വില 1601.45 രൂപയില്‍ നിന്ന് 1201 രൂപയായി. 25 ശതമാനം ഇടിവ്. അദാനി പോര്‍ട്ട്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവയുടേത് 18.75 ശതമാനം ഇടിവ് നേരിട്ടു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നിവയുടെയെല്ലാം വിലയില്‍ ഇടിവുണ്ടായി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ഇന്നലെ വ്യാപാരം നടത്തിയത്.
അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയുടെ എക്കൗണ്ടുകളാണ് മെയ് 31 ഓടെ മരവിപ്പിച്ചത്. ഉടമസ്ഥതാവകാശം സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം ഇവയുടെ എക്കൗണ്ടുകള്‍ എന്‍ എസ് ഡി എല്‍ മരവിപ്പിച്ചത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it