ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യു.എസ് കോടതി തള്ളി; അദാനി ​ഗ്രൂപ്പ് ഓഹരികളിൽ മുന്നേറ്റം

കുറ്റപത്രം തള്ളിയതിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾക്ക് ഉണർവ്; ഇറാൻ ഉപരോധ ലംഘനാരോപണങ്ങൾ പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് യു.എസ് ട്രഷറിക്ക് വൻതുക നൽകാനും ധാരണയായി
Adani Group Stocks Rallying Reasons
ഇൻസൈറ്റിൽ ​ഗൗതം അദാനിImage Source: Canva/adani.com
Published on

രാജ്യത്തെ വൻകിട സംരംഭകരായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യു.എസ് കോടതി തള്ളിയതിനെ തുടർന്ന് ഓറിയന്റ് സിമന്റ് ഒഴികെയുള്ള ബാക്കി 9 അദാനി ഗ്രൂപ്പ് ഓഹരികളും ചൊവ്വാഴ്ച (ഓ​ഗ​സ്റ്റ് 11) മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വ്യാപാരം പുരോ​ഗമിക്കവെ ആവേശം അൽപ്പം കുറഞ്ഞെങ്കിലും അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ ഇപ്പോഴും നേട്ടത്തിൽ തുടരുന്നു.

ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് കോടതിയാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹർജി അംഗീകരിച്ച് അദാനി, സഹോദരീ പുത്രൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരായ കുറ്റപത്രം തള്ളിയത്. 'വിത്ത് പ്രെജുഡീസ്' (With prejudice) ഉത്തരവ് ആയതിനാൽ കേസ് ഭാവിയിൽ വീണ്ടും ഫയൽ ചെയ്യാൻ കഴിയില്ല.

സൗരോർജ്ജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (ഏകദേശം 2,400 കോടി രൂപ) കൈക്കൂലി നൽകാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2024 നവംബറിലാണ് യു.എസ് പ്രോസിക്യൂട്ടർമാർ കേസ് എടുത്തത്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളെല്ലാം പൂർണമായി തള്ളിക്കളഞ്ഞിരുന്നു.

സിവിൽ കേസുകളിൽ ധാരണയും അദാനിയുടെ പ്രതികരണവും

ക്രിമിനൽ കേസ് തള്ളിയതിനൊപ്പം അനുബന്ധ സിവിൽ, റെഗുലേറ്ററി വിഷയങ്ങളും ഒത്തുതീർപ്പിലെത്തി. ആരോപണങ്ങൾ അംഗീകരിക്കാതെ തന്നെ ഗൗതം അദാനി 6 ദശലക്ഷം ഡോളറും (ഏകദേശം 57 കോടി രൂപ) സാഗർ അദാനി 12 ദശലക്ഷം ഡോളറും (ഏകദേശം 114 കോടി രൂപ) യു.എസ് ​സ്റ്റോക്ക് എക്സ്ചേഞ്ച് റെ​ഗുലേറ്ററായ എസ്.ഇ.സിക്ക് (SEC) പിഴയടയ്ക്കാൻ സമ്മതിച്ചു. ഇറാൻ ഉപരോധ ലംഘന ആരോപണങ്ങൾ പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് 275 ദശലക്ഷം ഡോളർ (ഏകദേശം 2,600 കോടി രൂപ) യു.എസ് ട്രഷറിക്ക് നൽകാനും ധാരണയായി.

യു.എസ് കോടതിയുടെ വിധിയെ എളിമയോടെയും നീതിന്യായ വ്യവസ്ഥയോടുള്ള ആദരവോടെയും സ്വാഗതം ചെയ്യുന്നുവെന്ന് അദാനി ​ഗ്രൂപ്പിന്റെ ചെയ‌ർമാൻ ഗൗതം അദാനി പ്രതികരിച്ചു. "ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലുടനീളം സത്യത്തിലും നീതിയിലുമുള്ള ഞങ്ങളുടെ വിശ്വാസം അചഞ്ചലമായിരുന്നു. രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും മൂല്യവർധനവിനുള്ള പരിശ്രമങ്ങളും ഞങ്ങൾ തുടരും," അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com