ഗള്‍ഫിലെ യുദ്ധഭീഷണിക്കിടയിലും ഇന്ത്യന്‍ ഓഹരികളില്‍ വിശ്വാസമര്‍പ്പിച്ച് പ്രവാസികള്‍; റിയല്‍ എസ്റ്റേറ്റില്‍ നിന്ന് വന്‍ ചുവടുമാറ്റം, സ്വര്‍ണത്തിന് അഞ്ചാം സ്ഥാനം

പ്രാവസി നിക്ഷേപകരില്‍ 42 ശതമാനവും ഇന്ത്യന്‍ ഇക്വിറ്റിയിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്‌
NRI investment
Image created with Chatgpt AI
Published on

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ജിസിസി എന്‍ആര്‍ഐകള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായി ഇന്ത്യന്‍ ഓഹരി വിപണി മാറുന്നു. പ്രമുഖ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറസ് വെല്‍ത്ത് (Equirus Wealth) പുറത്തിറക്കിയ 'ഇന്ത്യന്‍ ഇക്വിറ്റി അറ്റ് ദി കോര്‍, ഐസ് എവരിവെയര്‍' (Indian Equity at the Core, Eyes Everywhere) എന്ന റിപ്പോര്‍ട്ടാണ് പ്രവാസികളുടെ നിക്ഷേപ ശൈലിയിലെ ഈ വലിയ മാറ്റം ചൂണ്ടിക്കാട്ടുന്നത്.

ഭൗതിക ആസ്തികളായ (Physical assets) റിയല്‍ എസ്റ്റേറ്റില്‍ നിന്നും സ്വര്‍ണത്തില്‍ നിന്നും മാറി ഓഹരി വിപണി പോലുള്ള സാമ്പത്തിക പോര്‍ട്ട്‌ഫോളിയോകളിലേക്ക് (Financial portfolios) പ്രവാസികള്‍ വന്‍തോതില്‍ ചുവടുമാറ്റുകയാണ്.

പുതിയ നിക്ഷേപം എവിടെ?

പുതിയ മൂലധനം നിക്ഷേപിക്കാന്‍ പ്രവാസികള്‍ മുന്‍ഗണന നല്‍കുന്നത് പ്രധാനമായി ഇന്ത്യന്‍ ഓഹരികള്‍ തന്നെയാണ്. 42% ശതമാനം പേരാണ് ഇതില്‍ താത്പര്യം കാണിക്കുന്നത്. 23 ശതമാനത്തോളം പേര്‍ സ്ഥിര വരുമാന പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ 15 ശതമാനം പേര്‍ കാത്തിരുന്ന് നിരീക്ഷിക്കുക എന്ന രീതിയാണ് പിന്തുടരുന്നത്. എന്‍ആര്‍ഐകളില്‍ 11 ശതമാനം പേര്‍ അന്താരാഷ്ട്ര ഓഹരികളിലെ നിക്ഷേപത്തിനും താത്പര്യം കാണിക്കുന്നുണ്ട്.

സ്വര്‍ണത്തോടുള്ള പഴയ താത്പര്യവും ഇപ്പോള്‍ ഇല്ല. നാല് ശതമാനം പേര്‍ മാത്രമാണ് ഇതില്‍ താത്പര്യം കാണിക്കുന്നത്.

റിയല്‍ എസ്റ്റേറ്റില്‍ നിന്ന് പിന്‍വാങ്ങുന്നു

റിപ്പോര്‍ട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയോടുള്ള താല്പര്യക്കുറവാണ്. വെറും രണ്ട് ശതമാനം പേര്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനത്തോളം നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നു. ഇത് വിപണിയിലെ താല്‍ക്കാലികമായ മാറ്റമല്ലെന്നും പ്രവാസികളുടെ നിക്ഷേപ സ്വഭാവത്തില്‍ വന്ന ഘടനാപരമായ മാറ്റമാണെന്നും ഇക്വിറസ് വെല്‍ത്ത് വിലയിരുത്തുന്നു. അതേസമയം, 73 ശതമാനം പേരും ഇന്ത്യന്‍ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം വര്‍ധിപ്പിച്ചു.

പ്രവാസി മലയാളികളും റിയല്‍ എസ്റ്റേറ്റിനേക്കാള്‍ കൂടുതല്‍ ഇക്വിറ്റിക്കും ഫിക്‌സഡ് ഇന്‍കത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇക്വിറസ് വെല്‍ത്ത് എംഡി & ബിസിനസ് ഹെഡ് അങ്കുര്‍ പൂഞ്ച് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. പ്രത്യേക സെക്ടറുകളെക്കാള്‍ അവര്‍ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോ ആണ് ശ്രദ്ധിക്കുന്നത്. മുമ്പ് മലയാളികള്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ വലിയ നിക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങളും ലാഭം കുറവായതും കാരണം അവര്‍ ഇപ്പോള്‍ സ്വര്‍ണം, വെള്ളി, ഇക്വിറ്റി എന്നിവയിലേക്ക് മാറുകയാണ്.

പണമയക്കല്‍ ഇപ്പോള്‍ നിക്ഷേപത്തിനായി

മുന്‍കാലങ്ങളില്‍ കുടുംബ ആവശ്യങ്ങള്‍ക്കായി പണമയക്കുന്നതിനായിരുന്നു മുന്‍ഗണനയെങ്കില്‍, ഇപ്പോള്‍ നിക്ഷേപ ലക്ഷ്യത്തോടെയാണ് പണമയക്കുന്നത്. അതായത് 27 ശതമാനം നിക്ഷേപത്തിനും 26 ശതമാനം കുടുംബ ആവശ്യങ്ങള്‍ക്കും 22 ശതമാനം റിട്ടയര്‍മെന്റ് പ്ലാനിംഗിനുമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം പ്രവാസികള്‍ ചിലവുകള്‍ കുറയ്ക്കുകയും സമ്പാദ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ വിപണിയില്‍ ഭയപ്പെടുന്നില്ല.

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും 86 ശതമാനം പ്രവാസികളും സാമ്പത്തിക സുരക്ഷിതത്വത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജിസിസി രാജ്യങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം കുവൈറ്റിലെ പ്രവാസികള്‍ക്കാണ് (3.93/5). യുഎഇ (3.53), ഖത്തര്‍ (3.52) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നാലെയുണ്ട്. എന്നാല്‍ ബഹ്‌റൈനിലെ (2.75) പ്രവാസികള്‍ക്കിടയില്‍ ആത്മവിശ്വാസം താരതമ്യേന കുറവാണ്.

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ 8,300-ഓളം എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കിടയിലാണ് ഈ പഠനം നടത്തിയത്. നിക്ഷേപകര്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതായും ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള പോര്‍ട്ട്‌ഫോളിയോകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 85% പേരും 10 വര്‍ഷത്തിലധികമായി ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവരാണ്. പകുതിയോളം പേര്‍ വര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ്.

ഇന്ത്യന്‍ വിപണി ശക്തം, വളര്‍ച്ചയ്ക്കും സാഹചര്യം

വിദേശ നിക്ഷേപത്തെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എഫ്ഐഐകള്‍ വിറ്റഴിച്ചിട്ടും നമ്മുടെ വിപണി ശക്തമായി നില്‍ക്കുന്നു. ഡിഐഐകള്‍ കരുത്താര്‍ജ്ജിക്കുന്നത് നല്ലൊരു സൂചനയാണ്. അടുത്ത കാലത്തായി ക്രൂഡ് ഓയില്‍ വിലയും മറ്റും ചെറിയ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ അടിസ്ഥാനം ശക്തമാണെന്ന് ഇക്വിറസ് വെല്‍ത്ത് ഡയറക്ടര്‍ - ഹെഡ് കേരള & യുഎഇ ദിനേഷ് നായര്‍ പറഞ്ഞു.

ഇന്ത്യയിലെ വെറും 5% ആളുകള്‍ മാത്രമേ ഓഹരി വിപണിയില്‍ ഉള്ളൂ. ഇത് യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാല്‍ വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ട്. പുതിയ തലമുറ ഭൗതിക ആസ്തികളേക്കാള്‍ സാമ്പത്തിക ആസ്തികളിലാണ് താല്പര്യം കാണിക്കുന്നത്. എസ്‌ഐപി (SIP) വഴിയുള്ള പണമൊഴുക്ക് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

GCC NRIs, including Malayalis, are increasingly shifting investments from real estate and gold to Indian equities and financial portfolios despite geopolitical uncertainties.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com