

കൊച്ചി ആസ്ഥാനമായ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അവകാശ ഓഹരികളിറക്കി 200 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. നിലവിലുള്ള ഓഹരി ഉടമകള്‍ക്കാണ് റൈറ്റ്‌സ് ഇഷ്യു പ്രകാരം ഓഹരികള്‍ അനുവദിക്കുക. നാളെയാണ് (സെപ്റ്റംബര്‍ 19) റൈറ്റ്‌സ് ഇഷ്യു അംഗീകരിക്കുന്നതിനുള്ള യോഗം തീരുമാനിച്ചിരിക്കുന്നത്. ഇഷ്യു വില, ഓഹരി അനുവദിക്കുന്നതിനുള്ള അനുപാതം എന്നിവയും നാളത്തെ യോഗത്തില്‍ തീരുമാനിക്കും.
ജൂലൈ 13ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാനുള്ള അനുമതി നല്‍കിയത്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു തീരുമാനം. ജിയോജിത്തിന്റെ സംയോജിത ലാഭം ഒന്നാം പാദത്തില്‍ 107 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 45.81 കോടിയും വരുമാനം 56 ശതമാനം വളര്‍ച്ചയോടെ 181.18 കോടിയുമായിരുന്നു.
2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയാണ് ജിയോജിത് കൈകാര്യം ചെയ്യുന്നത്. 14.12 ലക്ഷം ഉപയോക്താക്കളുണ്ട്. ഗള്‍ഫില്‍ ഉള്‍പ്പെടെ കമ്പനിക്ക് മൊത്തം 503 ഓഫീസുകളുമുണ്ട്.
ഇന്നലെയാണ് റൈറ്റ്‌സ് ഇഷ്യു കമ്മിറ്റി മീറ്റിംഗിനെ സംബന്ധിച്ച് ജിയോജിത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. തുടര്‍ന്ന് ജിയോജിത് ഓഹരികള്‍ ഏഴ് ശതമാനത്തോളം താഴേക്ക് പോയി. ഇന്ന് പക്ഷെ ഓഹരികള്‍ ആറര ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ 4.26 ശതമാനം ഉയര്‍ന്ന് 162.50 രൂപയിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി 200 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിത്. ഇക്കാലയളവില്‍ നിഫ്റ്റിയുടെ വളര്‍ച്ച 25 ശതമാനം മാത്രമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine