ഇനി ദിവസം മുഴുവന്‍ നിഫ്റ്റിയില്‍ ട്രേഡ് ചെയ്യാം
സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്തിരുന്ന നിഫ്റ്റി ഡെറിവേറ്റീവ് കോണ്‍ട്രാക്ടായ എസ്.ജി.എക്‌സ് നിഫ്റ്റി (SGX Nifty) ഇന്നു മുതല്‍ ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്റര്‍ (IFSC) എന്ന പ്രത്യേക സാമ്പത്തിക മേഖലയില്‍ (Special Economic Zone/SEZ) വ്യാപാരം തുടങ്ങി. ഗിഫ്റ്റ് നിഫ്റ്റി(Gift Nifty) എന്നാണ് ഇനി ഇത് അറിയപ്പെടുക.
അമേരിക്കന്‍ ഡോളറിലുള്ള നിഫ്റ്റി ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ വ്യാപാരം ചെയ്യാനുള്ള ഏക ജാലക സംവിധാനമാണ് ഗിഫ്റ്റ് നിഫ്റ്റി. ഏതെങ്കിലും ആസ്തിയോ സൂചികയോ ആധാരമാക്കി വ്യാപാരത്തിനായി രൂപപ്പെടുത്തുന്ന കോണ്‍ട്രാക്റ്റാണ് ഡെറിവേറ്റീവ് എന്നു പറയുന്നത്. ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകളും ഓപ്ഷന്‍ കോണ്‍ട്രാക്റ്റുകളും ഇതിന് ഉദാഹരണമാണ്.
ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ത്യന്‍ രൂപയല്ലാത്ത മറ്റ് കറന്‍സികളില്‍ ഡെറിവേറ്റീവ് വ്യാപാരം നടത്താനാകും. 2017 ല്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍.എസ്.ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിലാണ് വിനിമയം നടത്താന്‍ സാധിക്കുന്നത്.
നിഫ്റ്റിയുടെ ചലനം അറിയാന്‍
നിഫ്റ്റി സൂചികയുടെ ഗതി മനസിലാക്കാനുള്ള പ്രാരംഭ സൂചികയായാണ് എസ്.ജി.എക്‌സ് നിഫ്റ്റിയെ ട്രേഡര്‍മാര്‍ കണക്കാക്കിയിരുന്നത്. നിഫ്റ്റി 9.15 ന് വ്യാപാരം തുടങ്ങുന്നതിനു മുമ്പേ ട്രേഡര്‍മാര്‍ എസ്.ജി.എക്‌സ് നിഫ്റ്റി വിശകലനം ചെയ്യാറുണ്ട്. ഇനി ട്രേഡര്‍മാര്‍ക്ക് ഗിഫ്റ്റ് നിഫ്റ്റി നിരീക്ഷിച്ച് ഗതി മനസിലാക്കാം.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചെഞ്ചില്‍(NSE) ലിസ്റ്റ് ചെയ്തിട്ടുള്ള 50 ഓഹരികളുടെ സൂചികയാണ് ഗിഫ്റ്റ് നിഫ്റ്റി. എന്‍.എസ്.ഇ ഐ.എക്‌സില്‍ യു.എസ് ഡോളറില്‍ വ്യാപാരം നടത്തുന്ന ആദ്യ ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റാണ് ഗിഫ്റ്റ് നിഫ്റ്റി. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗിഫ്റ്റ് നിഫ്റ്റി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്.ജി.എക്‌സ് അംഗങ്ങള്‍ക്ക് ഗിഫ്റ്റി നിഫ്റ്റി ഓര്‍ഡറുകള്‍ എന്‍.എസ്.ഇ ഐ.എഫ്.എസ്.സി വഴി വ്യാപാരം നടത്താനും എസ്.ജിഎക്‌സ് ഡെറിവേറ്റീവ് ക്ലിയറിംഗ് മുഖേന സെറ്റില്‍മെന്റ് നടത്താനും സാധിക്കും.
സിംഗപ്പൂര്‍ എസ്.ജി.എക്‌സില്‍ നടന്നിരുന്ന 750 കോടിഡോളറിന്റെ (7.5 ബില്യണ്‍)ഡെറിവേറ്റീവ് വ്യാപാരം ഇന്ത്യയിലേക്ക് എത്തുന്നതോടെ ഓഹരി വിപണിയില്‍ കൂടുതല്‍ ലിക്വിഡിറ്റി നേടാനും സഹായിക്കും.
ഗിഫ്റ്റ് നിഫ്റ്റിയുടെ പ്രവര്‍ത്തനം ഇന്ത്യയിലായതിനാല്‍ ട്രേഡര്‍മാര്‍ക്ക് അവരുടെ വ്യാപാരത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനാകും. മാത്രമല്ല ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സമയവ്യത്യാസം ബാധിക്കുകയുമില്ല.