ഒരു വര്‍ഷത്തിനിടെ 4,795 ശതമാനത്തിന്റെ വളര്‍ച്ച, ആറ് മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 786 ശതമാനത്തോളം: ഈ കമ്പനിയെ കുറിച്ച് അറിയാം

ആറ് മാസം കൊണ്ട് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് അത്ഭുതരകമായ നേട്ടം സമ്മാനിച്ച് ഗീത റിന്യൂവബ്ള്‍ എനര്‍ജി. ആറ് മാസത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില 786 ശതമാനത്തോളമാണ് വര്‍ധിച്ചത്. 2021 ഏപ്രില്‍ 20 ന് 30.50 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഇന്ന് (20-10-2021, 9.30) 270.25 രൂപയിലെത്തി നില്‍ക്കുന്നത്. ഓഗസ്റ്റ് 10 ന് ഗീത റിന്യൂവബ്ള്‍ എനര്‍ജിയുടെ ഓഹരി വില 286 രൂപയിലെത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം 88 രൂപയിലേക്ക് താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വീണ്ടും കുത്തനെ ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 178.03 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

അതേസമയം, ഒരു വര്‍ഷത്തെ കമ്പനിയുടെ ഓഹരി വിപണിയിലെ പ്രകടനം വിലയിരുത്തുമ്പോള്‍ 4,795 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2020 ഒക്ടോബര്‍ 22 ന് 5.52 രൂപയായിരുന്നു ഗീത റിന്യൂവബ്ള്‍ എനര്‍ജിയുടെ ഓഹരി വില. പിന്നീട് ഓഹരി വില 286 രൂപയിലേക്ക് കുതിക്കുകയായിരുന്നു.

2010 ല്‍ സ്ഥാപിതമായ ഗീത റിന്യൂവബ്ള്‍ എനര്‍ജി പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. 105.85 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. ഏറ്റവും അവസാന പാദത്തില്‍ 3.6 കോടി രൂപയുടെ വില്‍പ്പനയും 5.09 കോടി രൂപയുടെ മൊത്തവരുമാനവവുമാണ് കമ്പനി നേടിയത്. സരസ്വതി, ചണ്ഡികേശ്വര്‍ ശര്‍മ്മ, സുരേഷ് കെഡിയ, ആര്‍ നടരാജന്‍ എന്നിവരാണ് മാനേജ്‌മെന്റ് അംഗങ്ങള്‍.

Related Articles

Next Story

Videos

Share it