യുഎസ്, ചൈന സാമ്പത്തിക കണക്കുകള്‍ വരുന്നു; സ്വര്‍ണത്തിനും വെള്ളിക്കും ക്രൂഡോയിലിനും ഈ വാരം നിര്‍ണായകം

കമ്മോഡിറ്റി വിപണിയില്‍ വന്‍ ചാഞ്ചാട്ടത്തിന് സാധ്യത, ആഗോള വിപണിയിലെ ചലനങ്ങള്‍ കേരളത്തിലെ സ്വര്‍ണവിലയെയും ബാധിച്ചേക്കും
Global Gold Price Commodity Concept
canva
Published on

യുഎസ് പണപ്പെരുപ്പ നിരക്കുകളും പലിശനിരക്ക് സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും വരാനിരിക്കെ ആഗോള കമ്മോഡിറ്റി വിപണിയില്‍ ഈ ആഴ്ച വലിയ ചാഞ്ചാട്ടമുണ്ടാകുമെന്ന് സൂചന. നിക്ഷേപകര്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കുന്ന സുപ്രധാന ആഗോള സാമ്പത്തിക ഡാറ്റകള്‍ ഈ വാരം പുറത്തുവരുന്നതാണ് വിപണിയെ സ്വാധീനിക്കുക.

ജൂലൈ 2-ന് പുറത്തുവരാനിരിക്കുന്ന യുഎസ് നോണ്‍-ഫാം പേറോള്‍സ് (NFP) റിപ്പോര്‍ട്ടാണ് വിപണി പ്രധാനമായും ഉറ്റുനോക്കുന്നത്. പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ നിരക്കാണ് റിപ്പോര്‍ട്ടിലുള്ളതെങ്കില്‍ യുഎസ് ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയില്‍ ഇടിവുണ്ടാക്കാന്‍ കാരണമാകുകയും ചെയ്‌തേക്കാം. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, അതായത് തൊഴില്‍ വിപണിയിലെ ഡാറ്റ ദുര്‍ബലമാണെങ്കില്‍, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വീണ്ടും സജീവമാകുകയും അത് വിലയേറിയ ലോഹങ്ങളുടെ വിലയ്ക്ക് കരുത്താകുകയും ചെയ്യും.

കമ്മോഡിറ്റി വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

യുഎസ് ഐഎസ്എം മാനുഫാക്ചറിംഗ് പിഎംഐ, എഡിപി എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് എന്നിവയും യുഎസ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം വിലയിരുത്താന്‍ നിക്ഷേപകര്‍ നിരീക്ഷിക്കും. ഇന്ധന മേഖലയില്‍ യുഎസ് ക്രൂഡ് ഓയില്‍ ഇന്‍വെന്ററി, കുഷിംഗ് ക്രൂഡ് സ്റ്റോക്ക്‌പൈല്‍സ്, നാച്ചുറല്‍ ഗ്യാസ് സ്റ്റോറേജ് റിപ്പോര്‍ട്ടുകള്‍ എന്നിവയിലായിരിക്കും വിപണി ശ്രദ്ധ കേന്ദ്രീകരിക്കുക. ക്രൂഡ് ഓയില്‍ ശേഖരത്തില്‍ പ്രതീക്ഷിച്ചതിലും വലിയ കുറവുണ്ടായാല്‍ അത് എണ്ണവിലയെ പിന്തുണച്ചേക്കാം. അതേസമയം ഗ്യാസോലിന്‍, ഡിസ്റ്റിലേറ്റ് ശേഖരത്തിലെ വര്‍ധന വിലക്കയറ്റത്തെ നിയന്ത്രിച്ചേക്കാം. പ്രകൃതിവാതകത്തിന്റെ (Natural Gas) വില പ്രതിവാര സ്റ്റോറേജ് ഡാറ്റയെയും വേനല്‍ക്കാല കാലാവസ്ഥാ പ്രവചനങ്ങളെയും ആശ്രയിച്ചിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള മാനുഫാക്ചറിംഗ്, നോണ്‍-മാനുഫാക്ചറിംഗ് പിഎംഐ കണക്കുകളും വിപണിയുടെ ഗതി നിര്‍ണയിക്കും. ചൈനയിലെ മികച്ച വ്യവസായ വളര്‍ച്ചാ കണക്കുകള്‍ വെള്ളി, ക്രൂഡ് ഓയില്‍ എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമായേക്കാം.

തിളക്കം മങ്ങി സ്വര്‍ണവും വെള്ളിയും

കഴിഞ്ഞ വാരം സ്വര്‍ണവും വെള്ളിയും കടുത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. ശക്തമായ യുഎസ് സാമ്പത്തിക സൂചകങ്ങളും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും മൂലം പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

വാരത്തിന്റെ തുടക്കത്തില്‍ ട്രോയ് ഔണ്‍സിന് 4,219.49 ഡോളറില്‍ നിന്ന് ഗ്യാപ്-ഡൗണോടെ 4,144.68 ഡോളറിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ മുന്‍ വാരത്തെ അപേക്ഷിച്ച് 3.10 ശതമാനം ഇടിവോടെ 4,088.87 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.

ഇനി മുന്നോട്ട് നോക്കിയാല്‍ സ്വര്‍ണത്തിന് ആദ്യത്തെ താല്‍ക്കാലിക സപ്പോര്‍ട്ട് 4,024 ഡോളറിലും, അടുത്ത പ്രധാന സപ്പോര്‍ട്ട് സോണ്‍ 3,886.50 ഡോളറിലുമാണ്.

മുകളിലോട്ട് പോകുമ്പോള്‍ ആദ്യ തടസ്സം 4,164 ഡോളറിലാണ്, അതിനു മുകളില്‍ ശക്തമായ പ്രതിരോധം 4,274 ഡോളറിലുമുണ്ട്. പുതിയ ആഴ്ചയില്‍ സ്വര്‍ണവിപണി ജാഗ്രതയോടെയുള്ള ഒരു സമീപനമാകും സ്വീകരിക്കുക വില 4,024 ഡോളറിന് മുകളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 4,164 ഡോളര്‍ വരെയുള്ള ഒരു തിരിച്ചുവരവിന് സാധ്യതയുണ്ട്. എന്നാല്‍ ഈ സപ്പോര്‍ട്ട് തകര്‍ന്നാല്‍ വില 3,886.50 ഡോളര്‍ വരെ താഴേക്ക് പോകാന്‍ സാധ്യതയുണ്ട്.

വലിയ വീഴ്ച വെള്ളിക്ക്‌

മുന്‍ ആഴ്ചയിലെ ക്ലോസിംഗായ 65.75-ഡോളറില്‍ നിന്നും 1.41% ഇടിവോടെ 64.82 ഡോളറിലാണ് വെള്ളി വ്യാപാരം ആരംഭിച്ചത്. ശക്തമായ യു.എസ് സാമ്പത്തിക ഡാറ്റയും പണപ്പെരുപ്പ നിരക്കുകളും കാരണം വിപണിയില്‍ വലിയ രീതിയിലുള്ള വിറ്റഴിക്കല്‍ ദൃശ്യമായി. യു.എസ് ഡോളറിന്റെ കരുത്തും വ്യാവസായിക കമ്മോഡിറ്റികളിലെ ദുര്‍ബലമായ സെന്റിമെന്റും വെള്ളിയുടെ ഇടിവിന് ആക്കം കൂട്ടി. ഒടുവില്‍, ഏകദേശം 10.05% എന്ന വലിയ പ്രതിവാര ഇടിവോടെ വെള്ളി 59.14 ഡോളറില്‍ ക്ലോസ് ചെയ്തു. ഈ ആഴ്ച സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലയിലാണ് വലിയ ഇടിവുണ്ടായത്.

വെള്ളിക്ക് നിലവിലെ ഏറ്റവും അടുത്ത സപ്പോര്‍ട്ട് 56.50 ഡോളറിലാണ്. അതിനു താഴെ അടുത്ത പ്രധാന സപ്പോര്‍ട്ട് 50.50 ഡോളറിലും കാണാം.

മുകളിലോട്ട് പോകുമ്പോള്‍ ആദ്യ തടസ്സം 64.80 ഡോളറിലാണ്. അതിനു മുകളില്‍ വലിയൊരു തടസ്സം 71.50 ഡോളറിലാണുള്ളത്. യു.എസ് ഡോളറിന്റെ ചലനങ്ങളും ബോണ്ട് യീല്‍ഡും വെള്ളിയുടെ വിലയെ സ്വാധീനിക്കും. വില 56.50-ന് മുകളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 64.80 വരെയുള്ള ഒരു റിക്കവറിക്ക് ശ്രമിച്ചേക്കാം. എന്നാല്‍ വിറ്റഴിക്കല്‍ തുടരുകയും സപ്പോര്‍ട്ട് തകരുകയും ചെയ്താല്‍ വില 50.50 ലേക്ക് നീങ്ങിയേക്കാം.

എണ്ണവിലയില്‍ ലാഭമെടുപ്പ്; നാച്ചുറല്‍ ഗ്യാസിന് നേരിയ കരുത്ത്

മിഡില്‍ ഈസ്റ്റിലെ വിതരണ ആശങ്കകളും യുഎസ് ക്രൂഡ് സ്റ്റോക്കിലെ കുറവും കാരണം മുന്‍ വാരത്തെ ക്ലോസിംഗായ 80.37 ഡോളറില്‍ നിന്ന് 2.40 ശതമാനം നേട്ടത്തോടെ 82.30 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ വിപണിയില്‍ ലാഭമെടുപ്പ് (Profit booking) ശക്തമായി. ഇതോടെ വാരാവസാനം വില 73.61 ഡോളറിലേക്ക് താഴേക്ക് പതിച്ചു.

ബ്രെന്റ് ക്രൂഡ് ഇപ്പോള്‍ 69.85 ഡോളര്‍ എന്ന നിര്‍ണായക സപ്പോര്‍ട്ട് മേഖലയിലാണ് ഉള്ളത്. ഇത് തകര്‍ന്നാല്‍ അടുത്ത പ്രധാന ലെവല്‍ 62.75 ഡോളറില്‍ ആണ്. പെട്ടെന്നുള്ള പ്രതിരോധം 76.55 ഡോളറിലും, അതിനു മുകളില്‍ ശക്തമായ സപ്ലൈ സോണ്‍ 85 ഡോളറിലുമാണ്.

ക്രൂഡ് ഓയില്‍ വില 69.85 ഡോളറിന് മുകളില്‍ സ്ഥിരത കൈവരിക്കുകയാണെങ്കില്‍ 76.55 ഡോളറിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം. എന്നാല്‍ ഈ സപ്പോര്‍ട്ടിന് താഴേക്ക് പോയാല്‍ ഇടിവ് 62.75 ഡോളര്‍ വരെ നീളാം. ഒപെക് (OPEC) തീരുമാനങ്ങളും യു.എസ് ഇന്‍വെന്ററി ട്രെന്‍ഡുകളും വിപണി സൂക്ഷ്മമായി നിരീക്ഷിക്കും

നാച്ചുറല്‍ ഗ്യാസ്

വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം മുന്‍നിര്‍ത്തി നാച്ചുറല്‍ ഗ്യാസ് വിപണി കരുത്ത് നിലനിര്‍ത്തി. മുന്‍ വാരത്തെ ക്ലോസിംഗായ 3.24 ഡോളറില്‍ നിന്ന് ഉയര്‍ന്ന് 3.32 ഡോളറില്‍ വ്യാപാരം ആരംഭിച്ച നാച്ചുറല്‍ ഗ്യാസ്, വാരാവസാനം 3.27 ഡോളറിലാണ് ക്ലോസ് ചെയ്തത്. 2.98 ഡോളര്‍ കഴിഞ്ഞാല്‍ പിന്നെ ശക്തമായ അടുത്ത സപ്പോര്‍ട്ട് 2.67 ലാണ്. ആദ്യത്തെ പ്രധാന തടസ്സം 3.40 ഡോളറിലും, അടുത്ത വലിയ റെസിസ്റ്റന്‍സ് 3.60 ഡോളറിലുമാണ്.

അടുത്ത ആഴ്ച പ്രകൃതിവാതകം അതിന്റെ പരിമിതമായ റേഞ്ചില്‍ നിന്നും ഒരു വലിയ ദിശ മാറ്റത്തിലേക്ക് കടക്കുകയാണ്. 3.40-ന് മുകളിലേക്ക് ഒരു ബ്രേക്ക്ഔട്ട് ഉണ്ടായാല്‍ വില 3.60 വരെ ഉയര്‍ന്നേക്കാം. എന്നാല്‍ റെസിസ്റ്റന്‍സില്‍ നിന്നും തിരിച്ചടി നേരിട്ടാല്‍ വില വീണ്ടും കണ്‍സോളിഡേഷനിലേക്ക് നീങ്ങുകയും 2.98 വരെ താഴുകയും ചെയ്യാം.

വരുന്ന ആഴ്ചയില്‍ പ്രകൃതിവാതക വിപണിയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ യു.എസിലെ സംഭരണ റിപ്പോര്‍ട്ടുകള്‍ (Storage reports), ആഗോള താപനില പ്രവചനങ്ങള്‍, എല്‍.എന്‍.ജി (LNG) കയറ്റുമതി മേഖലയിലെ ഡിമാന്‍ഡ്, ഉത്പാദന രംഗത്തെ ട്രെന്‍ഡുകള്‍ എന്നിവ നിര്‍ണായക പങ്കുവഹിക്കും; വിപണി നിരീക്ഷകര്‍ ഈ ഘടകങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com