തിളക്കം മാഞ്ഞ് ആഗോള സ്വര്‍ണ ഇ.ടി.എഫുകള്‍

തുടര്‍ച്ചയായ 10-ാം മാസവും നിക്ഷേപനഷ്ടം; ഇന്ത്യയിലെ നിക്ഷേപത്തില്‍ ഉണര്‍വ്
Gold bars
Published on

ആഗോളതലത്തില്‍ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്ന് (ഗോള്‍ഡ് ഇ.ടി.എഫ്) തുടര്‍ച്ചയായ 10-ാം മാസവും നിക്ഷേപം ഇടിഞ്ഞു. 2014ന് ശേഷം ഇത്രകാലം തുടര്‍ച്ചയായി നിക്ഷേപം കൊഴിയുന്നതും ആദ്യം.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുകയും ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീല്‍ഡും (കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായം/റിട്ടേണ്‍) കുതിച്ചുയരുകയും ചെയ്തതാണ് സ്വര്‍ണ ഇ.ടി.എഫുകളെ മുന്‍മാസങ്ങളില്‍ ബാധിച്ചത്. ഡോളറും ബോണ്ട് യീല്‍ഡും മെച്ചപ്പെട്ടതോടെ സ്വര്‍ണവില കുറയുകയും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തത് നിക്ഷേപത്തളര്‍ച്ചയ്ക്ക് വഴിയൊരുക്കി.

ഏറ്റവും നഷ്ടം യൂറോപ്പിന്

കഴിഞ്ഞ ഫെബ്രുവരിയില്‍ 170 കോടി ഡോളറാണ് (ഏകദേശം 14,000 കോടി രൂപ) ആഗോളതലത്തില്‍ സ്വര്‍ണ ഇ.ടി.എഫുകളില്‍ നിന്ന് കൊഴിഞ്ഞത്. ഇതില്‍ 124 കോടി ഡോളറും (10,000 കോടി രൂപ) യൂറോപ്പില്‍ നിന്നാണ്. യു.കെ., അമേരിക്ക, ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവുമധികം നിക്ഷേപനഷ്ടം നേരിട്ട രാജ്യങ്ങള്‍.

ഇന്ത്യയ്ക്ക് നേട്ടം

ആഗോളതലത്തില്‍ നിക്ഷേപം കൊഴിഞ്ഞെങ്കിലും ഇന്ത്യയില്‍ സ്വര്‍ണ ഇ.ടി.എഫുകള്‍ കഴിഞ്ഞമാസവും നേട്ടമുണ്ടാക്കി. 3.30 കോടി ഡോളര്‍ (270 കോടി രൂപ) ഉയര്‍ന്ന് ഇന്ത്യയിലെ നിക്ഷേപം 250 കോടി ഡോളറിലെത്തി (20,500 കോടി രൂപ). മൊത്തം 38 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ ഇ.ടി.എഫുകളിലുള്ളത്.

നിക്ഷേപം തിരിച്ചുകയറും

ട്രഷറി ബോണ്ട് യീല്‍ഡ്, ഡോളറിന്റെ മൂല്യം എന്നിവ കുതിച്ചുയര്‍ന്നമാണ് മുന്‍മാസങ്ങളില്‍ സ്വര്‍ണ ഇ.ടി.എഫുകളെ അനാകര്‍ഷകമാക്കിയത്. എന്നാല്‍, മാര്‍ച്ചില്‍ സാഹചാര്യം മാറി. അമേരിക്കന്‍ ബാങ്കിംഗ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുകയും വില റെക്കാഡ് ഉയരത്തിലേക്ക് മുന്നേറുകയുമാണ്. ഇത് സ്വര്‍ണ ഇ.ടി.എഫുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com