ആഗോള സ്വര്‍ണ വില 2023 ല്‍ 6% ഉയരും, 2024 ല്‍ 8% കുറയും: വേള്‍ഡ് ബാങ്ക്

ഉല്‍പ്പന്ന വിലകള്‍ കഴിഞ്ഞ ആറു മാസത്തില്‍ കുത്തനെ ഇടിഞ്ഞെങ്കിലും അമൂല്യ ലോഹങ്ങളുടെ വില വര്‍ധിച്ചതായി വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. വേള്‍ഡ് ബാങ്കിന്റെ അമൂല്യ ലോഹങ്ങളുടെ സൂചിക 2023 ആദ്യ പാദത്തില്‍ 9 ശതമാനം വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിഞ്ഞതും, ഉക്രെയ്ന്‍ യുദ്ധം മൂലമുള്ള രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങളും, സ്ഥിരമായ പണപ്പെരുപ്പവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സ്വര്‍ണ വില 6% ഉയരും

മാര്‍ച്ച് 2023 ലെ സ്വര്‍ണത്തിന്റെ വില 2015-19 കാലയളവിലെ ശരാശരി വിലയേക്കാള്‍ 51 ശതമാനം അധികമായിരുന്നു. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ 55 വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍ എത്തി. 2023 സ്വര്‍ണ വില ശരാശരി ഔണ്‍സിന് 1900 ഡോളറായിരിക്കുമെന്നും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവുണ്ടാകുമെന്നും വേള്‍ഡ് ബാങ്ക് പറയുന്നു. ചൈനയില്‍ ആഭരണ ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ല.

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചെങ്കിലും സ്വര്‍ണ ഡിമാന്‍ഡ് ഇന്ത്യയില്‍ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ 2024 ല്‍ സ്വര്‍ണ വില 8 ശതമാനം കുറയുമെന്ന പ്രതീക്ഷിക്കുന്നതായി വേള്‍ഡ് ബാങ്ക്. ഇതിന് കാരണം ലോക സമ്പദ്ഘടന മാന്ദ്യം മാറി വളര്‍ച്ചയെലേക്ക് കടക്കുന്നത് കൊണ്ടാണ്. പണപ്പെരുപ്പം കുറയുന്നത് കൊണ്ട് സ്വര്‍ണ നിക്ഷേപത്തില്‍ കുറവ് ഉണ്ടാകും.

വെള്ളിയും പ്ലാറ്റിനവും

വെള്ളിയുടെ വില 2023 ല്‍ 6 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കി.. 2022 ല്‍ വ്യാവസായിക ഡിമാന്‍ഡ് വര്‍ധിച്ചതാണ് വെള്ളി വില ഉയരാന്‍ കാരണം. സൗരോര്‍ജ പാനലുകള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനും, വാഹന ഘടകങ്ങളുടെ നിര്‍മാണത്തിനും വെള്ളിയുടെ ആവശ്യകത വര്‍ധിക്കും. അതേസമയം 2024 ല്‍ വെള്ളിയുടെ വില 4 ശതമാനം കുറയുമെന്നും വേള്‍ഡ് ബാങ്ക് അറിയിച്ചു.

പ്ലാറ്റിനം വില 2023 ല്‍ ശരാശരി ഔണ്‍സിന് 1000 ഡോളറായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 4 ശതമാനം അധികമാണ്. അടുത്ത വര്‍ഷം 5 ശതമാനം വര്‍ധിക്കും. വ്യാവസായിക, നിക്ഷേപക ഡിമാന്‍ഡ് വര്‍ധനവും, ഖനനം കുറയുന്നതും വില വര്‍ധിക്കാന്‍ കാരണമാകും. ക്രൂഡ് ഓയില്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വ്യവസായിക ലോഹങ്ങള്‍ എന്നിവയുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് അമൂല്യ ലോഹങ്ങളില്‍ മുന്നേറ്റം ഉണ്ടാകുന്നതെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Videos
Share it