

റിസർവ് ബാങ്ക് ഇന്നു നിരക്കുമാറ്റം ഇല്ലാതെ പണനയം പ്രഖ്യാപിക്കാനിരിക്കെ വിപണികളിൽ ചോരപ്പുഴ. ഇന്നലെ ഇടിഞ്ഞ വിപണികൾ വീണ്ടും നഷ്ടത്തിലേക്കു നീങ്ങുന്ന സൂചനയിലാണു വെള്ളിയാഴ്ച വ്യാപാരം തുടങ്ങുന്നത്. ഏഷ്യയും യൂറോപ്പും അമേരിക്കയും ഇന്നലെ ഇടിഞ്ഞു. സ്വർണം, വെള്ളി, ക്രിപ്റ്റോകറൻസികൾ, ക്രൂഡ് ഓയിൽ തുടങ്ങിയവയും വലിയ നഷ്‌ടത്തിലായി. നീണ്ടു നിൽക്കുന്ന, വലിയ തിരുത്തലിൻ്റെ തുടക്കമാണോ ഇതെന്നു പലതും ആശങ്കപ്പെടുന്നു.
ഇന്നലെ യൂറോപ്യൻ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശനിരക്ക് മാറ്റാതെ പണനയം പ്രഖ്യാപിച്ചു. വിപണി പ്രതീക്ഷിച്ചതും അതായിരുന്നു. ഇന്നു രാവിലെ പത്തിനാണു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നയം പ്രഖ്യാപിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,639 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,581 ലേക്കു താഴ്‌ന്നിട്ട് 25618 ൽ എത്തി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസും വിപ്രോയും കാര്യമായ മാറ്റമില്ലാതെ അവസാനിച്ചു. എന്നാൽ വിപണി അടച്ച ശേഷമുള്ള വ്യാപാരത്തിൽ ചെറിയ താഴ്ചയിലായി.
ഇന്ത്യ-അമേരിക്ക വ്യാപാരകരാറിൻ്റെ വിശദാംശങ്ങൾ നാലഞ്ചു ദിവസത്തിനകം വരും. കാർഷിക മേഖലയിൽ അടക്കം അമേരിക്കൻ സമ്മർദത്തിന് ഇന്ത്യ വഴങ്ങിയിട്ടുണ്ട് എന്നാണു സൂചന. അതുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാർ യുവാക്കൾക്ക് അവസരം കൊടുക്കുന്നു എന്നത് എടുത്തു പറയുകയും കൃഷികാര്യം പറയാതിരിക്കുകയും ചെയ്തത് എന്നാണു നിഗമനം.
ഇന്ന് ഒമാനിൽ നടക്കുന്ന അമേരിക്ക- ഇറാൻ ചർച്ച പെട്ടെന്ന് ഒത്തുതീർപ്പിന് വഴിയൊരുക്കും എന്ന് അധികമാരും കരുതുന്നില്ല.
യുഎസ് വിപണിക്കു തകർച്ച
ടെക്‌നോളജി മേഖലയിലെ ആശങ്കയ്ക്കു പുറമെ തൊഴിൽ രംഗത്തെ ദൗർബല്യവും വന്നതോടെ യുഎസ് വിപണികൾ ഇന്നലെ വലിയ താഴ്ചയിലായി. ലേ ഓഫുകളും തൊഴിലില്ലായ്മ സഹായ അപേക്ഷകളും പ്രതീക്ഷയിലധികം വർധിച്ചു. തൊഴിലവസരങ്ങളുടെ എണ്ണവും കുത്തനേ ഇടിഞ്ഞു.
ഗൂഗിൾ (ആൽഫബെറ്റ്) റിസൽട്ട് തൃപ്തികരമായെങ്കിലും നിർമിത ബുദ്ധിയിലെ നിക്ഷേപം വർധിച്ചു പോകുന്നത് വിപണിക്കു ഭീതി വളർത്തി. ഓഹരി നഷ്‌ടത്തിൽ അവസാനിച്ചു. ഫ്യൂച്ചേഴ്സിൽ നാലു ശതമാനം കൂടി നഷ്ടപ്പെടുത്തി. നടപ്പു പാദത്തിലെ വരുമാനപ്രതീക്ഷ കുറച്ച ക്വാൽകോം എട്ടു ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് വ്യാഴാഴ്ച 592.58 പോയിൻ്റ് (1.20%) ഇടിഞ്ഞ് 48,908.72 ൽ അവസാനിച്ചു. എസ് ആൻഡ് പി 84.32 പോയിൻ്റ് (1.23%) നഷ്ടത്തോടെ 6798.40 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 363.99 പോയിൻ്റ് (1.59%) ഇടിഞ്ഞ് 22,540.59 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും വലിയ താഴ്ചയിലേക്കു വിരൽ ചൂണ്ടുന്നു. ഡൗ ജോൺസ് 0.24 ഉം എസ് ആൻഡ് പി 0.45 ഉം നാസ്ഡാക് 0.81 ഉം ശതമാനം ഇടിവിൽ നീങ്ങുകയാണ്.
വിപണി അടച്ച ശേഷം വന്ന ആമസോൺ റിസൽട്ട് തിരിച്ചടിയായി. ബിസിനസ് തൃപ്തികരമായ വളർച്ച കാണിച്ചെങ്കിലും ഇനിയും ഭീമമായ നിക്ഷേപം നിർമിത ബുദ്ധിയിൽ നടത്താൻ പോകുന്നതു വിപണിക്കു രസിച്ചില്ല. ഔപചാരിക വ്യാപാരത്തിൽ നാലു ശതമാനം താഴ്‌ന്ന ഓഹരി പിന്നീടു 12 ശതമാനം ഇടിഞ്ഞു.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച വലിയ നഷ്‌ടത്തിലായി. മിക്കവാറും വ്യവസായമേഖലകൾ തകർച്ചയിലായി. വാഹനകമ്പനി വോൾവോയുടെ വരുമാനം 68 ശതമാനം ഇടിഞ്ഞു. ഓഹരി 22.5 ശതമാനം വീണു.
ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. ഞായറാഴ്ച പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ജപ്പാനിൽ നിക്കൈ ഒരു ശതമാനം ഇടിവിലാണ്. ഓസ്ട്രേലിയൻ സൂചിക രണ്ടും ദക്ഷിണ കൊറിയൻ സൂചിക അഞ്ചും ശതമാനം ഇടിഞ്ഞു. ഹോങ് കോങ് സൂചിക രണ്ടും ചൈനീസ് സൂചിക ഒന്നും ശതമാനം താഴ്‌ന്നു വ്യാപാരം തുടങ്ങി.
ഇടിവ് തുടർന്നു വിപണി
മൂന്നു ദിവസം ഉയർന്ന ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിലായി. ആഗോള ആശങ്കകളും ഐടി കമ്പനികൾക്ക് വരുന്ന എഐ ഭീഷണിയും ഒക്കെ ഇതിനു കാരണമായി.
പൊതുമേഖലാ ബാങ്കുകളും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും തകർച്ചയിലായി. മെറ്റൽ ഓഹരികളാണു കൂടുതൽ വീണത്.
സെൻസെക്സ് 503.76 പോയിൻ്റ് (0.60%) താഴ്ന്ന് 83,313.93 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 133.20 പോയിൻ്റ് (0.52%) ഇടിഞ്ഞ് 25,642.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 174.50 പോയിൻ്റ് (0.29%) നഷ്ടത്തോടെ 60,063.65 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 166.50 പോയിൻ്റ് (0.28%) താഴ്‌ന്ന് 59,517.10 ലും സ്മോൾ ക്യാപ് 100 സൂചിക 221.20 പോയിൻ്റ് (1.29%) ഇടിഞ്ഞ് 16,983.90 ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയിൽ കയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1690 ഓഹരികൾ കയറിയപ്പോൾ 2504 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1112 എണ്ണം ഉയർന്നു, 2026 എണ്ണം ഇടിഞ്ഞു.
എൻഎസ്ഇയിൽ 28 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 77 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. മൂന്നെണ്ണം അപ്പർ സർകീട്ടിലും ഏഴെണ്ണം ലോവർ സർകീട്ടിലും എത്തി.
വിദേശനിക്ഷേപകർ ഇന്നലെ വലിയ വിൽപനയിലായിരുന്നു. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 2150.51 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 1129.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി ഇന്നലെ വലിയ തിരിച്ചടി നേരിട്ടു. 26,000 നു മുകളിലേക്കുള്ള യാത്ര പുനരാരംഭിക്കണമെങ്കിൽ 25,500 നു മുകളിൽ നിൽക്കാൻ സാധിക്കണം. 25,450 ലെ പിന്തുണ നിലനിർത്താനായില്ലെങ്കിൽ 25,000 നു സമീപത്തേക്കു വീഴാം. ഇന്ന് 25,590 ഉം 24,490 ഉം പിന്തുണയാകാം. 25,725 ലും 25,780 ലും തടസം ഉണ്ടാകാം.
കമ്പനികൾ, വാർത്തകൾ
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ബ്ലായ്ക്ക്സ്റ്റോൺ ഫെഡറൽ ബാങ്കിൽ 9.99 ശതമാനം ഓഹരി എടുക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി. ഒക്‌ടോബറിലാണ് 70 കോടി ഡോളറിൻ്റെ നിക്ഷേപം തീരുമാനിച്ചത് ഇതുവഴി ബാങ്കിലെ ഏറ്റവും വലിയ നിക്ഷേപകരാകും ബ്ലായ്ക്ക്സ്റ്റോൺ.
ഭാരതി എയർടെലിൻ്റെ മൂന്നാം പാദ വരുമാന 19.6 ശതമാനം കൂടി. വർധിച്ച പ്രവർത്തനച്ചെലവും ലേബർ കോഡ് മൂലമുള്ള വകയിരുത്തലും മൂലം അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 6631 കോടി രൂപയായി.
ടാറ്റാ മോട്ടോഴ്സ് പിവി മൂന്നാം പാദത്തിൽ നഷ്‌ടത്തിലായി. ജെഎൽആറിനു നേരേ ഉണ്ടായ സൈബർ ആക്രമണം 1600 കോടിയുടെ ബാധ്യത വരുത്തി. ഉൽപാദനം മുടങ്ങുകയും ചെയ്തു. വിറ്റവരവ് 26 ശതമാനം കുറഞ്ഞു.5485 കോടിയുടെ ലാഭത്തിൽ നിന്ന് 3483 കോടിയുടെ നഷ്ടത്തിലേക്കു കമ്പനി വീണു.
നൈകാ യുടെ അറ്റാദായം മൂന്നാം പാദത്തിൽ ഇരട്ടിച്ച് 67.7 കോടി രൂപയായി. വിറ്റുവരവ് 30 ശതമാനം കൂടി 2873 കോടി രൂപയായി.
സ്വർണം, വെള്ളി തകർച്ചയിൽ
വീണ്ടും 5000 ഡോളർ കടന്ന സ്വർണവും 90 ഡോളർ കടന്ന വെള്ളിയും ഇന്നലെ വലിയ തകർച്ചയിലായി. കഴിഞ്ഞ ആഴ്ചയിലെ ഇടിവിനും താഴോട്ടു വിലകൾ പോകും എന്ന ആശങ്ക വിപണിയിൽ ഉണ്ട്. ബുള്ളിയൻ എക്സ്ചേഞ്ചുകൾ വ്യാപാരമാർജിൻ കുത്തനേ കൂട്ടിയതു മാത്രമല്ല വിലത്തകർച്ചയ്ക്കു കാരണമെന്ന നിഗമനം ശക്തമായി. വിപണിയിലെ അസാധാരണമായ പ്രതിദിന ചാഞ്ചാട്ടം അപായസൂചനയായി പലരും കരുതുന്നു.
ഇന്നലെ ഔൺസിന് 5024.80 ഡോളർ വരെ എത്തിയിട്ട് ഇടിഞ്ഞ സ്വർണം 4759.20 വരെ ഇടിഞ്ഞു. 3.8 ശതമാനം നഷ്ടത്തോടെ 4778.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4654 ഡോളർ വരെ ഇടിഞ്ഞിട്ടു നഷ്‌ടം കുറച്ച് 4770 ൽ നിൽക്കുന്നു.
വെള്ളി ഇന്നലെ ഔൺസിന് 90.51 ഡോളർ വരെ കയറിയിട്ട് 20 ശതമാനം ഇടിഞ്ഞ് 71.04 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇടിഞ്ഞ് 63.98 വരെ ചെന്നിട്ട് 71.4 ഡോളറിലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 3680 രൂപ കുറഞ്ഞ് 1,13,240 രൂപയായി. ഇന്നും വില ഇടിയും.മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,48,455 രൂപ വരെ ഇടിഞ്ഞ ശേഷം 1,52,260 രൂപയിൽ ക്ലോസ് ചെയ്തു.
വ്യാഴാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2.30 ലക്ഷം രൂപ വരെ താഴ്ന്നിട്ട് 2,46,452 രൂപയിൽ അവസാനിച്ചു.
പ്ലാറ്റിനം 1890 ഉം പല്ലാഡിയം 1585 ഉം റോഡിയം 9,900 ഉം ഡോളറിലാണ്.
സ്വർണം കുതിക്കുമെന്നും ഇല്ലെന്നും
സ്വർണം അടുത്ത ആഴ്ചകളിൽ ഔൺസിന് 4500 വരെ താഴാമെങ്കിലും ജൂൺ - ജൂലൈയോടെ 6200 ഡോളറിൽ എത്തുമെന്ന് സ്വിസ് ബാങ്ക് യുബിഎസ് വിലയിരുത്തി. കാനഡയിലെ സിഐബിസി കാപ്പിറ്റൽ മാർക്കറ്റ്സ് ഈ വർഷം ശരാശരി വില 6000 ഡോളർ ആകുമെന്നു കരുതുന്നു.
ഔൺസിന് 4000 ഡോളറിലേക്കു താഴുമെന്ന് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്‌ഗ്ലോൺ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
ലോഹങ്ങൾ ഇടിഞ്ഞു
വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഇടിഞ്ഞു. ചെമ്പ് 3.21 ശതമാനം തകർന്ന് ടണ്ണിനു 12,821.75 ഡോളറിൽ എത്തി. അലൂമിനിയം 1.24 ശതമാനം താഴ്‌ന്നു ടണ്ണിന് 3031.93 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും സിങ്കും ടിന്നും ലെഡും താഴ്‌ന്നു.
റബർ രാജ്യാന്തര വിപണിയിൽ 1.61 ശതമാനം കയറി കിലോഗ്രാമിന് 189.90 സെൻ്റ് ആയി. കൊക്കോ 2.35 ശതമാനം ഉയർന്ന് ടണ്ണിനു 4182 ഡോളറിൽ എത്തി. കാപ്പി 0.26 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ 0.05 ശതമാനം കയറി.
ഡോളർ കയറ്റത്തിൽ
ഡോളർ സൂചിക ഇന്നലെ ഉയർന്ന് 97.82 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.91 ലേക്കു കയറി.
യൂറോ 1.1779 ഉം പൗണ്ട് 1.3527 ഉം ഡോളർ വരെ താഴ്‌ന്നു.
ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.58 യെൻ എന്ന നിലയിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.7771 ഡോളറിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.94 യുവാൻ എന്ന നിരക്കിൽ തുടരുന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.182 ശതമാനമായി ഇടിഞ്ഞു. തൊഴിൽ വിപണി ദുർബലമായതു ക്രമേണ പലിശ കുറയ്ക്കലിലേക്കു നയിക്കും എന്ന ചിന്തയിലാണു കടപ്പത്രവ്യാപാരികൾ.
രൂപ കയറി
കഴിഞ്ഞ ദിവസങ്ങളിൽ താഴ്‌ന്ന ഇന്ത്യൻ രൂപ ഇന്നലെ അല്പം കയറി. ഡോളർ 90.05 രൂപ വരെ ഇടിഞ്ഞ ശേഷം 90.32 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ ഇന്നു രാവിലെ 90.34 രൂപ വരെ കയറി. ചൈനീസ് യുവാൻ 13.02 രൂപയിലേക്കു താഴ്‌ന്നു.
ക്രൂഡ് ഓയിൽ താഴ്ചയിൽ
ക്രൂഡ് ഓയിൽ താഴ്ച തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ മൂന്നു ശതമാനം താഴ്ന്നു ബാരലിന് 67.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 66.98 ഉം ഡബ്ള്യുടിഐ ഇനം 62.71 ഉം യുഎഇയുടെ മർബൻ 68.30 ഉം ഡോളറിലാണ്. പ്രകൃതിവാതകവില ഉയർന്ന് 3.50 ഡോളറിൽ എത്തി.
ക്രിപ്റ്റോകൾ തകർച്ചയിൽ
ക്രിപ്റ്റോ കറൻസികൾ വലിയ ചാഞ്ചാട്ടം തുടരുകയാണ്. ട്രംപ് ഭരണത്തിൽ ക്രിപ്റ്റോകൾക്ക് ഉണ്ടായ നേട്ടമത്രയും നഷ്ടപ്പെട്ടു. 15 മുതൽ 30 വരെ ശതമാനം വിലത്തകർച്ച ഇന്നലെ ഉണ്ടായി. ബിറ്റ്കോയിൻ ഇന്നലെ 60,000 ഡോദർ വരെ ഇടിഞ്ഞു. ഇന്നു രാവിലെ 64,300 ഡോളറിനു താഴെയാണ്. ഈഥർ 1747 വരെ താഴ്ന്നിട്ട് 1900 ഡോളറിനും സൊലാന 67 ഡോളർ വരെ വീണിട്ട് 78 ഡോളറിനും താഴെ എത്തി.
വിപണി സൂചനകൾ
(2026 ഫെബ്രുവരി 05, വ്യാഴം)
സെൻസെക്സ് -83,313.93 -0.60%
നിഫ്റ്റി50 - 25,642.80 -0.52%
ബാങ്ക് നിഫ്റ്റി - 60,063.65 -0.33%
മിഡ്ക്യാപ്100 - 59,517.10 -0.28%
സ്മോൾക്യാപ്100 -16,983.90 -1.29%
ഡൗ ജോൺസ് - 48,908.40 -1.23%
എസ് ആൻഡ് പി - 6798.72 -0.51%
നാസ്ഡാക് - 22,540.59 -1.59%
ഡോളർ - ₹90.32 -0.12
സ്വർണം(ഔൺസ് -$4778.50 -$187.30
സ്വർണം (പവൻ) -1,13,240 -₹3680
ക്രൂഡ്ഓയിൽബ്രെൻ്റ് -$67.35 -$1.32
Read DhanamOnline in English
Subscribe to Dhanam Magazine