stock market
canva

ബജറ്റ് പ്രതീക്ഷകൾ സഫലമാകുമോ? ബുള്ളിയൻ തകർച്ചയിൽ ആശങ്ക; ഡോളർ കയറുന്നു; ക്രിപ്റ്റോകൾ വീണു

അമേരിക്കൻ വിപണികളിലെ കോളിളക്കം ഇന്നു ബജറ്റ് ദിന പ്രത്യേക വ്യാപാരത്തിൽ ചലനം ഉണ്ടാക്കുമോ?
Published on

ബജറ്റിനെപ്പറ്റിയുള്ള ആശകളെയും ആശങ്കകളെയും മറികടന്ന് അമേരിക്കൻ വിപണികളിലെ കോളിളക്കം ഇന്നു ബജറ്റ് ദിന പ്രത്യേക വ്യാപാരത്തിൽ ചലനം ഉണ്ടാക്കാം. ഡോളർ ഉയരുകയും സ്വർണവും വെള്ളിയും ക്രിപ്റ്റോ കറൻസികളും കുത്തനേ ഇടിയുകയും ചെയ്തു. ഇത് ഇന്നു രാവിലെ വിപണിയിൽ പ്രതിഫലിക്കും.

അമേരിക്കൻ ഉൽപന്ന വ്യാപാര എക്സ്ചേഞ്ച് ആയ കോമെക്സിൽ ബുള്ളിയൻ വ്യാപാരത്തിനു മാർജിൻ കൂട്ടി. വിലയിലെ വലിയ ചാഞ്ചാട്ടത്തെ തുടർന്നാണിത്. ഈ  സാഹചര്യത്തിൽ എംസിഎക്സിൽ സ്വർണത്തിന് 20 ഉം വെള്ളിക്ക് 25 ഉം ശതമാനമായി മാർജിൻ വർധിപ്പിച്ചു. ഇവയുടെ വില ഇനിയും ഇടിയും എന്നാണു വിപണിയിലെ സൂചന.

 ഇന്ന് ഇന്ത്യൻ ഓഹരി, ഉൽപന്ന വിപണികൾ പ്രവർത്തിക്കുമെങ്കിലും ബാങ്കുകളും ക്ലിയറിംഗ് ഹൗസുകളും അടക്കമുള്ള പോസ്റ്റ് ട്രേഡ് സെറ്റിൽമെൻ്റ് സംവിധാനം അവധിയാണ്. അതിനാൽ ഓഹരികളും പണവും കൈമാറുന്നത് ഇന്നു നടക്കില്ല. ഇന്നു വാങ്ങുന്ന ഓഹരികൾ മൂന്നാം തീയതിയേ അക്കൗണ്ടിൽ വരൂ. വെള്ളിയാഴ്ച വാങ്ങിയ ഓഹരികളുമായി ഇന്നു സ്ക്വയറിംഗ് ഓഫും നടക്കില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി രാത്രി 25,420.00 ൽ ക്ലോസ് ചെയ്തു. നിഫ്‌റ്റി കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യുഎസ് വിപണി താഴ്ന്നു

ബജറ്റ് കാര്യത്തിൽ ഡെമോക്രാറ്റുകളും പ്രസിഡൻ്റ് ട്രംപുമായുള്ള ധാരണ വൈകിയതു മൂലം ധനബിൽ സെന്റ്റിൽ മാത്രമേ പാസായുള്ളൂ. പ്രതിനിധിസഭ തിങ്കളാഴ്ചയേ അതു പാസാക്കൂ. ഗവണ്മെൻ്റ് ഭാഗികമായ സ്തംഭനത്തിലാണ്.

വെള്ളിയാഴ്ച മുൻ ഫെഡ് ഗവർണർ കെവിൻ വാർഷിനെ ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തേക്കു ട്രംപ് നോമിനേറ്റ് ചെയ്തു. സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയുടെ സ്ഥിരീകരണം ഇതിനു കിട്ടേണ്ടതുണ്ട്. മേയിലാണ് ചെയർമാൻ ജെറോം പവലിൻ്റെ കാലാവധി പൂർത്തിയാകുന്നത്. ട്രംപ് ആഗ്രഹിക്കുന്നതു പോലെ പലിശ കുറയ്ക്കലിൽ തൽപരനല്ല വാർഷ് എന്നാണു സൂചന. ഇത് വെള്ളിയാഴ്ച രാവിലെ ഓഹരികളെ കുത്തനേ താഴ്‌ത്തി. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചിട്ടാണു വിപണി ക്ലോസ് ചെയ്തത്. 

വാർഷിൻ്റെ നിയമനം സ്വർണം, വെളളി വിലകളെയും വലിച്ചു താഴ്‌ത്തി. ഡോളർ സൂചിക ഒരു ശതമാനം കയറി.

ഡൗ ജോൺസ് വെള്ളിയാഴ്ച 179.09 പോയിൻ്റ് (0. 36%) താഴ്‌ന്ന് 48,892.47 ൽ അവസാനിച്ചു. എസ് ആൻഡ് പി 29.98 പോയിൻ്റ് (0.43%) കുറഞ്ഞ 6939.03 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 223.31 പോയിൻ്റ് (0.94%) ഇടിഞ്ഞ് 23,461.82 ൽ വ്യാപാരം അവസാനിപ്പിച്ചു.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തിൽ അവസാനിച്ചു. ജർമൻ സ്പോർട്സ് വെയർ ഭീമൻ അഡിഡാസ് റെക്കോർഡ് വരുമാനവർധന ഉള്ള റിസൽട്ട് പുറത്തുവിട്ടു. വാർഷിൻ്റെ നിയമനത്തെ യൂറോപ്യൻ വിപണികൾ പോസിറ്റീവ് ആയി കണ്ടു.

ഇന്ത്യൻ വിപണി താഴ്ന്നു

ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും വലിയ താഴ്ചയിൽ വീണു. എന്നാൽ തലേന്നത്തേതു പോലെ നേട്ടത്തിലേക്കു തിരിച്ചു കയറാൻ കഴിഞ്ഞില്ല. നഷ്ടം ഗണ്യമായി കുറച്ചെങ്കിലും കാര്യമായ താഴ്ചയിൽ തന്നെയാണു വിപണി അവസാനിച്ചത്. 

ലോഹങ്ങളുടെ തകർച്ചയാണു വിപണിയെ ദുർബലമാക്കിയത്. നിഫ്റ്റി മെറ്റൽ സൂചിക 5.21 ശതമാനം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ സിങ്ക് 12.47%, വേദാന്ത11.27%, ഹിന്ദുസ്ഥാൻ കോപ്പർ 11.07%, നാൽകോ 10.69% എന്നിങ്ങനെ തകർച്ചയിലായി. എൻഎംഡിസിയും ഹിൻഡാൽകോയും സ്റ്റീൽ കമ്പനികളും അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

സ്വർണവിലയിടിവ് മുത്തൂറ്റ് ഫിനാൻസിനെ 6.69 ഉം മണപ്പുറത്തെ 4.18 ഉം ശതമാനം താഴ്‌ത്തി. കല്യാൺ ജ്വല്ലേഴ്‌സ് 2.14 ശതമാനം നഷ്‌ടത്തിലായി.

കിറ്റെക്സ് ഗാർമെൻ്റ്സ് 2.53 ശതമാനം താഴ്‌ന്നു.

എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി കാലാവധി നീട്ടാൻ ആഗ്രഹിക്കുന്നില്ല എന്നറിയിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയെ 19 ശതമാനം വരെ താഴ്‌ത്തി. പിന്നീടു 14.93 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 30 നു മൂന്നു വർഷ കാലാവധി പൂർത്തിയാകും. പകരം ആളെ തേടാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

ഐടി, ബാങ്ക്, ധനകാര്യ, ഓയിൽ മേഖലകളും വെള്ളിയാഴ്ച താഴ്‌ന്നു. എഫ്എംസിജി, ഓട്ടോ, മീഡിയ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ ഉയർന്നു.

സെൻസെക്സ് 296.59 പോയിൻ്റ് (0.36%) താഴ്‌ന്ന് 82,269.78 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 98.25 പോയിൻ്റ് (0.39%) ഇടിഞ്ഞ് 25,320.65 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 347.40 പോയിൻ്റ് (0.58%) നഷ്ടത്തോടെ 59,610.45 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 109.00 പോയിൻ്റ് (0.19%) താഴ്ന്ന് 58,432.00 ലും സ്മോൾ ക്യാപ് 100 സൂചിക 54.10 പോയിൻ്റ് (0.32%) കയറി 16,879.10 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇ യിലെ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2380 ഓഹരികൾ കയറിയപ്പോൾ 1831 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1827 എണ്ണം ഉയർന്നു, 1318 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 35 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 225 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 86 എണ്ണം അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 76 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച വാങ്ങലുകാരായി മാറി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 2251.37 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 601.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. 

നിഫ്റ്റിയുടെ നില കരുത്തു കാണിക്കുന്നില്ല. 25,500 നു മുകളിൽ സൂചിക കയറിയാൽ തുടർ മുന്നേറ്റം സാധിക്കും. അതു വരെ 24,900 - 25,500 പരിധിയിൽ ചാഞ്ചാടും. ഇന്നു നിഫ്റ്റിക്ക് 25,240 ലും 25,000 ലും പിന്തുണ പ്രതീക്ഷിക്കാം. 25,360 ലും 25,400 ലും പ്രതിരോധം കാണാം.

സ്വർണവും വെള്ളിയും തകർച്ചയിൽ

പലിശ വെട്ടിക്കുറയ്ക്കുന്നതിനെ ഇഷ്‌ടപ്പെടാത്ത ആൾ ഫെഡ് തലവനായി വരുന്നത് വെള്ളിയാഴ്ച വിശിഷ്‌ടലോഹ വിപണികളെ വല്ലാതെ ഉലച്ചു. മേയ് മാസത്തിനു ശേഷം പലിശ ഗണ്യമായി കുറയുകയും ഡോളർ കൂടുതൽ ദുർബലമാകുകയും ചെയ്യും എന്ന ഊഹത്തിലാണ് സ്വർണവും വെള്ളിയും ഈയിടെ വലിയ കുതിപ്പ് നടത്തിയത്. അങ്ങനെ വരില്ല എന്ന സൂചന വന്നതോടെ ഊഹക്കച്ചവടക്കാർ പൊസിഷനുകൾ കൈവിടാൻ തുടങ്ങി.

വ്യാഴാഴ്ച വ്യാപാരത്തിനിടെ 5602 ഡോളർ വരെ എത്തിയ സ്വർണം വെള്ളിയാഴ്ച ഔൺസിന് 4691.60 ഡോളർ വരെ താഴ്‌ന്നു. 2024 ഡിസംബർ 31-നു ശേഷം 114.9 ശതമാനം കുതിച്ച സ്വർണം രണ്ടു ദിവസം കൊണ്ട് ഇടിഞ്ഞത് 16.25 ശതമാനം. ഒടുവിൽ വെള്ളിയാഴ്ച 9.67 ശതമാനം നഷ്‌ടത്തിൽ ഓൺസിന് 4891.40 ഡോളറിൽ ക്ലോസ് ചെയ്തു.

വെള്ളി കഴിഞ്ഞ ദിവസം ഔൺസിന് 121.76 ഡോളർ വരെ കയറിയതാണ്. 2025-ൽ 160 ശതമാനം കുതിച്ച വെള്ളി കഴിഞ്ഞമാസം 61.83 ശതമാനം കൂടി കയറി. 13 മാസം കൊണ്ട് 321 ശതമാനം ഉയർച്ച. 28.94 ഡോളറിൽ നിന്ന് 121.76 ഡോളറിലേക്ക്. അവിടെ നിന്നു 35 ശതമാനം ഇടിഞ്ഞ് വെള്ളിയാഴ്ച വില 73.76 ഡോളർ വരെ എത്തി. ഒടുവിൽ 26.26 ശതമാനം നഷ്‌ടത്തോടെ 85.40 ഡോളറിൽ ക്ലോസ് ചെയ്തു. 

വിലക്കയറ്റം വലിയ വിപത്തായി കാണുന്ന കെവിൻ വാർഷ് പലിശ അമിതമായി കുറയ്ക്കുന്നതിനും വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിനും എതിരായാണ് 2006-11 കാലത്ത് ഫെഡ് യോഗങ്ങളിൽ വോട്ട് ചെയ്തിട്ടുള്ളത്. ഫെഡിൽ നിന്നു രാജിവച്ചു പുറത്തുനിന്ന ശേഷവും ഈ സമീപനം മാറ്റിയില്ല. പലിശ കുറയ്ക്കുന്ന ആളിനെ ചെയർമാനാക്കാൻ ആഗ്രഹിച്ച ട്രംപ് അക്കാര്യത്തിൽ വാർഷുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ല.

ഡോളർ നിരക്ക് താഴ്‌ന്നു നിൽക്കുന്നതു വഴി കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യും എന്നും അതു നല്ലതാണെന്നും കരുതുന്ന ട്രംപിൻ്റെ നിലപാടിനെയും വാർഷ് പിന്തുണയ്ക്കുന്നില്ല. തൻ്റെ ചിരകാല മിത്രമായ റോണൾഡ് ലാഡറുടെ ജാമാതാവ് എന്ന അടുപ്പവും 2018 -ൽ വാർഷിനെ തഴഞ്ഞതിലെ മനസ്താപവും ചേർന്നാണ് ഇപ്പോഴത്തെ നോമിനേഷൻ എന്നു കരുതപ്പെടുന്നു.പലിശ കുറയ്ക്കൽ നടക്കില്ല എന്ന ധാരണ സ്വർണവിലയെ താഴ്ത്തിയപ്പോൾ വെള്ളിയിൽ ഊഹക്കച്ചവടക്കാരുടെ പിന്മാറ്റമാണു തകർച്ചയിലേക്കു നയിച്ചത്. ഇതു താൽക്കാലിക ഇടിവാണോ വലിയ തകർച്ചയുടെ തുടക്കമാണോ എന്നു വരും ദിവസങ്ങളിലേ അറിയാനാകൂ. ഈ വർഷം സ്വർണം 6000 ഡോളറിലും വെള്ളി 150 ഡോളറിലും എത്തും എന്നാണ് സമീപ ആഴ്ചകളിൽ നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും പറഞ്ഞിട്ടുള്ളത്.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച രണ്ടു തവണയായി 6280 രൂപ കുറഞ്ഞ് 1,24,080 രൂപയിൽ എത്തി. ശനിയാഴ്ച 6320 രൂപ ഇടിഞ്ഞ് 1,17,760 രൂപയായി.മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 24 കാരറ്റ് സ്വർണം 10 ഗ്രാമിന് വെള്ളിയാഴ്ച്ച 1.68 ലക്ഷം രൂപയിൽ നിന്ന് 1,49,075 രൂപ വരെ താഴ്‌ന്നു.

വെള്ളിയാഴ്ച എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,91,922 രൂപ വരെ താഴ്‌ന്നു.

പ്ലാറ്റിനം 2189 ഉം പല്ലാഡിയം 1699 ഉം റോഡിയം 10,000 ഉം ഡോളറിലാണ്. പ്ലാറ്റിനം 17 ശതമാനം ഇടിഞ്ഞു.

ലോഹങ്ങൾ ഇടിയുന്നു

 വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. പലിശ വെട്ടിക്കുറയ്ക്കുന്ന ആളെയല്ല ഫെഡ് ചെയർമാനായി ട്രംപ് നിയമിച്ചത് എന്ന ധാരണയാണു കാരണം. ചെമ്പ് 3.43 ശതമാനം ഇടിഞ്ഞു ടണ്ണിനു 13,369.50 ഡോളറിൽ എത്തി. അലൂമിനിയം 3.70 ശതമാനം താഴ്ന്നു ടണ്ണിന് 3146.72 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ലെഡും ടിന്നും സിങ്കും രണ്ടര മുതൽ ആറര വരെ ശതമാനം ഇടിഞ്ഞു. 

റബർ രാജ്യാന്തര വിപണിയിൽ ഒരു ശതമാനം ഉയർന്നു കിലോഗ്രാമിന് 181.30 സെൻ്റ് ആയി. കൊക്കോ 0.29 ശതമാനം താഴ്‌ന്നു ടണ്ണിനു 4165 ഡോളറിൽ എത്തി. കാപ്പി 3.50 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടർന്നു. പാം ഓയിൽ ഇന്നലെ 2.06 ശതമാനം താഴ്‌ന്നു.

ഡോളർ കയറുന്നു

ഫെഡ് മേധാവിയായി കെവിൻ വാർഷിനെ നോമിനേറ്റ് ചെയ്തതു ഡോളറിനു കരുത്തായി. ഇന്നലെ ഒരു ശതമാനം ഉയർന്നു ഡോളർ സൂചിക 97.15 ൽ എത്തി. കഴിഞ്ഞ ആഴ്ച 95.55 വരെ താണതാണു സൂചിക. വാർഷ് പലിശ കുറയ്ക്കലിനായി വാശി പിടിക്കില്ല എന്ന ധാരണയിലാണു വിപണി. 

യൂറോ 1.1848 ഉം പൗണ്ട് 1.3688 ഉം ഡോളറിലേക്കു താഴ്ന്നു. 

ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.76 യെൻ എന്ന നിലയിലേക്കു താഴ്‌ന്നു. സ്വിസ് ഫ്രാങ്ക് 0.7729 ഡോളറിൽ എത്തി.  ചൈനീസ് യുവാൻ ഡോളറിന് 6.95 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.241 ശതമാനമായി ഉയർന്നു. 

രൂപ വീണ്ടും താഴ്ന്നു 

ഇന്ത്യൻ രൂപ ഇന്നലെയും താഴ്‌ന്നു. രാവിലെ താഴ്‌ന്നു വ്യാപാരം തുടങ്ങിയ ഡോളർ രണ്ടു പൈസ നേട്ടത്തിൽ 91.98 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. വിദേശത്തെ വിനിമയ വിപണികളിൽ ഡോളർ 91.68 രൂപ വരെ താഴ്‌ന്നിട്ടുണ്ട്. ചൈനീസ് യുവാൻ ഇന്നലെ 13.26 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ താഴുന്നു


യുഎസ്- ഇറാൻ യുദ്ധഭീതി കുറഞ്ഞത് ക്രൂഡ് ഓയിലിനെ താഴ്ത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബാരലിന് 69.32 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 65.21 ഉം യുഎഇയുടെ മർബൻ 67.28 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 11 ശതമാനം കയറി 4.354 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ കുത്തനേ താഴ്‌ന്നു. കെവിൻ വാർഷിനെപ്പറ്റിയുള്ള ആശങ്കകൾ ആണു കാരണം.  ബിറ്റ്കോയിൻ ഇടിഞ്ഞ് 78,000 ഡോളറിനു താഴെ എത്തി. ഈഥർ 2500 ഡോളറിനും സൊലാന 105 ഡോളറിനും താഴെയായി.

 വിപണിസൂചനകൾ

(2026 ജനുവരി 30, വെള്ളി)

സെൻസെക്സ് 82,269.78   -0.36%  

നിഫ്റ്റി50     25,320.65     -0.39%

ബാങ്ക് നിഫ്റ്റി     59,610.45    -0.58%

മിഡ്ക്യാപ്100    58,432.00    -0.19%

സ്മോൾക്യാപ്100 16,879.10  +0.32%

ഡൗ ജോൺസ്   48,892.47    -0.36%

എസ് ആൻഡ് പി   6939.03     -0.43%

നാസ്ഡാക്    23,461.82     -0.94%

ഡോളർ      ₹91.98      +0.02

സ്വർണം(ഔൺസ്) $4891.40  -$521.00

സ്വർണം (പവൻ)  ₹1,24,080   -₹6280                 

ശനി     ₹1,17,760   -₹6320

ക്രൂഡ്ഓയിൽബ്രെൻ്റ് $ 69.32   -$1.54

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com