

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് നയങ്ങള്‍ അവസാനം ക്രിപ്‌റ്റോകറന്‍സികളെയും വെട്ടിലാക്കി. ഇന്ന് വിവിധ ക്രിപ്‌റ്റോകറന്‍സികളെല്ലാം വലിയ വില്‍പ്പന സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 745 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് വിപണിയില്‍ ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും വലിയ നഷ്ടമാണിതെന്ന് കോയിന്‍ഗ്ലാസിന്റെ കണക്കുകള്‍ കാണിക്കുന്നു.
പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരാണ്. ഇത് വിപണികളില്‍ ഉടനീളം ബാധിക്കുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഇന്ന് സംഗപ്പൂര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ 7 ശതമാനം ഇടിഞ്ഞ് 77,077 ഡോളറിലെത്തി.
രണ്ടാമത്തെ വലിയ ക്രിപ്‌റ്റോയായ എതേറിയം 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇന്‍ട്രാ-ഡേ നിലയായ 1,538 ഡോളറിലേക്ക് താഴ്ന്നു. വ്യാപാരം പുരോഗമിക്കുന്നതിനിടയില്‍ ഇരു ക്രിപ്‌റ്റോകളും ചെറിയ നേട്ടത്തിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്.
ആഗോള ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂല്യം കഴിഞ്ഞ 24 മണിക്കൂറിനിടെ 6.9 ശതമാനം ഇടിഞ്ഞ് 2.5 ലക്ഷം കോടിയിലെത്തി.
മറ്റ് ക്രിപ്‌റ്റോകറന്‍സികളായ സൊലാന 11.44 ശതാനവും ബിനാന്‍സ് കൊയിന്‍ 6 ശതമാനവും ഇടിവിലാണ്. അതേസമയം, റിപ്പിള്‍ 12 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine