Begin typing your search above and press return to search.
ഗോ ഫസ്റ്റ് ഓഹരി വിപണിയിലേക്ക്, ഐപിഒ ജുലൈയിലുണ്ടായേക്കും?
ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ ഫസ്റ്റും (Go First) ഓഹരി വിപണിയിലേക്ക് എത്തുന്നു. ജുലൈ മാസത്തോടെ ഗോ ഫസ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് വ്യോമയാന വ്യവസായ രംഗം തിരിച്ചുവന്നതിന്റെ പശ്ചാത്തലത്തിലാണ് എയര്‍ലൈന്‍ ഐപിഒ നടത്താനൊരുങ്ങുന്നത്. ഏകദേശം 36 ബില്യണ്‍ രൂപയാണ് ഗോ ഫസ്റ്റ് വിപണിയില്‍ അരങ്ങേറ്റം കുറിച്ച് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കോവിഡിന് മുമ്പ് ഏറ്റവും വേഗത്തില്‍ വളര്‍ന്നിരുന്ന വ്യോമയാന വിപണിയായിരുന്നു ഇന്ത്യ. നിലവില്‍ വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ, ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 415,000 ആഭ്യന്തര യാത്രക്കാരുമായി കോവിഡിന് മുമ്പുള്ള നിലയിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വായ്പ തിരിച്ചടവിനായിരിക്കും ഗോ ഫസ്റ്റ് വിനിയോഗിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വായ്പയായും കുടിശ്ശികയായും വലിയ ബാധ്യതയാണ് ഗോ ഫസ്റ്റിനുള്ളത്. അതിന്റെ കരട് പ്രിലിമിനറി പ്രോസ്‌പെക്ടസ് പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഏകദേശം 81.6 ബില്യണ്‍ രൂപയാണ് ഗോ ഫസ്റ്റിന്റെ കടബാധ്യത.
വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഗോ ഫസ്റ്റിന് പദ്ധതിയുണ്ട്. ഓഗസ്റ്റ് മുതല്‍ 10 പുതിയ എയര്‍ബസ് SE A320neo വിമാന സര്‍വീസ് കൂടി ഗോ ഫസ്റ്റ് ആരംഭിക്കും. പുതുതായി വിമാനങ്ങള്‍ വാങ്ങാനും കമ്പനി ലക്ഷ്യമിടുന്നു. അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളില്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വിയറ്റ്‌നാം, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യയിലെ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ചേര്‍ക്കാനും ഗോ ഫസ്റ്റ് പുതിയ വിമാനങ്ങള്‍ ഉപയോഗിക്കും.
Next Story
Videos