

യുദ്ധവും ആഗോള രാഷ്ട്രീയ സംഘര്‍ഷവും ഉണ്ടായാല്‍ സാധാരണ ഗതിയില്‍ ആദ്യം കുതിക്കുന്ന ലോഹം സ്വര്‍ണമാണ്. പക്ഷേ അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിപണിയില്‍ കണ്ടത് അതിന്റെ വിരുദ്ധമായ ഒരു ട്രെന്‍ഡാണ്. സ്വര്‍ണവും വെള്ളിയും ഇടിയുമ്പോള്‍ നിക്ഷേപകരെ അമ്പരപ്പിച്ച് കുതിച്ചത് അലുമിനിയം.
ആഗോള വിപണിയില്‍ അലുമിനിയം വില നാല് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ്. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ (LME) അലുമിനിയം ഒരു ടണ്ണിന് 3,544 ഡോളര്‍ വരെ ഉയര്‍ന്ന് 2022 മാര്‍ച്ചിന് ശേഷം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.
ചൈനയിലെ ഷാങ്ഹായ് ഫ്യൂച്ചേഴ്സ് എക്‌സ്‌ചേഞ്ചിലും അലുമിനിയം വില ശക്തമായി ഉയര്‍ന്നു. ഏറ്റവും സജീവമായ കോണ്‍ട്രാക്ട് 3.29 ശതമാനം ഉയര്‍ന്ന് ടണ്ണിന് 25,310 യുവാന്‍ വരെ എത്തിയപ്പോള്‍ ഇന്‍ട്രാഡേയില്‍ 25,860 യുവാന്‍ വരെ വില തൊട്ടു. ഇന്ത്യന്‍ വിപണിയിലും അതേ ട്രെന്‍ഡാണ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) അലുമിനിയം വില ഏകദേശം 3 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 350.90 രൂപ വരെ എത്തി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള വിതരണ ശൃംഖലകളെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാന കാരണം. അലുമിനിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ അലുമിനയുടെ വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭയം വിപണിയില്‍ ശക്തമായി. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അലുമിനിയം സ്‌മെല്‍ട്ടറുകളില്‍ നിന്നുള്ള കയറ്റുമതി മന്ദഗതിയിലാകുമെന്ന ആശങ്കയും വിലയെ ഉയര്‍ത്തുകയാണ്.
ഏറ്റവും വലിയ ആശങ്ക ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ചുള്ളതാണ്. ലോകത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. ഈ പാതയിലൂടെ കപ്പല്‍ ഗതാഗതം തടസപ്പെട്ടാല്‍ അലുമിനിയം ഉള്‍പ്പെടെയുള്ള വ്യാവസായിക ലോഹങ്ങളുടെ വിതരണ ശൃംഖല വലിയ സമ്മര്‍ദ്ദത്തിലാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചില അന്താരാഷ്ട്ര കമ്മോഡിറ്റി വിദഗ്ധര്‍ അലുമിനിയം വില ഇനിയും കുതിക്കാമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ആഗോള ബാങ്കായ ഐഎന്‍ജിയിലെ കമ്മോഡിറ്റി തന്ത്രജ്ഞയായ ഇവാ മാന്തേയുടെ വിലയിരുത്തല്‍ പ്രകാരം വിതരണ തടസ്സം തുടരുകയാണെങ്കില്‍ ഒരു ടണ്ണിന് 4,000 ഡോളര്‍ വരെ അലുമിനിയം വില ഉയരാന്‍ സാധ്യതയുണ്ട്.
യുദ്ധകാലത്ത് സാധാരണയായി സുരക്ഷിത നിക്ഷേപ ആസ്തികളായി കണക്കാക്കുന്ന സ്വര്‍ണവും വെള്ളിയും താഴേക്ക് നീങ്ങിയിരിക്കുകയാണ്. ചില വിപണികളില്‍ വില 3.5 ശതമാനം വരെ കുറഞ്ഞു. അതിന് പ്രധാന കാരണം ശക്തമായ ഡോളറും ഉയര്‍ന്ന പലിശനിരക്കുകളും ആണെന്നാണ് വിലയിരുത്തല്‍. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണവില ഉയര്‍ന്നതായി തോന്നുന്നതിനാല്‍ ആവശ്യകത കുറയാം. അതേസമയം പലിശനിരക്ക് ഉയര്‍ന്നാല്‍ പലിശ ലഭിക്കാത്ത സ്വര്‍ണം പോലുള്ള ആസ്തികളില്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷണം കുറയുകയും ചെയ്യും.
അമേരിക്ക-ഇറാന്‍ സംഘര്‍ഷം ആഗോള കമോഡിറ്റി വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണവില ഉയരുന്നതും വിതരണ ശൃംഖലകളിലെ തടസവും വിവിധ ലോഹങ്ങളുടെ വിലയെ വ്യത്യസ്ത രീതിയില്‍ ബാധിക്കുകയാണ്. അത് കൊണ്ടുതന്നെ ഈ പ്രതിസന്ധിയില്‍ സ്വര്‍ണത്തിന് പകരം വ്യാവസായിക ലോഹങ്ങളായ അലുമിനിയമാണ് നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയ കമ്പനികള്‍ക്ക് നല്ല കാലം.
Read DhanamOnline in English
Subscribe to Dhanam Magazine