Begin typing your search above and press return to search.
മിന്നിത്തിളങ്ങി സ്വര്‍ണം, നിറം മങ്ങി ഓഹരി വിപണി
അന്താരാഷ്ട്ര വിപണിയില്‍ വില ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെ, 2022 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അസറ്റ് ക്ലാസിലേക്ക് 'സ്ഥാനക്കയറ്റം' നേടി സ്വര്‍ണം. കഴിഞ്ഞവര്‍ഷം, റിസ്‌ക് അസറ്റ് വിഭാഗത്തിലായിരുന്ന സ്വര്‍ണത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയരുകയാണ്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണം 1,900 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടത്തിയത്. കൂടാതെ, ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന നിലയായ 1,918 ഡോളറും തൊട്ടു. ജനുവരി അവസാനത്തിലെ 1,796 ഡോളര്‍ എന്ന നിരക്കില്‍ നിന്നാണ് സ്വര്‍ണ വില ഇത്രത്തോളം ഉയര്‍ന്നത്.
അതേസമയം, ഇന്ത്യന്‍ ഓഹരി വിപണിയിലെ മുഖ്യ സൂചികകളിലൊന്നായ സെന്‍സെക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില ഈ വര്‍ഷം മികച്ചനേട്ടമാണ് സമ്മാനിച്ചത്. 2022 ല്‍ സെന്‍സെക്‌സ് 2.8 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നത് നാല് ശതമാനത്തോളമാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണികളായ യുകെയുടെ FTSE100, ജര്‍മ്മനിയുടെ DAX, ജപ്പാനിലെ Nikkei 225, ചൈനയുടെ SSE Composite തുടങ്ങിയവ ഇടിവിലേക്ക് വീണപ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നത്.
സാധാരണയായി, ആഗോള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉടലെടുക്കുമ്പോള്‍ മറ്റ് വിപണികള്‍ ഇടിവിലേക്ക് നീങ്ങുമെങ്കിലും അന്താരാഷ്ട്ര സ്വര്‍ണ വിപണിയെ ഇത് ബാധിക്കാറില്ല. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ലോകവിപണികള്‍ തകര്‍ച്ചയിലേത്ത് വീണപ്പോള്‍ സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെച്ച അസറ്റായി മാറി.
Next Story
Videos