

സ്വര്‍ണ വിലയിലെ കുതിപ്പ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് (Gold ETFs) നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഗോള്‍ഡ് ഇടിഎഫുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ആദ്യമായി ഒരു ലക്ഷം കോടി കടന്നിരിക്കുകയാണ്.
കഴിഞ്ഞ ആറു മാസമായി തുടര്‍ച്ചയായി ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കുന്നുണ്ട്. ഒക്ടോബറില്‍ മാത്രം 7,743 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് എത്തിയതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (Association of Mutual Funds in India/AMFI) കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറിലായിരുന്നു റെക്കോഡ് വളര്‍ച്ച കാഴ്ചവച്ചത്. 8,363 കോടി രൂപയുടെ നിക്ഷേപമാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ഇതുവരെ 60 ശതമാനത്തിലധികമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇത് മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടി. ഇതിനിടെ സെബി ഡിജിറ്റല്‍ ഗോള്‍ഡിലെ നിക്ഷേപത്തെ കുറിച്ച് ജാഗ്രതപുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയത് കൂടുതല്‍ പേരെ ഗോള്‍ഡ് ഇടിഎഫിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. നേരത്തെ ഗോള്‍ഡ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലേക്കും ആളുകള്‍ നിക്ഷേപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഈ പദ്ധതി അവസാനിപ്പിക്കുന്നതു മൂലം കൂടുതല്‍ പേരും ഗോള്‍ഡ് ഇടിഎഫുകളെ ആശ്രയിച്ചു തുടങ്ങി.
മ്യൂച്വല്‍ഫണ്ടുകള്‍ നല്‍കുന്ന ഒരു നിക്ഷേപ ഉപകരണമാണ് ഇടിഎഫുകള്‍. ഓഹരികളില്‍ നിക്ഷേപിക്കുന്നതുപോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഇവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വ്യാപാരം നടത്താനാകും. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഗോള്‍ഡ് ഇടിഎഫുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്വര്‍ണം ഭൗതിക രൂപത്തില്‍ വാങ്ങാതെ തന്നെ ഇതു വഴി നിക്ഷേപിക്കാന്‍ സാധിക്കും. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്.
* രാജ്യത്ത് വിവിധ ഫണ്ടുഹൗസുകളുടേതായി 22 ഗോള്‍ഡ് ഇടിഎഫുകള്‍ നിലവിലുണ്ട്. ഇവയെല്ലാം ചേര്‍ന്ന് നിലവില്‍ കൈകാര്യം ചെയ്യുന്നത് 1.02 ലക്ഷം കോടി രൂപയുടെ ആസ്തിയാണ്.
* സ്വര്‍ണ വിലയ്ക്ക് ആനുപാതികമായാണ് ഇവയുടെ മൂല്യം എന്നതിനാല്‍ നേട്ടത്തെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപിക്കാനാകും.
* എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് വ്യാപാരമെന്നതിനാല്‍ ഓഹരി വിപണിയിലൂടെ ഇവ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് മാത്രം.
* ഇ.ടി.എഫുകള്‍ വില്‍ക്കുമ്പോള്‍ ഇന്‍ഡെക്‌സേഷനില്ലാതെ 12.5 ശതമാനം മൂലധന നികുതി ബാധകമാണ്.
*ഭൗതിക രൂപത്തിലല്ലാത്തതിനാല്‍ ഇവ എവിടെ സൂക്ഷിക്കുമെന്നോ കളവു പോകുമോ എന്നുള്ള ആശങ്കയും വേണ്ട.
Read DhanamOnline in English
Subscribe to Dhanam Magazine