Begin typing your search above and press return to search.
ഗോള്‍ഡ് ഇ.ടിഎഫുകളുടെ ഒരു വര്‍ഷത്തെ നേട്ടം 29% വരെ, ഇപ്പോള്‍ നിക്ഷേപിക്കണോ?
മികച്ച നേട്ടം നല്‍കി നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍ അഥവാ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഗോള്‍ഡ് ഇ.ടി.എഫുകള്‍ ശരാശരി 29 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയതായാണ് ഐ.സി.ആര്‍.എ അനലറ്റിക്സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മൂന്നു വർഷ കാലാവധിയിൽ 16.93 ശതമാനവും അഞ്ചു വർഷ കാലയളവിൽ 13.59 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്.
എന്താണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍
99.5 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ട് സ്‌കീമുകളാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയുടെ നീക്കത്തിനനുസരിച്ചാണ് ഗോള്‍ഡ് ഇ.ടി.എഫുകളുടെയും പ്രകടനം. ഓഹരികളും മ്യൂച്വല്‍ഫണ്ടുകളും വാങ്ങുന്നതുപോലെ ഇതില്‍ നിക്ഷേപം നടത്താം. നിലവില്‍ 17 ഗോള്‍ഡ് ഇ.ടി.എഫുകളാണ് രാജ്യത്തുള്ളത്.
നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ബീസ്, എച്ച്.ഡി.എഫ്.സി ഗോള്‍ഡ് ഇ.ടി.എഫ്, എസ്.ബി.ഐ ഗോള്‍ഡ് ഇ.ടി.എഫ് എന്നിവയാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ മുന്നിലുള്ള ഇ.ടി.എഫുകള്‍.
എല്‍.ഐ.സി മ്യൂച്വല്‍ഫണ്ടാണ് നേട്ടത്തില്‍ മുന്നില്‍. ഒരു വര്‍ഷക്കാലയളവില്‍ 29.97 ശതമാനവും മൂന്ന് വര്‍ഷക്കാലയളവില്‍ 17.47 ശതമാനവും അഞ്ച് വര്‍ഷക്കാലയളവില്‍ 13.87 ശതമാനവും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
അനിശ്ചിതത്വ കാലങ്ങളിലെ നിക്ഷേപം
ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും ഉയര്‍ന്ന പണപ്പെരുപ്പവും ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിച്ചതാണ് ഇ.ടി.എഫുകളുടെ നേട്ടം ഉയരാന്‍ കാരണം.
ഈ വര്‍ഷം ഇതു വരെ സ്വര്‍ണ ഇ.ടി.എഫുകളിലേക്ക് നിക്ഷേപകര്‍ വൻതോതിൽ പണമൊഴുക്കി.. 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഗോള്‍ഡ് ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 2019 സെപ്റ്റംബറിലെ 5,613 കോടി രൂപയില്‍ നിന്ന് ഏഴ് മടങ്ങ് ഉയര്‍ന്ന് 39,824 കോടി രൂപയായെന്നാണ് ഐ.സി.ആര്‍.എ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
ആഗോള തലത്തിലും ഇതേ ട്രെന്‍ഡ് തുടരുകയാണ്. തുടര്‍ച്ചയായ അഞ്ചാമത്തെ മാസമാണ് ഗോള്‍ഡ് ഇ.ടി.എഫുകളുടെ മുന്നേറ്റം തുടരുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WCC) കണക്കനുസരിച്ച് 2024 സെപ്റ്റംബറില്‍ 27,100 കോടി ഡോളറിന്റെ ആസ്തിയുണ്ട് ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്ക്.
സൂക്ഷിക്കാന്‍ എളുപ്പം
വേഗത്തില്‍ പണമാക്കി മാറ്റാനുള്ള സൗകര്യം, സുതാര്യത, ഭൗതികമായി സ്വര്‍ണം വാങ്ങുന്നതിന്റെ റിസക് ഇല്ല തുടങ്ങിയ നിരവധി കാരണങ്ങളാണ് ഗോള്‍ഡ് ഇ.ടി.എഫുകളുടെ ആകർഷണം കൂട്ടുന്നത്. അനിശ്ചിതത്വത്തിന്റെ കാലത്തും പേടിക്കാതെ നിക്ഷേപം തുടരാം എന്നതും സ്വര്‍ണത്തെ ജനപ്രിയ നിക്ഷേപമാര്‍ഗമാക്കുന്നു.
ഭൗതിക സ്വര്‍ണത്തേക്കാള്‍ മെച്ചമോ?
ഭൗതിക രൂപത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ അതിന്റെ പരിശുദ്ധി, കളവ് പോകാനുള്ള സാധ്യത, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല കാര്യങ്ങളുമുണ്ട്. എന്നാല്‍ ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്ക് ഈ ബുദ്ധിമുട്ടുകളൊന്നുമില്ല. റിയൽ ടൈമായി സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയാണ് ഇതിന്റെ നിയന്ത്രണം എന്നതുകൊണ്ട് വാങ്ങാൻ കൂടുതല്‍ എളുപ്പമാകുന്നു.
മാത്രമല്ല സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്നതും ഗോള്‍ഡ് ഇ.ടി.എഫുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇടയാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണിതെന്നാണ് നിരീക്ഷകരും പറയുന്നത്. സ്വര്‍ണത്തിന്റെ താത്കാലിക വിലവ്യതിയാനങ്ങള്‍ മറികടക്കാന്‍ താഴ്ചയില്‍ വാങ്ങുക എന്ന തന്ത്രം പിന്തുടരുന്നത് വഴി സാധിക്കും.
Next Story
Videos